എലഫന്റ് റോക്ക് യു.പി സ്‌കൂള്‍ എന്ന ഡയലോഗ് എന്റെ കൈയില്‍ നിന്നിട്ടതാണ്: ബിജു മേനോന്‍
Entertainment
എലഫന്റ് റോക്ക് യു.പി സ്‌കൂള്‍ എന്ന ഡയലോഗ് എന്റെ കൈയില്‍ നിന്നിട്ടതാണ്: ബിജു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th May 2024, 10:24 pm

രാജേഷ് മോഹനന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാള്‍ട്ട് മാംഗോ ട്രീ. ബിജു മേനോന്‍ നായകനായ ചിത്രം മകന്റെ സ്‌കൂള്‍ അഡ്മിഷന് ശ്രമിക്കുന്ന മാതാപിതാക്കളുടെ കഥയാണ് പറഞ്ഞത്. ചിത്രത്തില്‍ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നാണ് ഇന്റര്‍വ്യൂ സീന്‍. ആ സീനിലെ എലഫന്റ് റോക്ക് യു.പി സ്‌കൂള്‍ എന്ന ഡയലോഗ് താന്‍ കൈയില്‍ നിന്ന് ഇട്ടതാണെന്ന് ബിജു മേനോന്‍.

പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ കുട്ടിക്കാലത്ത് വകയിലൊരു ബന്ധു ഇതുപോലെ പറഞ്ഞു കേട്ടതാണെന്നും ഷൂട്ടിന്റെ സമയത്ത് ഓര്‍മ വന്നതുകൊണ്ട് ആ സമയം കൈയില്‍ നിന്ന് ഇടുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എലഫന്റ് റോക്ക് യു.പി സ്‌കൂള്‍ എന്ന സാധനം ഞാന്‍ കൈയില്‍ നിന്നിട്ടതാ. ആനപ്പാറ എന്ന സ്ഥലം എനിക്ക് നന്നായിട്ട് അറിയാം. എന്റെ കുട്ടിക്കാലത്ത് വെക്കേഷന്‍ സമയത്ത് അങ്ങോട്ട് പോകുമായിരുന്നു. തറവാട് അവിടെയായിരുന്നു. ബന്ധത്തിലുള്ള എല്ലാവരും അവിടെ എത്തുമായിരുന്നു. എന്റെ വകയിലൊരു ചേട്ടന്‍ ആനപ്പാറ യു.പി സ്‌കൂളില്‍ പഠിച്ചയാളാണ്. ഞങ്ങളുടെ ബന്ധത്തിലുള്ള മറ്റൊരു ചേട്ടന്‍ വെക്കേഷന് തറവാട്ടില്‍ വന്നിരുന്നു.

അവന്‍ തൃശ്ശൂരിലെ വലിയൊരു ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. അത്രയും വലിയ സ്‌കൂളില്‍ പഠിക്കുന്നതിന്റെ എല്ലാ പ്രത്യേകതയും ഉണ്ടാിരുന്നു. ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാറുള്ളൂ. അങ്ങനെ ഒരു ദിവസ് ഈ ചേട്ടനോട് ഏത് സ്‌കൂളിലാ പഠിക്കുന്നത് എന്ന് ചോദിച്ചു.

ഇംഗ്ലീഷില്‍ ഒട്ടും പുറകിലല്ല എന്ന് കാണിക്കാന്‍ വേണ്ടി ചേട്ടന്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞു, ‘എലിഫന്റ് റോക്ക് യു.പി സ്‌കൂള്‍’ എന്ന്. ഇത് ഞാന്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ഞാന്‍ ഈ ഡയലോഗ് സിനിമയില്‍ ഉപയോഗിച്ചു,’ ബിജു മേനോന്‍ പറഞ്ഞു.

Content Highlight: Biju Menon about the comedy scene in Salt Mango Tree movie