| Sunday, 20th October 2024, 12:50 pm

ഒരേ ത്രെഡിൽ ഒരുമിച്ചിറങ്ങിയ ആ ചിത്രങ്ങൾ സൂപ്പർ ഹിറ്റായത് അവൻ കാരണമാണ്: ബിജു മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ലോകത്തോട് വിട പറഞ്ഞ സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം ആവുകയും സംസ്ഥാന – ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

തിരക്കഥാകൃത്ത് സേതുവിനൊപ്പം കരിയർ തുടങ്ങിയ സച്ചി അനാർക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയിരുന്നു.

അനാർക്കലിയിലും അയ്യപ്പനും കോശിയിലും പ്രധാന കഥാപാത്രമായി എത്തിയ നടനായിരുന്നു ബിജു മേനോൻ. ബിജുമേനോന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് അയ്യപ്പൻ നായരെ കണക്കാക്കുന്നത്.

സച്ചിയെ കുറിച്ച് പറയുകയാണ് ബിജു മേനോൻ. സച്ചി എല്ലാം തുറന്ന് പറയുന്ന ഒരു മനുഷ്യനായിരുന്നുവെന്നും സച്ചി പറയുന്ന കഥകൾ മറ്റൊരാൾക്കും എഴുതാൻ കഴിയില്ലെന്നും ബിജു മേനോൻ പറയുന്നു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവനായിരുന്നു മനുഷ്യൻ. ട്രൂ മാൻ എല്ലാം തുറന്നു പറയും. ചിലപ്പോൾ ദേഷ്യം തോന്നും. ചൂടാകും. പക്ഷേ, മനസിലൊന്നും വയ്ക്കാതെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. സച്ചി പറയുന്ന കഥകൾ വേറെ ഒരാൾക്ക് എഴുതാൻ പറ്റില്ല.

ഉദാഹരണത്തിന് ഡ്രൈവിങ് ലൈസൻസും അയ്യപ്പനും കോശിയും. ഒരു ഈഗോയുടെ ചെറിയ ത്രെഡിൽ നിന്ന് കോർത്തിണക്കി കൊണ്ടു പോകുന്ന സിനിമകളാണ് രണ്ടും. അടുപ്പിച്ച് റിലീസ് ആയിട്ടു പോലും ആവർത്തനവിരസത തോന്നാതിരുന്നത് സച്ചിയുടെ എഴുത്തിന്റെ ബ്രില്യൻസാണ്. സച്ചിയെ തീർച്ചയായും മിസ് ചെയ്യും,’ബിജു മേനോൻ പറയുന്നു.

Content Highlight: Biju Menon About Sachy And His Films

We use cookies to give you the best possible experience. Learn more