| Tuesday, 26th October 2021, 12:53 pm

എന്തുകൊണ്ട് ദൃശ്യം 2 വിലെ ആ കഥാപാത്രം ഒഴിവാക്കി; മനസുതുറന്ന് ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2 വില്‍ മുരളിഗോപി ചെയ്ത വേഷം ആദ്യം തേടിയെത്തിയത് നടന്‍ ബിജു മേനോനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ കഥാപാത്രമാകാന്‍ ബിജു മേനോന് സാധിച്ചില്ല.

പ്രതിഫലം കുറഞ്ഞുപോയതുകൊണ്ടാണ് ബിജു മേനോന്‍ വേഷം നിരസിച്ചതെന്ന തരത്തിലൊക്കെ പല പ്രചരണങ്ങളും ആ സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ക്കെല്ലാമുള്ള മറുപടി നല്‍കുകയാണ് ബിജു മേനോന്‍. കാന്‍ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദൃശ്യത്തിലെ ആ കഥാപാത്രം ചെയ്യാന്‍ പറ്റാതെ പോയതിനെ കുറിച്ച് ബിജു മേനോന്‍ സംസാരിക്കുന്നത്.

ആ സമയത്ത് മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് കാര്യമായ സംസാരം നടക്കുകയായിരുന്നെന്നും അതുകൊണ്ടാണ് ദൃശ്യം ചെയ്യാന്‍ പറ്റാതെ പോയതെന്നും ബിജു മേനോന്‍ പറയുന്നു.

പ്രതിഫലം കൂട്ടി ചോദിച്ചതുകൊണ്ടാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് തന്നെ അറിയുന്നവര്‍ക്ക് അത് മനസിലാകുമെന്നായിരുന്നു ബിജു മേനോന്‍ നല്‍കിയ മറുപടി.

‘ അങ്ങനെയുള്ള മാനദണ്ഡമൊന്നും നമുക്കില്ല. അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ തരും. അല്ലാതെ മറ്റൊന്നുമില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയും ശ്രദ്ധിക്കുകയും ചെയ്യുമ്പോഴാണ് അത് നമുക്ക് കിട്ടുന്ന അംഗീകാരമായി മാറുക. ആ രീതിയില്‍ ബ്രില്ല്യന്റ് ആയിട്ടുള്ള സിനിമയായിരുന്നു ദൃശ്യം 2. ഒരുപാട് പേര്‍ കണ്ട സിനിമയായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഭാഗമാകാമായിരുന്നു എന്ന് തോന്നിയിരുന്നു. അത്തരം കഥാപാത്രങ്ങളൊക്കെ ചെയ്യാന്‍ പറ്റാതെ പോകുന്നത് നഷ്ടം തന്നെയാണ്.

മനപൂര്‍വം നമ്മള്‍ സിനിമ മാറ്റിവെക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്തിട്ടില്ല. അതിന് ഒരു കാരണമുണ്ടാകും. ഒന്നുകില്‍ ആ കഥാപാത്രം ഞാന്‍ ചെയ്യുന്നതില്‍ അവര്‍ കോണ്‍ഫിഡന്‍സ് ആയിരിക്കും എന്നാല്‍ ഞാന്‍ ആയിരിക്കില്ല. അങ്ങനെ മാറിയിട്ടുള്ള സിനിമകളുണ്ട്. പിന്നെ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സ്ഥലം ഇതൊക്കെ ഒരു ഘടകമാണ്.

നാളെ എന്നെ വേറെ ഒരു വലിയ ഡയരക്ടര്‍ വേറെ ഒരു ലാംഗ്വേജിലേക്ക് വിളിക്കുമ്പോള്‍ എനിക്ക് അവിടെ പോകാന്‍ തോന്നുന്ന ഒരു ഘടകമുണ്ടാകണം. ഒരു ക്യാരക്ടര്‍ മാത്രമായി എന്നെ മോഹിപ്പിക്കില്ല. ഒരു കംഫര്‍ട്ട് സോണ്‍ എന്ന് പറയാം. പലപ്പോഴും ഞാന്‍ കംഫര്‍ട്ടിബിള്‍ ആവില്ല. തെലുങ്കിലൊക്കെ പോയ സമയത്ത് ആദ്യത്തെ രണ്ട് ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നാലോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു.

ഭാഷ കംഫര്‍ട്ടിബിള്‍ ആവുന്നുണ്ടായിരുന്നില്ല. പിന്നെ അവിടെ ഭയങ്കര ബഹുമാനവും ഒക്കെയാണ്. ഇവിടെ കാരവനൊക്കെ ഇപ്പോഴാണ് ഉള്ളത്. നാളുകള്‍ക്ക് മുന്‍പേ അവിടെ നമ്മള്‍ ചെല്ലുമ്പോഴേ കാരവനുണ്ടാകും. സീന്‍ ആവുമ്പോള്‍ മാത്രം അതില്‍ നിന്ന് ഇറങ്ങി വരുക. അത് കഴിഞ്ഞാല്‍ തിരിച്ച് കയറുക. നമുക്ക് മാത്രമായി ഒരു ലോഡ് ഭക്ഷണം കൊണ്ടുവെക്കുക. അതൊക്കെ ഒരു ശ്വാസംമുട്ടലാണ്. ഒട്ടും പറ്റാതെ വന്നപ്പോള്‍ തൃശൂരില്‍ നിന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ അവസരമൊക്കെ ഉണ്ടായിട്ടുണ്ട്, ബിജു മേനോന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Biju Menon About Movie Drishyam 2

We use cookies to give you the best possible experience. Learn more