| Tuesday, 31st December 2024, 10:48 am

അന്ന് ആ സിനിമ കാണാൻ പോയപ്പോൾ എനിക്ക് പൊലീസിന്റെ കയ്യിൽ നിന്ന് അടികിട്ടിയിട്ടുണ്ട്: ബിജു മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഹനടനായി കരിയർ തുടങ്ങി പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്ത നടനാണ് ബിജു മേനോൻ.

പിന്നീട് നായക നടനായി ഉയർന്ന ബിജു മേനോൻ ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. അയ്യപ്പനും കോശിയും, ആർക്കറിയാം തുടങ്ങിയ സിനിമകളെല്ലാം മികച്ച പ്രകടനം കണ്ട ബിജു മേനോൻ സിനിമകളാണ്.

ചെറുപ്പത്തിൽ ഒരു സിനിമ കാണാൻ തിയേറ്ററിൽ പോയ അനുഭവം പങ്കുവെക്കുകയാണ് ബിജുമേനോൻ. ഇരുമ്പഴികള്‍ എന്ന സിനിമ കാണാൻ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരനുമൊത്ത് പോയിരുന്നുവെന്നും അന്ന് സിനിമയ്ക്ക് നല്ല തിരയ്ക്കായിരുന്നുവെന്നും ബിജു മേനോൻ പറഞ്ഞു.

തന്റെ പിന്നില്‍ നിന്നയാള്‍ ചൂട് കാരണം ഷര്‍ട്ടിന്റെ ബട്ടന്‍ തുറന്നിട്ടിരുന്നുവെന്നും ഗേറ്റ് തുറന്ന സമയത്ത് ഓടിയപ്പോള്‍ അയാളുടെ മാല തന്റെ കൈയില്‍ കുരുങ്ങി പൊട്ടിപ്പോയെന്നും ബിജു മേനോന്‍ പറയുന്നു. മാല പൊട്ടിക്കാന്‍ നോക്കിയെന്ന് പറഞ്ഞാണ് പൊലീസ് തന്നെ തല്ലിയെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെറുപ്പത്തില്‍ മറക്കാനാകാത്ത സിനിമാനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഇരുമ്പഴികള്‍ എന്ന സിനിമ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആ സിനിമ റിലീസാകുന്നത്. ഞാനും എന്റെ കൂട്ടുകാരനും കൂടി ക്ലാസ് കട്ട് ചെയ്ത് ഇരുമ്പഴികള്‍ കാണാന്‍ പോയി. ഞങ്ങള്‍ ചെന്നപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ടായിരുന്നില്ല. കുറേ നേരം കാത്ത് നില്‍ക്കേണ്ടി വന്നു.

വലിയ തിരക്കുണ്ടായിരുന്നു ആ സിനിമക്ക്. പൊരിവെയിലത്ത് ഒരുമണിക്കൂറോളം കാത്ത് നിന്നു. ചൂട് കാരണം എന്റെ പിന്നില്‍ നിന്ന ഒരാള്‍ പുള്ളിയുടെ ഷര്‍ട്ടിന്റെ ബട്ടനെല്ലാം അഴിച്ചിട്ടാണ് നിന്നത്. അയാളുടെ കഴുത്തില്‍ വലിയൊരു മാലയുണ്ടായിരുന്നു. ഗേറ്റ് തുറന്നതും ടിക്കറ്റെടുക്കാന്‍ വേണ്ടി എല്ലാവരും ഓടി.

ഞാന്‍ ഓടുന്ന സമയത്ത് എന്റെ പിന്നില്‍ നിന്നയാളുടെ മാല എന്റെ കൈയില്‍ കുരുങ്ങി. കൈയെടുക്കാന്‍ നോക്കിയപ്പോള്‍ ആ മാല പൊട്ടിപ്പോയി. പൊലീസ് വന്നിട്ട് മാല പൊട്ടിക്കാന്‍ നോക്കിയെന്ന് പറഞ്ഞ് എന്നെ അടിച്ചു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നല്ല രസമുള്ള അനുഭവമാണത്,’ ബിജു മേനോന്‍ പറഞ്ഞു.

Content Highlight: Biju Menon About His Childhood Memory

We use cookies to give you the best possible experience. Learn more