|

അർഹതയുണ്ടായിട്ടും ആ ചിത്രത്തിന് അവാർഡ് കിട്ടാത്തതിൽ നഷ്ടബോധമുണ്ട്: ബിജു മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ലോകത്തോട് വിട പറഞ്ഞ സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ എസ്.ഐ അയ്യപ്പന്‍ നായരും കട്ടപ്പനയില്‍ നിന്ന് വന്ന റിട്ടയര്‍ഡ് ഹവില്‍ദാര്‍ കോശിയും തമ്മിലുള്ള ഈഗോയുടെ കഥപറഞ്ഞ അയ്യപ്പനും കോശിയും ആ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു. 2021ലെ ദേശീയ അവാര്‍ഡ് വേദിയില്‍ മികച്ച സംവിധായകനടക്കം നാല് ദേശീയ അവാര്‍ഡ് അയ്യപ്പനും കോശിയും സ്വന്തമാക്കി.

എന്നാല്‍ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സിനിമക്ക് ഒരൊറ്റ അവാര്‍ഡ് പോലും ലഭിച്ചിരുന്നില്ല. സംസ്ഥാന അവാർഡ് കിട്ടാത്തതിൽ തനിക്ക് നഷ്ടബോധമുണ്ടെന്നും ഒരുപാട്പേർക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുള്ള സിനിമയായിരുന്നു അയ്യപ്പനും കോശിയെന്നും ബിജു മേനോൻ പറയുന്നു. കരിയറിൽ ഒരുപാട് ഗുണം ചെയ്ത സിനിമയാണ് അതെന്നും ആ വർഷം കൊറോണ കാരണം അവാർഡ് പ്രഖ്യാപിക്കാൻ വൈകിയിരുന്നുവെന്നും ബിജു മേനോൻ പറയുന്നു.

‘എന്റെ കരിയറില്‍ ഒരുപാട് ഗുണം ചെയ്ത സിനിമയാണ് അയ്യപ്പനും കോശിയും. അതിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്.

സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കാത്തതിന്റെ കാരണം, ഡീറ്റെയിലായിട്ട് എനിക്കറിയില്ല. ഒരുപക്ഷേ, ആ വര്‍ഷം കൊറോണ കാരണം അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വൈകിയിരുന്നു. അപ്പോള്‍ ആ സമയത്ത് എന്‍ട്രിയുടെ കാര്യത്തില്‍ അവ്യക്തത ഉള്ളതായിരിക്കാം.

അല്ലെങ്കില്‍ അതിന്റെ പ്രൊഡ്യൂസര്‍ രഞ്ജിത് ആ സമയത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്നു. അങ്ങനെ ചെയര്‍മാനായിരിക്കുന്ന ആളുടെ സിനിമ അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയില്ല എന്നോ മറ്റോ നിയമം ഉണ്ടായിരുന്നെന്ന് തോന്നുന്നു.

അവാര്‍ഡ് കിട്ടാത്തതില്‍ നഷ്ടബോധമുണ്ട്. ഒരുപാട് പേര്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാധ്യത ഉള്ള സിനിമയായിരുന്നു അത്,’ ബിജു മേനോന്‍ പറഞ്ഞു.

Content Highlight: Biju Menon About Ayyappanum Koshiyum Movie Awards