| Sunday, 8th December 2024, 1:37 pm

'യേശു വെറും പാവമാ..യൂദാസ് ഭയങ്കര സാധനാ'; ഇപ്പോഴാണെങ്കില്‍ വലിയ പ്രശ്‌നമായേനെ: ബിജു കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. പച്ചക്കുതിരയിലൂടെ സിനിമാലോകത്ത് ചുവടുവെച്ച ബിജുക്കുട്ടന്‍ മമ്മൂട്ടി നായകനായ പോത്തന്‍വാവയിലൂടെ ശ്രദ്ധേയനായി. പിന്നാലെ റിലീസായ ഛോട്ടാ മുംബൈയിലെ കഥാപാത്രം കരിയറില്‍ ബ്രേക്ക് ത്രൂവായി മാറി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബിജുക്കുട്ടന് സാധിച്ചു.

ഒരിടവേളക്ക് ശേഷം ബിജു കുട്ടന്‍ അഭിനയിച്ച ചിത്രമായിരുന്നു അടി കപ്യാരെ കൂട്ടമണി. ചിത്രത്തിലെ ശാന്തപ്പന്‍ എന്ന കഥാപാത്രം വലിയ ഹിറ്റായിരുന്നു. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തില്‍ ഒരു സീനില്‍ ബിജു കുട്ടന്‍ ‘യേശു വെറും പാവമാ..യൂദാസ് ഭയങ്കര സാധനാ’ എന്ന പാരഡി ഗാനം പാടുന്നുണ്ട്. സിനിമയില്‍ ഒരുപാട് ചിരി പടര്‍ത്തിയ രംഗമായിരുന്നു അത്.

ഇപ്പോഴാണെങ്കില്‍ ആ പാട്ട് പാടിയാല്‍ വലിയ പ്രശ്നമാകും എന്ന് പറയുകയാണ് ബിജു കുട്ടന്‍. എന്നാല്‍ പാട്ടില്‍ ഉള്ള കാര്യം തന്നെയാണ് പറയുന്നതെന്നും കുറ്റമൊന്നും അല്ലല്ലോ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു കുട്ടന്‍.

‘ഇപ്പോഴാണെങ്കില്‍ ‘യേശു വെറും പാവമാ..യൂദാസ് ഭയങ്കര സാധനാ’ എന്ന പാട്ട് വലിയ പ്രശ്‌നമായേനെ. ടെറസിന്റെ മുകളില്‍ ഒരു പാട്ട് സീനുണ്ട്. അതിന് വേണ്ടി ലൈറ്റ് എല്ലാം ഇട്ട് കുറേ ദിവസം നമ്മള്‍ ഷൂട്ട് നടത്താനായിട്ട് പോകുമ്പോള്‍ മഴ പെയ്യും. അങ്ങനെ മൂന്ന് നാല് ദിവസമായിട്ടും ഒന്നും നടന്നില്ല. നടക്കാതെ വന്നപ്പോള്‍ ഇനി അതൊന്നും വേണ്ട, ആ പാട്ട് നമുക്ക് എടുക്കണ്ട എന്ന് സംവിധായകന്‍ പറഞ്ഞു.

എന്നാല്‍ ഞാന്‍ ഒരു പാട്ട് പാടട്ടെ എന്ന് ചോദിച്ച് ചുമ്മാ വിജയ് ബാബു ചേട്ടനും അജുവും ധ്യാനും ഇരിക്കുമ്പോള്‍ ഞാന്‍ പാടിയ പാട്ടാണ് അത്. ഇത് കൊള്ളാമല്ലോ എന്ന് പറഞ്ഞ് അവര്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. എന്നിട്ട് ബാക്കിയുള്ളവരെ കാണിച്ചു.

അപ്പോള്‍ വിജയ് ബാബു ചേട്ടന്‍ പറഞ്ഞു ‘സാധനം നല്ല രസമുണ്ട്, പക്ഷെ കുറച്ച് പ്രശ്‌നമാണ്. എന്തായാലും നമുക്ക് ഷൂട്ട് ചെയ്യാം. പക്ഷെ വെക്കണോ വേണ്ടയോ എന്ന് നമുക്ക് നോക്കിയിട്ട് തീരുമാനിക്കാം’ എന്ന്. അങ്ങനെ ഞാന്‍ അത് പാടി. പണ്ട് കരോളിന് ഞങ്ങള്‍ പാടിയിട്ടുള്ള പാട്ടാണ് അത്. പാട്ടില്‍ പറഞ്ഞതെല്ലാം ഉള്ള കാര്യമാണല്ലോ, അദ്ദേഹത്തെ കുറ്റം ഒന്നും പറയുകയല്ലലോ,’ ബിജു കുട്ടന്‍ പറയുന്നു.

അടി കപ്യാരെ കൂട്ടമണി

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ധ്യാനിനൊപ്പം അജു വര്‍ഗീസ്, നീരജ് മാധവ്, നമിത പ്രമോദ്, മുകേഷ്, ബിജു കുട്ടന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൊറര്‍ കോമഡി ഴോണറില്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അടി കപ്യാരേ കൂട്ടമണി. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്.

Content Highlight: Biju Kuttan Talks About Song From Adi Kapyare Koottamani Movie

Video Stories

We use cookies to give you the best possible experience. Learn more