| Tuesday, 3rd December 2024, 6:10 pm

ലാലേട്ടന്‍ തകര്‍ത്ത സിനിമ; എല്ലാവരും റീ റിലീസ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നത് ആ പടമാണ്: ബിജു കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവരും റീ റിലീസ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന കുറച്ച് സിനിമകളുണ്ടെന്നും അതില്‍ ഒന്നാമത് നില്‍ക്കുന്ന സിനിമയാണ് ഛോട്ടാ മുംബൈയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും പറയുകയാണ് നടന്‍ ബിജു കുട്ടന്‍. ആ സിനിമ റീ റിലീസ് ചെയ്ത് കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ബിജു പറയുന്നു.

ജനങ്ങള്‍ക്ക് ആ സിനിമ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് വീണ്ടും തിയേറ്ററില്‍ കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് ഛോട്ടാ മുംബൈ റീ റിലീസായി വന്നാല്‍ നന്നാകുമെന്ന് തോന്നുന്നെന്നും നടന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു കുട്ടന്‍.

‘എല്ലാവരും റീ റിലീസ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന കുറച്ച് സിനിമകളുണ്ട്. അതില്‍ ഒന്നാമത് നില്‍ക്കുന്ന സിനിമ ഛോട്ടാ മുംബൈ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ സിനിമ റീ റിലീസ് ചെയ്ത് കാണണം എന്നാണ് എന്റെ ആഗ്രഹം.

ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ അത് വീണ്ടും തിയേറ്ററില്‍ കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. അതുകൊണ്ടൊക്കെ തന്നെ ഛോട്ടാ മുംബൈ റീ റിലീസായി വന്നാല്‍ നന്നാകുമെന്ന് തോന്നുന്നു.

ലാലേട്ടന്‍ തകര്‍ത്ത ഒരു സിനിമയാണ് അത്. ഞാന്‍ ഒരു ലാലേട്ടന്‍ ഫാനാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ അദ്ദേഹത്തിന്റെ പടങ്ങളൊക്കെ ഞാന്‍ കാണാറുണ്ടായിരുന്നു. മമ്മൂക്കയുടെ പടങ്ങളും കാണും. പക്ഷെ എനിക്ക് കുറച്ച് കൂടെ ഇഷ്ടം ലാലേട്ടനോടായിരുന്നു,’ ബിജു കുട്ടന്‍ പറഞ്ഞു.

ബിജു കുട്ടന്‍:

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. 2006ല്‍ പുറത്തിറങ്ങിയ പച്ചക്കുതിരയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായ പോത്തന്‍വാവയിലൂടെയാണ് ബിജു കുട്ടന്‍ ശ്രദ്ധേയനായത്. തൊട്ടടുത്ത വര്‍ഷം റിലീസായ ഛോട്ടാ മുംബൈയിലെ സുശീലന്‍ എന്ന കഥാപാത്രമാണ് നടന്റെ കരിയറില്‍ ബ്രേക്ക് ത്രൂവായി മാറുന്നത്.

ഛോട്ടാ മുംബൈ:

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമയായിരുന്നു.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. മോഹന്‍ലാലിന് പുറമെ സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി വലിയ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.


Content Highlight: Biju Kuttan Talks About Re Release Of Mohanlal’s Chotta Mumbai

We use cookies to give you the best possible experience. Learn more