മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബിജുക്കുട്ടന്‍. മിമിക്രിയിലൂടെയാണ് അദ്ദേഹ സിനിമയില്‍ എത്തിയത്. 2006ല്‍ പുറത്തിറങ്ങിയ പച്ചക്കുതിരയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ മമ്മൂട്ടി ചിത്രമായ പോത്തന്‍വാവയിലൂടെയാണ് ബിജു കുട്ടന്‍ ശ്രദ്ധേയനായത്.
തൊട്ടടുത്ത വര്‍ഷം റിലീസായ മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയിലെ ‘സുശീലന്‍’ എന്ന കഥാപാത്രമാണ് നടന്റെ കരിയറില്‍ ബ്രേക്ക് ത്രൂവായി മാറുന്നത്. ആ സിനിമയില്‍ സിദ്ദീഖിന്റെ കയ്യില്‍ നിന്നും മദ്യക്കുപ്പി നിലത്ത് വീണ് പൊട്ടുന്ന സീനിലെ ബിജു കുട്ടന്റെ എക്‌സ്പ്രഷന്‍ ഇന്നും മീമായും മറ്റും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ആ റിയാക്ഷന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് ബിജു കുട്ടന്‍. അന്ന് തന്നോട് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടെന്നായിരുന്നു പറഞ്ഞതെന്നാണ് നടന്‍ പറയുന്നത്. താന്‍ ഞായറാഴ്ച വാങ്ങിയ കുപ്പി കയ്യില്‍ നിന്ന് പൊട്ടിപോയെന്ന് മനസില്‍ വിചാരിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
‘ആ റിയാക്ഷന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്നോട് പറഞ്ഞത് നീ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട എന്നായിരുന്നു. നീ ഞായറാഴ്ച വാങ്ങിയ കുപ്പി കയ്യില്‍ നിന്ന് പൊട്ടിപോയെന്ന് മനസില്‍ വിചാരിച്ചാല്‍ മതിയെന്ന് പറഞ്ഞു.
അതിന്റെ ദേഷ്യവും വിഷമവും കാണിച്ചാല്‍ മതിയെന്നും പറഞ്ഞു. വേറെ കുപ്പി വാങ്ങാന്‍ കയ്യില്‍ പൈസയൊന്നുമില്ല (ചിരി). ആ കുപ്പി പൊട്ടിയാല്‍ നീ എന്ത് ചെയ്യുമെന്ന് ചോദിച്ചു. ചുരുക്കത്തില്‍ നമ്മള്‍ ആ സീനില്‍ അഭിനയിച്ചതല്ല,’ ബിജു കുട്ടന്‍ പറഞ്ഞു.
Content Highlight: Biju Kuttan Talks About Chotta Mumbai Scene’s Reaction