നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി എത്തിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മിച്ചത്.
ഹൊറര്‍ കോമഡി ഴോണറില്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അടി കപ്യാരേ കൂട്ടമണി. മുകേഷ്, നമിത പ്രമോദ്, നീരജ് മാധവ്, അജു വര്‍ഗീസ് തുടങ്ങിയ നീണ്ട താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.
ഇവര്‍ക്ക് പുറമെ നടന്‍ ബിജു കുട്ടനും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശാന്തപ്പന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ബിജു അടി കപ്യാരേ കൂട്ടമണിയില്‍ എത്തിയത്. ചിത്രത്തിലെ തന്റെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് ബിജു കുട്ടന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ പ്രത്യേകം എടുത്ത് പറയുന്ന ചില സീനുകള്‍ ഉണ്ടാകുമല്ലോ. അതില്‍ ഒന്നായിരുന്നു മുറിയുടെ പുറത്ത് വാതിലിന് അടുത്ത് നിന്ന് ഗംഗേയെന്ന് വിളിക്കുന്ന ആ സീന്‍. നാഗവല്ലിയുടെ ഒരു സീന്‍ ഉണ്ടെന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു.
നമ്മള്‍ തമാശ സ്‌ക്കിറ്റുകളിലും മറ്റും ഒരുപാട് ചെയ്തിട്ടുള്ള ഒരു സീനായിരുന്നു അത്. വലിയ അവാര്‍ഡ് ഷോകളില്‍ പോലും സ്‌ക്കിറ്റായി ആ സീന്‍ ചെയ്തിരുന്നു. അതിന്റെ കുറേ കോമഡിയും ഇറങ്ങിയിരുന്നു. പിന്നെ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ആ സീന്‍ എന്തായാലും വേണമെന്ന് സംവിധായകന്‍ പറഞ്ഞു.
ആ സമയത്ത് ഡയലോഗ് എഴുതി വെച്ചിട്ടില്ലായിരുന്നു. ഇങ്ങനെയൊരു സീക്വന്‍സുണ്ടാകണമെന്ന് തീരുമാനിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. തമിഴ് ഡയലോഗ് ആദ്യം എഴുതി. എന്നിട്ട് മുറിയുടെ ഉള്ളില്‍ നിന്ന് പറയുന്ന ഡയലോഗ് അതായത് നമിതയുടെ ഡയലോഗ് അവര് പറഞ്ഞു. അതിന് മറുപടിയായി ഞാന്‍ ഇവിടുന്ന് ഡയലോഗ് പറയും.
ആ സീന്‍ കുളമാകാന്‍ പാടില്ലായിരുന്നുവെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അങ്ങനെയൊരു സീന്‍ വേണോയെന്ന് ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ സിനിമ വന്നപ്പോള്‍ അത് വലിയ സക്സസായി. നമ്മള്‍ വിചാരിച്ചത് പോലെയേ ആയിരുന്നില്ല,’ ബിജു കുട്ടന്‍ പറഞ്ഞു.
Content Highlight: Biju Kuttan Talks About Adi Kapyare Koottamani