| Tuesday, 3rd December 2024, 9:20 am

മമ്മൂട്ടിയല്ലേ നിന്നെ രക്ഷിച്ചതെന്ന് അച്ഛന്‍ എന്നോട് ചോദിച്ചു, എനിക്ക് അത് കേട്ട് കരച്ചില്‍ വന്നു: ബിജുക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. പച്ചക്കുതിരയിലൂടെ സിനിമാലോകത്ത് ചുവടുവെച്ച ബിജുക്കുട്ടന്‍ മമ്മൂട്ടി നായകനായ പോത്തന്‍വാവയിലൂടെ ശ്രദ്ധേയനായി. പിന്നാലെ റിലീസായ ചോട്ടാ മുംബൈയിലെ കഥാപാത്രം കരിയറില്‍ ബ്രേക്ക് ത്രൂവായി മാറി.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബിജുക്കുട്ടന് സാധിച്ചു.

ചെറുപ്പം മുതല്‍ താന്‍ മോഹന്‍ലാല്‍ ഫാനായിരുന്നെന്ന് പറയുകയാണ് ബിജുക്കുട്ടന്‍. തന്റെ അച്ഛന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനായിരുന്നെന്നും താന്‍ ഇതിന്റെ പേരില്‍ അച്ഛനെ പലപ്പോഴും തമാശക്ക് വേണ്ടി കളിയാക്കുമായിരുന്നെന്ന് ബിജുക്കുട്ടന്‍ പറഞ്ഞു. മമ്മൂട്ടിക്ക് ഡാന്‍സ് അറിയില്ല, അദ്ദേഹത്തിന്റെ സിനിമ പോര എന്നൊക്കെ പറഞ്ഞ് അച്ഛനെ മൂപ്പിക്കുമായിരുന്നെന്നും ആ സമയത്താണ് തനിക്ക് പോത്തന്‍വാവയില്‍ അവസരം കിട്ടിയതെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമ റിലീസായ സമയത്ത് താന്‍ ദുബായിലായിരുന്നെന്നും നാട്ടിലെത്തിയ ശേഷം കുടുംബത്തോടൊപ്പമാണ് ആ ചിത്രം കണ്ടതെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം സിനിമ എങ്ങനെയുണ്ടെന്ന് അച്ഛനോട് ചോദിച്ചെന്നും മമ്മൂട്ടിയുള്ളതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് അച്ഛന്‍ തന്നോട് പറഞ്ഞെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് അത് കേട്ട് കരച്ചില്‍ വന്നെന്നും അന്ന് താന്‍ തമാശക്കാണ് പറഞ്ഞതെന്ന് അച്ഛനോട് പറഞ്ഞെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. അച്ഛന്‍ അത് സമ്മതിച്ച് തന്നില്ലെന്നും ഇന്നും മറക്കാനാകാത്ത അനുഭവമാണ് അതെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജുക്കുട്ടന്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ അച്ഛന്‍ വലിയൊരു മമ്മൂക്ക ഫാനാണ്. ചെറുപ്പത്തില്‍ ഞാന്‍ പുള്ളിയെ തമാശക്ക് കളിയാക്കുമായിരുന്നു. ഞാനാണെങ്കില്‍ മോഹന്‍ലാല്‍ ഫാനായിരുന്നു. അച്ഛന്‍ മദ്യപിച്ച് വന്ന് ഇരിക്കുമ്പോള്‍ ഞാന്‍ ചുമ്മാ മമ്മൂക്കയെ കളിയാക്കും. മമ്മൂക്കക്ക് ഡാന്‍സ് ഒന്നും അറിയില്ലല്ലോ എന്ന് പറയുമായിരുന്നു. പുള്ളിക്ക് അത് കേട്ട് ദേഷ്യം വരും. അതൊക്കെ അച്ഛനെ മൂപ്പിക്കാന്‍ വേണ്ടിയായിരുന്നു ചെയ്തത്. അങ്ങനെയിരിക്കുമ്പോഴാണ് പോത്തന്‍വാവയില്‍ എനിക്ക് ചാന്‍സ് കിട്ടിയത്.

ആ പടം റിലീസായ സമയത്ത് ഞാന്‍ ദുബായിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഫാമിലിയെയും കൂട്ടി പടം കാണാന്‍ പോയി. പടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അച്ഛനോട് സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ‘അവസാനം എന്റെ മമ്മൂട്ടി വേണ്ടിവന്നല്ലോ നിന്നെ രക്ഷിക്കാന്‍’ എന്ന് അച്ഛന്‍ പറഞ്ഞു. പണ്ട് തമാശക്ക് പറഞ്ഞതൊക്കെ പുള്ളി സീരിയസായി എടുത്തു. എനിക്ക് അത് കേട്ട് കരച്ചില്‍ വന്നു. അത് ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് അച്ഛനോട് പറഞ്ഞിട്ടും പുള്ളി വിശ്വസിച്ചില്ല. അത് മറക്കാന്‍ പറ്റാത്ത അനുഭവമാണ്,’ ബിജുക്കുട്ടന്‍ പറയുന്നു.

Content Highlight: Biju Kuttan shares the comment of his father after watching Pothan Vava movie

Latest Stories

We use cookies to give you the best possible experience. Learn more