| Thursday, 5th December 2024, 7:27 pm

ആ സംവിധായകന് എന്നെ ഇഷ്ടമാകുമോ എന്നറിയില്ലെന്ന് മമ്മൂക്ക പറഞ്ഞിരുന്നു: ബിജുക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. പച്ചക്കുതിരയിലൂടെ സിനിമാലോകത്ത് ചുവടുവെച്ച ബിജുക്കുട്ടന്‍ മമ്മൂട്ടി നായകനായ പോത്തന്‍വാവയിലൂടെ ശ്രദ്ധേയനായി. പിന്നാലെ റിലീസായ ചോട്ടാ മുംബൈയിലെ കഥാപാത്രം കരിയറില്‍ ബ്രേക്ക് ത്രൂവായി മാറി.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബിജുക്കുട്ടന് സാധിച്ചു.

പോത്തന്‍വാവയിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. സിനിമയിലെത്തുന്നതിന് മുമ്പ് ഫൈവ് സ്റ്റാര്‍ തട്ടുകട എന്ന പരിപാടി തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടായിരുന്നെന്ന് ബിജുക്കുട്ടന്‍ പറഞ്ഞു. ആ പരിപാടി പല സിനിമാക്കാരും കാണുമായിരുന്നെന്നും പോത്തന്‍വാവയിലേക്ക് താന്‍ എത്താന്‍ കാരണം അതാണെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി വഴി ബെന്നി പി. നായരമ്പലം തന്നെ ആ സിനിമയിലേക്ക് വിളിക്കുകയായിരുന്നെന്ന് ബിജുക്കുട്ടന്‍ പറഞ്ഞു. മമ്മൂട്ടിക്കും മറ്റുള്ളവര്‍ക്കും തന്നെ ഇഷ്ടമായെന്നും ജോഷിക്ക് ഇഷ്ടപ്പെടുമോ എന്ന കാര്യത്തില്‍ സംശയമാണെന്ന് പറഞ്ഞെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. ജോഷി തന്നെ വീട്ടിലേക്ക് വിളിപ്പിച്ച് സംസാരിച്ചെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.

ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ വലിയ ടെന്‍ഷനായിരുന്നെന്നും എന്നാല്‍ അദ്ദേഹം കൂളായി തന്നോട് സംസാരിച്ചെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം കഴിഞ്ഞ് ആന്റോ ജോസഫ് തന്നെ വിളിച്ച് ജോഷിക്ക് തന്നെ ഇഷ്ടമായെന്ന് പറഞ്ഞെന്നും അങ്ങനെയാണ് താന്‍ പോത്തന്‍ വാവയിലേക്ക് എത്തിയതെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബിജുക്കുട്ടന്‍.

‘സിനിമയിലേക്ക് ഞാന്‍ വരാന്‍ കാരണം ഫൈവ് സ്റ്റാര്‍ തട്ടുകടയാണ്. അത് അന്നത്തെ കാലത്ത് ഒരുപാട് റേറ്റിങ് കിട്ടിയ പരിപാടിയായിരുന്നു. എനിക്ക് ആ പ്രോഗാരം ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. സിനിമാക്കാര്‍ പലരും ആ പരിപാടി മുടങ്ങാതെ കാണുമായിരുന്നു. അങ്ങനെയാണ് പോത്തന്‍വാവയിലേക്ക് എത്തുന്നത്. മമ്മൂക്ക ആ പരിപാടി സ്ഥിരമായി കാണാറുണ്ടായിരുന്നു. പുള്ളിയും ബെന്നിച്ചേട്ടനും കൂടിയാണ് ആ പടത്തിലേക്ക് എന്നെ വിളിച്ചത്.

മമ്മൂക്ക എന്നോട് പറഞ്ഞത് ‘നിന്നെ ഞങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ ജോഷി സാറിന് ഇഷ്ടമാകുമോ എന്നറിയില്ല. അദ്ദേഹത്തിന് ഇഷ്ടമായാലേ കാര്യമുള്ളൂ’ എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ജോഷി സാര്‍ എന്നോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ആദ്യമായി പുള്ളിയെ കണ്ടപ്പോള്‍ എനിക്ക് നല്ല ടെന്‍ഷനായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആന്റോ ചേട്ടന്‍ എന്നെ വിളിച്ചിട്ട് ജോഷി സാറിന് ഇഷ്ടമായി എന്ന് പറഞ്ഞു. അങ്ങനെയാണ് പോത്തന്‍വാവയിലേക്ക് എത്തിയത്,’ ബിജുക്കുട്ടന്‍ പറയുന്നു.

Content Highlight: Biju Kuttan shares how he came to cinema

We use cookies to give you the best possible experience. Learn more