| Sunday, 1st December 2024, 7:51 am

ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ എന്നെ ആരും സിനിമയിൽ നിന്ന് മാറ്റിനിർത്തിയിട്ടില്ല: ബിജു കുട്ടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നിന്ന് തന്നെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് പറയുകയാണ് നടന്‍ ബിജു കുട്ടന്‍. ജാതിയുടെയും നിറത്തിന്റെയും മതത്തിന്റെയും പേരില്‍ തന്നെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാല്‍ തനിക്കത് ഫീല്‍ ചെയ്തിട്ടില്ലെന്നും ബിജു കുട്ടന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ ആള്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടാകുമെന്നും എന്നാല്‍ തനിക്ക് ഇതുവരെയും അങ്ങനെയൊന്ന് ഫീല്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ഗ്യാപ്പ് വരാന്‍ കാരണം ഒരുപക്ഷെ ആവര്‍ത്തന വിരസത വന്നതുകൊണ്ടോ അല്ലെങ്കില്‍ ഓവര്‍ യൂസ് ആയതുകൊണ്ടോ ആയിരിക്കാമെന്ന് ബിജു കുട്ടന്‍ പറയുന്നു. അത് തന്റെ ഭാഗത്തുനിന്ന് വന്ന നെഗറ്റീവ് ആണെന്നും അത് മനസിലാക്കുകയാണ് വേണ്ടതെന്നും പറഞ്ഞ ബിജു കുട്ടന്‍ കുറച്ച് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് കരുതി കറുത്തതുകൊണ്ടാണെന്നും ജാതി ഇതായതുകൊണ്ടുമാണെന്നും പറയരുതെന്നും കൂട്ടിച്ചേര്‍ത്തു.

അങ്ങനെ ചെയ്താല്‍ അത് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവരോടുള്ള അധിക്ഷേപത്തിന് തുല്യമാണെന്നും ബിജു കുട്ടന്‍ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു കുട്ടന്‍.

‘എന്നെ മാറ്റി നിര്‍ത്തിയെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അത് സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കറുപ്പ്, ജാതി, മതം, ഇതുകൊണ്ടൊക്കെയാണ് എന്നെ മാറ്റി നിര്‍ത്തുന്നത് എന്നൊക്കെ പറയാറുണ്ടല്ലോ. എന്നെ സംബന്ധിച്ച് എനിക്കതൊന്നും ഫീല്‍ ചെയ്തിട്ടില്ല. എന്നോട് അങ്ങനെ ആരും കാണിച്ചിട്ടില്ല.

അങ്ങനെ പറഞ്ഞ ആള്‍ക്ക് ചിലപ്പോള്‍ അനുഭവം ഉണ്ടായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. സിനിമയില്‍ ഒരു ഗ്യാപ്പ് ഫീല്‍ ചെയ്യുന്നത് ചിലപ്പോള്‍ നമ്മള്‍ ഒരു ആവര്‍ത്തന വിരസത കാണിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ ഓവര്‍ യൂസ് ആയിട്ടുണ്ടാകും. അത് നമ്മുടെ തന്നെ ഒരു നെഗറ്റീവ് ആണ്.

അത് മനസിലാക്കുകയാണ് വേണ്ടത്. അല്ലാതെ കുറച്ച് പടം കുറഞ്ഞു എന്ന് കരുതി ഞാന്‍ കറുത്തിട്ടാണെന്ന്, ജാതി ഇതായതുകൊണ്ടാണ് എന്നൊക്കെ പറയുന്നത് മമ്മൂക്കയും ലാലേട്ടനെയും അടക്കമുള്ളവരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്,’ ബിജു കുട്ടന്‍ പറയുന്നു.

Content Highlight: Biju Kuttan Says No  One Avoided Him In Films Because OF His Color, Cast, Or Religion

We use cookies to give you the best possible experience. Learn more