| Saturday, 20th May 2023, 1:16 pm

മമ്മൂക്കയുടെ ചിത്രമാണെന്ന് പറഞ്ഞിട്ടും ഞാന്‍ നോ പറഞ്ഞു; പക്ഷേ ആ കാര്യം കേട്ടപ്പോള്‍ വിട്ടുകളയാന്‍ തോന്നിയില്ല: ബിജു കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് പോത്തന്‍ വാവ. നടന്‍ ബിജു കുട്ടന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലേക്ക് ഓഫര്‍ ലഭിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിജു കുട്ടന്‍. സിനിമയിലേക്ക് വിളിച്ചപ്പോള്‍ താന്‍ ഗള്‍ഫില്‍ ഒരു ഷോ ഏറ്റിരുന്നു എന്നും അവാസനം മമ്മൂട്ടിയാണ് തന്റെ പ്രശ്‌നം പരിഹരിച്ചതെന്നും ബിജു കുട്ടന്‍ പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു കുട്ടന്‍ പോത്തന്‍ വാവയെ പറ്റി പറഞ്ഞത്.

‘പോത്തന്‍ വാവയിലേക്ക് വിളിക്കുമ്പോള്‍ ഗള്‍ഫില്‍ സ്റ്റേജ് ഷോ ഏറ്റിരുന്നു. അന്ന് സിനിമയില്‍ കേറാന്‍ ആഗ്രഹമുണ്ടെങ്കിലും ആരേയും പരിചയമില്ല. ചായ കൊടുക്കുന്ന സീനോ പെണ്ണുകാണലിന് അടുത്തിരിക്കുന്ന സീനോ മാത്രമേ മിമിക്രിക്കാര്‍ക്ക് ലഭിക്കുകയുള്ളൂ. അതുകൊണ്ട് ആന്റോ ചേട്ടന്‍ വിളിച്ചപ്പോള്‍ തന്നെ അങ്ങനെ എന്തെങ്കിലും റോളായിരിക്കുമെന്ന് വിചാരിച്ചിരുന്നു. അന്ന് എനിക്ക് വലുത് ഷോ ആണ്. ഞാനില്ലാതെ ഷോ നടക്കില്ല. അതുകൊണ്ട് ഞാന്‍ സിനിമക്കില്ല എന്ന് പറഞ്ഞു.

നാല് ദിവസം കഴിഞ്ഞ് ആന്റോ ചേട്ടന്‍ വീണ്ടും വിളിച്ചിട്ട് ഇത് നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല, വലിയ സിനിമയാണ് എന്ന് പറഞ്ഞു. എന്ത് വേഷമാണെങ്കിലും എനിക്ക് വേണ്ടെന്ന് പറഞ്ഞു. മമ്മൂക്കയാണ് നായകനെന്ന് പറഞ്ഞിട്ടും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. മമ്മൂക്കയോടൊപ്പം മുഴുനീള കഥാപാത്രമാണ് എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. സംവിധായകനാരാണെന്ന് ചോദിച്ചപ്പോള്‍ ജോഷി. ഓരോന്ന് കേള്‍ക്കുമ്പോഴും തൃശ്ശൂര്‍ പൂരത്തിന് അമിട്ട് പൊട്ടുന്നത് പോലെ ഞാന്‍ ഇല്ലാണ്ടായി. പിന്നെ ആ സിനിമ വിടാന്‍ പറ്റിയില്ല.

പക്ഷേ ദുബായിലെ പരിപാടിയുമുണ്ട്. അവസാനം മമ്മൂക്കയെ കണ്ട് സംസാരിച്ചു. ഞാന്‍ ഒരു ചോദ്യം ചോദിക്കും, അതിന് ഒറ്റ മറുപടി ആയിരിക്കണം എന്ന് മമ്മൂക്ക പറഞ്ഞു. എന്താണ് ചോദിക്കാന്‍ പോകുന്നത് എന്നറിയില്ലല്ലോ. ചോദിക്കാന്‍ പറഞ്ഞു. നിനക്ക് സിനിമ വേണോ മിമിക്രി വേണോ എന്ന് ചോദിച്ചു. എനിക്ക് സിനിമ മതിയെന്ന് എടുത്ത വായ്ക്ക് പറഞ്ഞു. പിന്നെ അവിടെ നിന്നും പോയി. എന്ത് സംഭവിക്കും എന്നൊന്നും എനിക്ക് അറിയില്ല.

അവസാനം മമ്മൂക്കയാണ് എന്നെ പരിപാടിക്കും വിട്ടത്. ഇവിടെ രണ്ട് മൂന്ന് സീനെടുക്കും. പിന്നെ ഫ്‌ളൈറ്റ് കേറി പോകും. അതിനുള്ള സംവിധാനങ്ങളൊക്കെ മമ്മൂക്ക പെട്ടെന്ന് ചെയ്ത് തരും. പെട്ടെന്ന് ഇമിഗ്രേഷനൊന്നും കിട്ടില്ലല്ലോ. മമ്മൂക്ക വിളിച്ച് പറയും. ഇമിഗ്രേഷന്‍ ശരിയാവും. മൂന്നാലഞ്ച് പേരൊക്കെ ഫ്‌ളൈറ്റില്‍ ഉണ്ടാവില്ല. ചിലപ്പോഴൊക്കെ വളരെ കുറച്ച് പേര്‍ മാത്രമേ ഉണ്ടാവുകുള്ളൂ. എന്നാല്‍ ഒഴിവായ സീറ്റ് നമുക്ക് കിട്ടില്ല. എന്നാല്‍ മമ്മൂക്ക എന്നെ എല്ലാ പരിപാടിക്കും കേറ്റി വിടും,’ ബിജു കുട്ടന്‍ പറഞ്ഞു.

Content Highlight: biju kuttan about mammootty and pothen vava

We use cookies to give you the best possible experience. Learn more