സഞ്ജുവിന്റെ ഈ സീസണിലെ തകർപ്പൻ ഫോമിന്റെ പിന്നിലെ രഹസ്യമതാണ്: വെളിപ്പെടുത്തലുമായി ഇന്ത്യൻ കോച്ച്
Cricket
സഞ്ജുവിന്റെ ഈ സീസണിലെ തകർപ്പൻ ഫോമിന്റെ പിന്നിലെ രഹസ്യമതാണ്: വെളിപ്പെടുത്തലുമായി ഇന്ത്യൻ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 12:57 pm

2024 ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാജസ്ഥാനൊപ്പം സഞ്ജു നടത്തുന്നത്.

ഇപ്പോഴിതാ സഞ്ജു സാംസന്റെ ഈ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നിലുള്ള കാരണമെന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല പരിശീലകനും ഇന്ത്യന്‍ വുമണ്‍സ് ക്രിക്കറ്റ് ടീം ഫീല്‍ഡിങ് കോച്ചുമായ ബിജു ജോര്‍ജ്. ഐ.പി.എല്‍ തുടങ്ങുന്നതിനു മുന്നോടിയായി പുറമെ നിന്നും തനിക്ക് നേരിടേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി സഞ്ജു തന്റെ ഫോണ്‍ നമ്പര്‍ മാറ്റിയെന്നാണ് ബിജു ജോര്‍ജ് പറഞ്ഞത്.

‘പുതിയ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി അവന്‍ ആദ്യം ചെയ്ത കാര്യം ഫോണ്‍ നമ്പര്‍ മാറ്റി എന്നുള്ളതാണ്. പണ്ട് സഞ്ജു സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. വളരെ അടുപ്പം ഉള്ളവര്‍ക്ക് മാത്രമേ സഞ്ജു തന്റെ പുതിയ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുള്ളൂ.

പുറത്തുനിന്നും അവനു നേരെ വരാൻ സാധ്യതയുള്ള മാനസിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആണ് സഞ്ജു തന്റെ പഴയ നമ്പര്‍ ഒഴിവാക്കിയത്. ഇങ്ങനെ ചെയ്യുന്നതിലൂടെ അവന്‍ ചെയ്യുന്ന ജോലിയില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് സഞ്ജുവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ അടുത്തുള്ള ആളുകളോടും മാത്രം സംസാരിക്കാനാണ് അവന്‍ ആഗ്രഹിച്ചത്,’ ബിജു ജോര്‍ജ് പറഞ്ഞു.

ഈ സീസണില്‍ മറ്റെല്ലാ സീസണില്‍ നിന്നും വ്യത്യസ്തമായ ഒരു സഞ്ജുവിനെയാണ് ആരാധകര്‍ കണ്ടത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ അടക്കം 504 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്തുന്നത്. തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആയും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം 14 മത്സരങ്ങളില്‍ നിന്നും എട്ട് ജയവും അഞ്ച് തോല്‍വിയുമടക്കം 17 പോയിന്റുമായി മൂന്നാംസ്ഥാനത്തായിരുന്നു സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും മത്സരം. അഹമ്മദാബാദിലാണ് മത്സരം നടക്കുക.

Content Highlight: Biju George talks about Sanju Samson