മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയട്രോളും വര്‍ഗീയത ആളിക്കത്തിക്കുന്നതെങ്ങനെ? ബിജ്‌നോറില്‍ നിന്നൊരു പാഠം
Daily News
മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയട്രോളും വര്‍ഗീയത ആളിക്കത്തിക്കുന്നതെങ്ങനെ? ബിജ്‌നോറില്‍ നിന്നൊരു പാഠം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2016, 4:09 pm

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ മുസ്‌ലീങ്ങളും ജാട്ടുകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അക്രമം പോലെ തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് ഈ സംഭവത്തിനു പിന്നാലെ ചില പ്രമുഖ ദേശീയ മാധ്യമങ്ങളും വലതുപക്ഷ വെബ്‌സൈറ്റുകളും നടത്തിയ പ്രചരണങ്ങള്‍.


quote-mark

ഉത്തര്‍പ്രദേശില്‍ കലാപങ്ങള്‍ ഉടലെടുക്കുന്ന സമയത്ത് മാദ്ധ്യമങ്ങള്‍ തെറ്റിദ്ധാരണജനകമായ, പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായല്ല.


വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ മുസ്‌ലീങ്ങളും ജാട്ടുകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അക്രമം പോലെ തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് ഈ സംഭവത്തിനു പിന്നാലെ ചില പ്രമുഖ ദേശീയ മാധ്യമങ്ങളും വലതുപക്ഷ വെബ്‌സൈറ്റുകളും നടത്തിയ പ്രചരണങ്ങള്‍.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?

സംഭവത്തെക്കുറിച്ച് ബിജ്‌നോര്‍ പൊലീസ് പറയുന്നത്:

ജാട്ട് സമുദായത്തില്‍പ്പെട്ട ഒരുവന്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ശല്യം ചെയ്തു. ഇതു ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷത്തിനു വഴിവെക്കുകയും ജാട്ട് സമുദായത്തില്‍പ്പെട്ടയാളുകള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇത് മൂന്നു പേരുടെ മരണത്തിന് ഇടയാക്കി. 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ ചികിത്സയിലാണ്.” ബിജ്‌നോര്‍ പൊലീസ് സൂപ്രണ്ട് ഉമേഷ്‌കുമാര്‍ ശ്രീവാസ്തവ് പറഞ്ഞു.

പൊലീസ് സൂപ്രണ്ട് പറഞ്ഞത് ശരിവെക്കുന്നതായിരുന്നു ബിജ്‌നോര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഓഫീസറുടെയും ഒരു കൂട്ടം ഗ്രാമീണരുടെയും വാക്കുകള്‍.

വെള്ളിയാഴ്ച രാത്രി വൈകി ബിജ്‌നോര്‍ പൊലീസ് ഒരു പ്രസ് റിലീസ് പുറത്തുവിട്ടിരുന്നു. അതില്‍ ഇപ്രകാരം പറയുന്നു: “പെഡ ഗ്രാമത്തില്‍, മുസ്‌ലിം സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പൂവാലന്മാര്‍ ശല്യം ചെയ്തു. ഇത് പെണ്‍കുട്ടികളുടെ സഹോദരന്മാരും പൂവാലന്മാരും തമ്മില്‍ വാക്കേറ്റത്തിനു വഴിവെച്ചു.”

“പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധം കഴിഞ്ഞയുടന്‍ ജാട്ട് വിഭാഗത്തില്‍പ്പെട്ടവര്‍ വീടിന്റെ മുകളില്‍ കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെതിരെ പ്രതികരിച്ച ബന്ധുക്കളായിരുന്നു കൊല്ലപ്പെട്ടത്.”

 

ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥയാണ് ഉത്തര്‍പ്രദേശിലെ പ്രമുഖ പത്രമായ ദൈനിക് ജാഗരണ്‍ ഇതുമായിബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. മുസ്‌ലിം യുവാക്കള്‍ ജാട്ട് പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്ന രീതിയിലായിരുന്നു വാര്‍ത്ത

” ബിജ്‌നോറിലെ കാഞ്ച്പുര, നയ ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനായി പെഡ ഗ്രാമത്തില്‍ നിന്നാണ് ബസ് കയറുന്നത്. അടുത്തിടെയായി ചില ദിവസങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് ഗ്രാമത്തിലുള്ളവര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയുണ്ടായ പൂവാലശല്യം വാക്കേറ്റത്തിലെത്തി. ഈ വാക്കുതര്‍ക്കം നിയന്ത്രണാതീതമാകുകയും കല്ലേറിനും വെടിവെപ്പിനും വഴിവെക്കുകയുമായിരുന്നു.” ദൈനിക് ജാഗരണിന്റെ കഥയിതാണ്.

ജാഗരണ്‍ പിന്നീടു ചെയ്ത വാര്‍ത്തയില്‍ യഥാര്‍ത്ഥ സംഭവം വിശദീകരിക്കുകയും ചെയ്തിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയും ഇതേപോലെ തെറ്റിദ്ധാരണാജനകമായിരുന്നു.

“ബിജ്‌നോറിലെ സ്‌കൂളിലേക്കു പോകാനായി ബസ് കയറുമ്പോള്‍ പെഡയിലെ ചില യുവാക്കള്‍ ശല്യം ചെയ്യുന്നു എന്ന് നയാഗൗണിലെ ചില പെണ്‍കുട്ടികള്‍ ഗ്രാമവാസികളോടു പരാതിപ്പെട്ടെന്ന് പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂളിലേക്കു പോകുന്ന പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ഗ്രാമത്തിലെ ഒരു സംഘം യുവാക്കളും പോയി. താലിബ് എന്നുപേരുള്ള പയ്യന്‍ പെണ്‍കുട്ടികളിലൊരാളെ ശല്യം ചെയ്യുന്നതുകണ്ടതോടെ ഇയാളെ ഈ സംഘം മര്‍ദ്ദിച്ചു.

bijinor

എന്നാല്‍ താലിബ് അയാളുടെ ഗ്രാമത്തിലെ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തുകയും നയാഗൗണ്‍ വാസികളെ ആക്രമിക്കുകയും ചെയ്തു. പരുക്കേറ്റ യുവാക്കള്‍ സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചുപോകുകയും സംഭവങ്ങള്‍ വിവരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ നയാഗൗണിലും സമീപഗ്രാമങ്ങളിലുമുള്ള ഒരു കൂട്ടമാളുകള്‍ ആയുധങ്ങളും തോക്കുകളും വടികളുമായി പെഡയിലെത്തുകയും ഗ്രാമവാസികളെ ആക്രമിക്കുകയുമായിരുന്നു. ഇരുവിഭാഗവും അങ്ങോട്ടുമിങ്ങോട്ടും വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തു.”

ഈ കഥകള്‍ ഏറെ തെറ്റുദ്ധാരണാജനകമാണ്. ആദ്യമായി, ജാട്ട് വിഭാഗത്തില്‍പ്പെട്ട യുവാവ് ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാണ് ബിജ്‌നോര്‍ എസ്.പി പറഞ്ഞതെങ്കില്‍ എവിടെ നിന്നാണ് ഈ താബില് (ഒരു മുസ്‌ലിം എന്നു വ്യക്തം) വന്നത്? ശല്യം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനാണ് താലിബ് എന്നാണ് അന്വേഷണത്തില്‍ മനസിലാവുന്നത്.

രണ്ടാമതായി, ഉത്തര്‍പ്രദേശ് ഡി.ജി.പി ജാവീദ് അഹമ്മദ് എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ വെടിവെപ്പില്‍ മുസ്‌ലിം യുവാക്കളാണ് കൊല്ലപ്പെട്ടത് എന്നാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു “ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമുള്ള വെടിവെപ്പ്” എന്നതിനു വിരുദ്ധമായി അദ്ദേഹം പറഞ്ഞത് “മുസ്‌ലീങ്ങളുടെ ഇടയില്‍ നിന്ന് തിരിച്ച് വെടിവെപ്പുണ്ടായില്ല” എന്നാണ്. ഡി.ജി.പി പറഞ്ഞതുപോലെ യാതൊരു പ്രകോപനവുമില്ലാതെയാണ് ജാട്ട് വിഭാഗങ്ങളിലുള്ളവര്‍ വെടിവെച്ചതെങ്കില്‍ “താലിബ്” കഥയും അദ്ദേഹത്തിന്റെ അനുകൂലികളായ മുസ്‌ലീങ്ങള്‍ ജാട്ടുകളെ ആക്രമിച്ചു എന്നതുമെല്ലാം കെട്ടുകഥയാണ്.

അടുത്ത പേജില്‍ തുടരുന്നു


ജാഗരണ്‍ കഥ എരിവും പുളിയും കൂട്ടി ഹിന്ദു വലതുപക്ഷ വെബ്‌സൈറ്റുകളില്‍ വന്നു. ഈ സംഭവത്തെ ഹിന്ദുപോസ്റ്റ്.ഇന്‍ വളച്ചൊടിച്ച് ഹിന്ദു പെണ്‍കുട്ടികളെ ശല്യം ചെയ്ത മുസ്‌ലിം യുവാക്കളോട് കുടുംബാംഗങ്ങള്‍ പ്രതികാരം ചെയ്തു എന്നരീതിയിലാക്കിമാറ്റി



biji

ബാക്കി ചെയ്തത് ഹിന്ദു വലതുപക്ഷം

ജാഗരണ്‍ കഥ എരിവും പുളിയും കൂട്ടി ഹിന്ദു വലതുപക്ഷ വെബ്‌സൈറ്റുകളില്‍ വന്നു. ഈ സംഭവത്തെ ഹിന്ദുപോസ്റ്റ്.ഇന്‍ വളച്ചൊടിച്ച് ഹിന്ദു പെണ്‍കുട്ടികളെ ശല്യം ചെയ്ത മുസ്‌ലിം യുവാക്കളോട് കുടുംബാംഗങ്ങള്‍ പ്രതികാരം ചെയ്തു എന്നരീതിയിലാക്കിമാറ്റിയത് ഇങ്ങനെയായിരുന്നു:

“പടിഞ്ഞാറന്‍ യു.പിയിലെ ബിജ്‌നോര്‍ ജില്ലയിലെ പെഡ ഗ്രാമത്തില്‍ ഹിന്ദു വിദ്യാര്‍ഥിനികള്‍കളെ ചിലര്‍ ശല്യം ചെയ്തത് വര്‍ഗീയ സംഘര്‍ഷത്തിലേക്കു നയിക്കുകയും നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ദൈനിക് ജാഗരണിലെ റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂളില്‍ പോകും വഴി ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ ശല്യം ചെയ്തതാണ് സംഘര്‍ഷത്തിനു വഴിവെച്ചത്. ഇതില്‍ രോഷാകുലരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അക്രമികള്‍ക്കെതിരെ രംഗത്തുവരികയും കല്ലേറും വെടിവെപ്പും ആരംഭിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഗ്രാമത്തിലെ നാലു മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു. വലിയൊരു ആള്‍ക്കൂട്ടം നാജിബാബാ റോഡ് ബ്ലോക്കു ചെയ്യുകയും ഹിന്ദു വീടുകളെ ലക്ഷ്യമിട്ട് ഒരു വീടും ബൈക്കും കത്തിക്കുകയും ചെയ്തു. പൊലീസിന്റെ കണ്‍മുമ്പില്‍വെച്ച് അവര്‍ മുദ്രാവാക്യം വിളിച്ചു “ഖൂന്‍ കാ ബാദ്‌ലാ ഖൂന്‍ സേ ലെഗേ” (ചോരയ്ക്ക് ചോരകൊണ്ട് പ്രതികാരം)”

ഈ വാര്‍ത്ത വസ്തുതാവിരുദ്ധം മാത്രമല്ല അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള ഗൂഢാശ്രമം കൂടിയാണെന്നു വ്യക്തമാണ്.

ക്രിസ്ത്യാനികള്‍ക്കും മുസ്‌ലീങ്ങള്‍ക്കും എതിരായ ഉള്ളടക്കങ്ങള്‍ പടച്ചുവിടുന്നതില്‍  പ്രഗത്ഭരായ ഹിന്ദുഎക്‌സിസ്റ്റന്‍സ്.ഒആര്‍ജി എന്ന മറ്റൊരു വലതുപക്ഷ വെബ്‌സൈറ്റ് സമാനമായൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ഇരുസമുദായങ്ങളുടെയും പേര് പരാമര്‍ശിക്കാതെ വളരെ ബാലന്‍സ്ഡ് ആയിട്ടുള്ള സ്റ്റോറി ആയിരുന്നിട്ടുകൂടി അമര്‍ ഉജാലയുടെ സ്‌റ്റോറിക്ക് മുസ്‌ലിം വിരുദ്ധ നിറം പകര്‍ന്ന് ചില വലതുപക്ഷ ട്രോളുകള്‍ ട്വീറ്റുചെയ്യുകയും ചെയ്തിരുന്നു.

 

tweet

tweet1

tweet-2
“ബിജ്‌നോറില്‍ ഹിന്ദു വിദ്യാര്‍ഥിനികളെ മുസ്‌ലീങ്ങള്‍ ശല്യം ചെയ്തു. ഹിന്ദുക്കള്‍ തിരിച്ചടിക്കുകയും നാലുമുസ്‌ലീങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. വീണ്ടും മുസാഫിര്‍നഗര്‍? ” എന്നായിരുന്നു ട്വീറ്റുകള്‍.

ഈ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ഇതെല്ലാം സമാനമാണ്. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണ പരത്താനുള്ള സംഘടിതമായ ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നു മനസിലാവും.

വലതുപക്ഷ “പോരാളികളുടെ” സൈബര്‍ യുദ്ധം ഇവിടംകൊണ്ടൊന്നും അവസാനിച്ചില്ല.  വലതുപക്ഷ വേണ്ടാതീനങ്ങളെ തുറന്നുകാട്ടുന്ന ഹിന്ദി വെബ്‌സൈറ്റായ മീഡിയവിജില്‍.കോം ശനിയാഴ്ച ഉച്ചയോടെ ഹാക്കുചെയ്യപ്പെട്ടു. അന്ന് രാവിലെ അവര്‍ ദൈനിക് ജാഗരണിന്റെ തെറ്റിദ്ധാരണജനകമായ റിപ്പോര്‍ട്ടിനെക്കുറിച്ച് എഴുതിയിരുന്നു.

മുസാഫിര്‍ നഗറിന്റെ തുടര്‍ച്ച

ഉത്തര്‍പ്രദേശില്‍ കലാപങ്ങള്‍ ഉടലെടുക്കുന്ന സമയത്ത് മാദ്ധ്യമങ്ങള്‍ തെറ്റിദ്ധാരണജനകമായ, പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായല്ല.

2013ല്‍ മുസാഫിര്‍ നഗറിനു സമീപമുള്ള കവാലില്‍ സച്ചിനും ഗൗരവും കൊല്ലപ്പെട്ടപ്പോള്‍ ദൈനിക് ജാഗരണ്‍ വൈകാരികമായ ഒരു തലക്കെട്ടോടെ എഴുതിയിരുന്നു. “ചങ്ക് പിളര്‍ക്കാന്‍ അവര്‍ നെഞ്ചില്‍ കയറിയിരുന്നു”  (  “Seeney par chadke kaati saanso ki dor” ) എന്ന തലക്കെട്ടിനുകീഴില്‍ എങ്ങനെയാണ് ഈ രണ്ടുപേരെയും കശാപ്പു ചെയ്തത് എന്ന് വിവരിക്കുകയായിരുന്നു.

2014 ആഗസ്റ്റ് 21ന് കവാലിലെ ഇരട്ടക്കൊലപാതകത്തിന്റെ വാര്‍ഷികദിനത്തില്‍ ദൈനിക് ജാഗരണ്‍ ഒരു സ്റ്റോറി നല്‍കി. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ആരെങ്കിലും കവാല്‍ വഴി പോയാല്‍ അതിന്റെ പ്രത്യാഘാതം മാരകമായിരിക്കും. (Kawal se guzre to bura anjam hoga). ആഗസ്റ്റ് 24ന് ദൈനിക് ജാഗരണില്‍ പറയുന്നു : ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള നിയന്ത്രണ രേഖയല്ല കവാല്‍ വഴിയുള്ള റോഡ് (Kawal ka maarg LoC nahin hai )

ഇതേസമയത്തു തന്നെയാണ് ദൈനിക് ജാഗരണും ഹിന്ദുസ്ഥാന്‍ ടൈംസും പടിഞ്ഞാറന്‍ യു.പിയിലെ ലവ് ജിഹാദ് എന്നാരോപിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ഇതേസമയത്തു തന്നെയാണ് യു.പിയിലെ ഉപതെരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ് ലവ് ജിഹാദ് വിഷയം ഉയര്‍ത്തിയത്. ഇതെല്ലാം മുസാഫിര്‍ നഗറിനു സമാനമായ ഒരു കലാപത്തിന്റെ വക്കിലേക്ക് പടിഞ്ഞാറന്‍ യു.പിയെ കൊണ്ടെത്തിച്ചിരുന്നു.

2013ലെ മുസാഫിര്‍ നഗര്‍ കലാപ സമയത്ത് ജാഗരണിന്റെ തലക്കെട്ടുകള്‍ക്ക് വേണ്ടത്ര സ്‌ഫോടനാത്മകത ഇല്ലാത്തതുകൊണ്ട് വലതുപക്ഷ ട്രോളുകള്‍ പത്രത്തിന്റെ ഹെഡ്‌ലൈന്‍ മോര്‍ഫ് ചെയ്തു വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചു. ഇത് സമുദായങ്ങള്‍ക്കിടയില്‍ അസ്വാരസ്യം വര്‍ധിപ്പിച്ചു.

jagaran

വിദ്വേഷം ജനിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് വെറും അജ്ഞാതരായ ട്രോളുകളല്ല എന്നതാണ് പ്രശ്‌നം. 2013ലെ മുസാഫിര്‍ നഗര്‍ കലാപവേളയില്‍ വ്യാജ യൂട്യൂബ് വീഡിയോ ഷെയര്‍ ചെയ്‌തെന്ന ആരോപണം നേരിടുന്നവരില്‍ ബി.ജെ.പി എം.എല്‍.എ സംഗീത് സോമുമുണ്ട്. മുസ്‌ലീങ്ങളെ ഒരു പാഠം പഠിപ്പിക്കാനായി മുസ്‌ലിം യുവാവിനുമേല്‍ ബലാത്സംഗക്കുറ്റം കെട്ടിച്ചമച്ചു എന്ന് മറ്റൊരു ബി.ജെ.പി നേതാവായ സുരേഷ് റാന ഒരു സ്റ്റിങ് ഓപ്പറേഷനില്‍ സമ്മതിച്ചിരുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അക്രമം ആളിക്കത്തിക്കാനുള്ള വ്യക്തമായ ഒരു ശ്രമമാണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ മുസാഫിര്‍ നഗര്‍ പരീക്ഷണങ്ങള്‍ ഇനിയും ഒരുപാട് തവണ ആവര്‍ത്തിച്ചേക്കാം.

കടപ്പാട്: കാച്ച് ന്യൂസ്