| Saturday, 7th October 2017, 11:19 pm

'അതെ ഞാന്‍ ആദിവാസി മാവിലന്‍ തന്നെ എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലെ രക്തത്തിന്റെ നിറം കട്ട ചോപ്പെന്നെ'; വീട്ടില്‍ പണിക്ക് വന്ന് ചായകുടിക്കാതെ അയിത്തം കാട്ടിയവരോട് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: താഴ്ന്ന ജാതിയെന്ന പേരില്‍ തന്റെ വീട്ടില്‍ നിന്ന് ചായകുടിക്കാന്‍ തയ്യാറാകാതിരുന്നവരെ വിമര്‍ശിച്ച് അധ്യാപികയെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ ഗസ്റ്റ് ലക്ചര്‍ ബിജിതയുടെ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.


Also Read: ‘അങ്ങോട്ട് മാറി നില്‍ക്ക്’; ജനരക്ഷാ യാത്രക്കിടെ കുമ്മനത്തിന്റെയും തന്റെയും അടുത്തെത്തിയ പ്രവര്‍ത്തകനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് അമിത് ഷാ; വീഡിയോ


ബിജിതയുടെ വീട്ടില്‍ തൊഴിലുറപ്പ് പണിക്കെത്തിയവര്‍ താഴ്ന്ന ജാതിക്കാരെന്ന പേരില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തയ്യാറാകാത്തതിനെ വിമര്‍ശിച്ചുള്ളതാണ് ബിജിതയുടെ പോസ്റ്റ്. “എന്റെ വീട്ടില്‍ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് ചായ കുടിക്കാതെ മാറി നിന്നവരോട്” എന്നു പറഞ്ഞാണ് ബിജിതയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

താന്‍ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന മാവിലന്‍ തന്നെയാണെന്നും പക്ഷേ രണ്ടുപേരുടെയും ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം കട്ട ചുവപ്പാണെന്നും അവര്‍ പറയുന്നു. ” അതെ ഞാന്‍ ആദിവാസി മാവിലന്‍ തന്നെ. എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ”.

അതില്‍ തനിക്ക് ഇരുണ്ട തൊലിയും കറ തീര്‍ന്ന മനസുമാണെന്ന് പറയുന്ന അവര്‍ നിങ്ങള്‍ക്ക് “ഒരു പോറലേറ്റാലോ പേന കൊണ്ട് വരഞ്ഞാലോ പെട്ടന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള തൊലിയും ജാതിക്കറ നിറഞ്ഞ മനസും ആണെന്നുള്ളത് മനസിലാക്കുക”യെന്നും പറയുന്നു.


Dont Miss: എ.ബി.വി.പിക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാവുന്ന ചിത്രമല്ല ടി പി ചന്ദ്രശേഖരന്റേത്; എ.ബി.വി.പി പോസ്റ്ററില്‍ ടി.പിയെ ഉള്‍പ്പെടുത്തിയതിനെതിരെ ആര്‍.എം.പി.ഐ


“ഒരു കാര്യം കൂടി ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്… നാളെ ചായക്ക് പലഹാരം ഇലയട ആണ്” എന്നു പറഞ്ഞാണ് ഇവരുടെ പോസ്റ്റ് അവസാനിക്കുന്നത്.

കഴിഞ്ഞദിവസമായിരുന്നു ബിജിതയുടെ വീട്ടില്‍ തൊഴില്‍ ഉറപ്പിനെത്തിയവര്‍ താഴ്ന്ന ജാതിക്കാരുടെ വീടെന്ന അയിത്തത്തില്‍ ചായകുടിക്കാന്‍ വിസമ്മതിച്ചത്. 29 പേരായിരുന്നു ബിജിതയുടെ വീട്ടില്‍ പണിക്കെത്തിയിരുന്നത് ഇവര്‍ക്കായി വീട്ടില്‍ ചായയും പലഹാരവും തയ്യാറാക്കിയിരുന്നെങ്കിലും പണിക്കെത്തിയ എട്ടുപേര്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ നില്‍ക്കുകയായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
“എന്റെ വീട്ടില്‍ തൊഴിലുറപ്പ് പണിക്ക് വന്നിട്ട് ചായ കുടിക്കാതെ മാറി നിന്നവരോട്…..

അതെ ഞാന്‍ ആദിവാസി മാവിലന്‍ തന്നെ. എന്നിരുന്നാലും എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ. അതില്‍ എനിക്ക് ഇരുണ്ട തൊലിയും കറ തീര്‍ന്ന മനസും.
നിനക്ക്…….. ഒരു പോറലേറ്റാലോ പേന കൊണ്ട് വരഞ്ഞാലോ പെട്ടന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള തൊലിയും ജാതിക്കറ നിറഞ്ഞ മനസും ആണെന്നുള്ളത് മനസിലാക്കുക. ഒരു കാര്യം കൂടി ഇന്ന് ചായ കുടിക്കാതെ ബേക്കറി കേക്ക് മാത്രം തിന്നവരോട്…. നാളെ ചായക്ക് പലഹാരം ഇലയട ആണ്.”

We use cookies to give you the best possible experience. Learn more