ഇടുക്കി: താന്‍ ഹോം ക്വാറന്റൈനിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ. ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമില്ലെന്ന് എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘പൊതുപ്രവര്‍ന്നപരംഗത്ത് നില്‍ക്കുന്ന ആളാണ് ഞാന്‍. നാളെ രോഗം വരില്ല എന്നൊന്നും പറയാന്‍ പറ്റില്ല. കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന സാഹചര്യമുണ്ടായിട്ടില്ല. ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാവരേയും അറിയിക്കും’, എം.എല്‍.എ പറഞ്ഞു.
ചാനലുകൡ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അതിന്റെ പേരില്‍ ഉത്കണ്ഠ പെടേണ്ട കാര്യമില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
നേരത്തെ എം.എല്‍.എ സ്വയം നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. രണ്ട് ദിവസം മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ഏലപ്പാറയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയതെന്നായിരുന്നു വാര്‍ത്ത
രണ്ട് ദിവസം മുന്‍പാണ് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അത് വരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളിലും പ്രതിരോധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
രോഗലക്ഷണം ഇല്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഡോക്ടര്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ദിവസമടക്കം അദ്ദേഹം ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ക്ലോസ് കോണ്‍ടാക്ട് അല്ല ഉണ്ടായതെന്നും എം.എല്‍.എ സ്വയം മാറി നില്‍ക്കുകയാണെന്നും ഹോം ക്വാറന്റൈന്‍ ആണെന്നും കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. ഇടുക്കിയില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇടുക്കിയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗുരുതര സാഹചര്യമാണെന്നും മന്ത്രി എം.എം മണി പറഞ്ഞു.
കേസുകളില്‍ ഏറെയും അതിര്‍ത്തി കടന്നു വന്നവരാണെന്നും 300 ഓളം പരിശോധനാ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.