തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിക്കുമെന്ന് മുന്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ ബിജിമോള്‍. താന്‍ ഇപ്പോഴും പാര്‍ട്ടിയിലെ ജൂനിയറാണെന്നും അവര്‍ പറഞ്ഞു. 24 ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയിലാണ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ അവര്‍ വ്യക്തമാക്കിയത്.
കേരള മഹിളാ സംഘടനയുടെ നേതാവാണ് താനെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തനിക്ക് പദവിയില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ബിജിമോള്‍ പറയുന്നു.
’50 വയസ് കഴിഞ്ഞതേയുള്ളൂ, മുതിര്‍ന്ന നേതാവെന്ന് പറയാനായിട്ടില്ല. നമ്മുടെ പാര്‍ട്ടിക്കകത്ത് 75 വയസായാല്‍ കുഴപ്പമാണ്. അതുകൊണ്ട് മുതിര്‍ന്ന നേതാവെന്നൊന്നും പറയരുത്. ഇപ്പോഴും ചെറുപ്പമായി ജൂനിയറായി നില്‍ക്കുന്നതാണ് നല്ലത്.
പാര്‍ട്ടിക്കകത്ത് നില്‍ക്കാന്‍ അതാണ് നല്ലത്. നമ്മള്‍ വലിയ പുള്ളികളാണെന്ന് നമുക്ക് തോന്നിയിട്ട് കാര്യമില്ലല്ലോ. ജനങ്ങളാണ് പറയേണ്ടത്. ഒരു മുഖം പോയാല്‍ അടുത്ത മുഖം വരും. ഒരു ബിജിമോളൊന്നും ഒന്നുമല്ല.
പാര്‍ട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാണ്. അതിന്റെ ബഹുജന സംഘടന എന്ന നിലയിലാണ് കേരള മഹിളാ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പോകുന്നത്. ഞാനിപ്പോള്‍ തന്നെ അതിന്റെ നേതാവാണ്. സംസ്ഥാന വൈസ് പ്രസിഡന്റാണ്. നാഷണല്‍ എക്‌സിക്യൂട്ടീവാണ്. ആ നിലയില്‍ സംസ്ഥാനത്താകമാനം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് എന്റെ കൂടി ഉത്തരവാദിത്തമാണെന്നിരിക്കെ അതൊരു പദവിയല്ലെന്ന് ഞാനിവിടെ ഇരുന്ന് പറയുന്നത് ശരിയല്ല.
നാളെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ അതും ചെയ്യും,’ ബിജിമോള്‍ പറഞ്ഞു.
ഗോഡ്ഫാദര്‍ പരാമര്‍ശത്തെച്ചൊല്ലിയുള്ള വിവാദങ്ങളെ കുറിച്ചും ബിജിമോള്‍ സംസാരിച്ചു. അതില്‍ പാര്‍ട്ടി നടപടി താന്‍ അംഗീകരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘ഗോഡ്ഫാദര്‍ ഇല്ലാത്തത് കൊണ്ടാണോ മന്ത്രിയാകാത്തത് എന്നായിരുന്നു പത്രക്കാരന്റെ ചോദ്യം. ആ ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു എന്റെ മറുപടി. ഈ കാര്യങ്ങളൊക്കെ എന്റെ ഫോണില്‍ റെക്കോര്‍ഡാണ്. എന്നാല്‍ ‘ഗോഡ്ഫാദറില്ലാത്തത് കൊണ്ടാണ് മന്ത്രിയാകാത്താതെന്ന് ബിജി മോള്‍’ എന്നാണ് ഇന്റര്‍വ്യൂവിന്റെ ക്യാപ്ഷനായി വന്നത്.
അതില്‍ പാര്‍ട്ടിയില്‍ നടപടിയുണ്ടായി. ഞാനത് അംഗീകരിച്ചു. പാര്‍ട്ടിക്ക് നമ്മള്‍ പറയുന്ന എല്ലാ കാര്യങ്ങളും നൂറു ശതമാനം ബോധ്യമാകണമെന്നില്ല. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഞാന്‍ പുറത്തായി. വീണ്ടും താഴെ തട്ടില്‍ പോയി ഞാന്‍ വര്‍ക്ക് ചെയ്തു. വീണ്ടും തിരിച്ച് സംസ്ഥാന കൗണ്‍സിലില്‍ വന്നു,’ അവര്‍ പറഞ്ഞു.
ബിജിമോളുടെ നിലവാരത്തിലേക്ക് പാര്‍ട്ടി വളര്‍ന്നില്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടിയുടെ നിലവാരത്തിലേക്ക് താന്‍ വളരാത്തതാണ് തന്റെ പ്രശ്‌നമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരുന്നോയെന്ന് ചോദിക്കാന്‍ ധൈര്യമുള്ള ഒരാള്‍ പോലും ഇത് വരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഗോഡ്ഫാദര്‍ പരാമര്‍ശത്തിലായിരുന്നു ബിജിമോളെ 2016ല്‍ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയത്.
വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ബിജിമോളുടെ വിശദീകരണം തള്ളിയാണ് സി.പി.ഐയുടെ തീരുമാനമുണ്ടായത്.
content highlights: bijimol about cpi