| Monday, 14th October 2024, 10:24 pm

'പ്രമദവനം' ഗാനത്തിന്റെ രാഗത്തിലാണ് ആ അടിപൊളി പാട്ട് ഞാന്‍ ചെയ്തതത്: ബിജിബാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലൂടെ സംഗീത സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് ബിജിബാല്‍. 17 വര്‍ഷത്തെ കരിയറില്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും ബിജിബാല്‍ സ്വന്തമാക്കി.

ഇടുക്കി ഗോള്‍ഡിലെ വറ്റാകുളം എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ബിജിബാല്‍. ജോഗ് എന്ന രാഗത്തില്‍ ഇതുവരെ കേള്‍ക്കാത്ത രീതിയിലുള്ള പാട്ട് ചെയ്യണമെന്നുണ്ടായിരുന്നെന്നും അങ്ങനെയാണ് ഇടുക്കി ഗോള്‍ഡിലെ ഈ പാട്ടിന്റെ ട്യൂണ്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.

ട്യൂണ്‍ ചെയ്തുകഴിഞ്ഞിട്ടാണ് വരികള്‍ എഴുതിയതെന്നും പാട്ട് ശ്രീനാഥ് ഭാസി പാടണമെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാഥ് ഭാസി ആദ്യം പാടിയ റഫായിട്ടുള്ള രീതിയാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും എന്നാല്‍ റെക്കോര്‍ഡിങ് ക്വാളിറ്റി കുറവായതുകൊണ്ട് മാറ്റി റെക്കോര്‍ഡ് ചെയ്യുകയായിരുന്നെന്നും ബിജിബാല്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജോഗ് എന്ന് പറയുന്നത് ഒരു ഹിന്ദുസ്ഥാനി രാഗമാണ്. ആ രാഗത്തില്‍ ഒരുപാട് പാട്ടുകള്‍ നമുക്കുണ്ട്. ‘പ്രമദവനം’ എന്ന പാട്ടും ‘പറയാന്‍ മറന്ന പരിഭവങ്ങള്‍’ എന്ന പാട്ടെല്ലാം ആ രാഗത്തില്‍ വരുന്നതാണ്. അത്തരം പാട്ടുകള്‍ മാത്രം കേട്ടിട്ടുള്ള രാഗത്തില്‍ ഇടുക്കി ഗോള്‍ഡിലെ ‘വറ്റാകുളം’ എന്ന പാട്ട് ചെയ്താലോ എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് ആ പാട്ടിന്റെ ട്യൂണ്‍ ശരിക്കും ഉണ്ടാകുന്നത്.

ട്യൂണ്‍ ചെയ്ത് കഴിഞ്ഞിട്ടാണ് റഫീഖ് അഹമ്മദ് ആ പാട്ടെഴുതുന്നത്. ഭാസിയെ കൊണ്ട് പാടിക്കാമെന്നാണ് തീരുമാനിച്ചത്. അപ്പോള്‍ ഭാസി വളരെ ലൂസായിട്ട് ആ പാടുകയും ചെയ്തു. റഫ് ആയിട്ട് ആദ്യം അദ്ദേഹം പാടിയത് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് ഭാസിക്ക് തന്നെ അയച്ച് കൊടുത്തു

അത് കഴിഞ്ഞിട്ടാണ് ഭാസി സ്റ്റുഡിയോയില്‍ വന്ന് റെക്കോര്‍ഡ് ചെയ്യുന്നത്. പേഴ്‌സണലി എനിക്ക് ഇഷ്ടപ്പെട്ടത് ഭാസി ആദ്യം പാടിയ വേര്‍ഷന്‍ തന്നെയാണ്. പക്ഷെ അതിന്റെ റെക്കോര്‍ഡിങ് ക്വാളിറ്റി അത്ര നന്നായിരുന്നില്ല. വളരെ റഫ് ആയി പാടിയതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള സൗണ്ടെല്ലാം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ വേര്‍ഷന്‍ നമുക്ക് എടുക്കാന്‍ കഴിഞ്ഞില്ല,’ ബിജിബാല്‍ പറയുന്നു.

Content Highlight: Bijibal Talks About Song In Idukki Gold Movie

We use cookies to give you the best possible experience. Learn more