| Friday, 12th January 2024, 2:55 pm

കാവ്യഭംഗിയുള്ള പാട്ടുകൾ ഉണ്ടെന്ന് വാദിക്കുമ്പോഴും ഇന്നാവശ്യം കോരിത്തരിപ്പിക്കുന്ന പാട്ടുകൾ: ബിജിബാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രോമാഞ്ചം കൊള്ളിക്കുന്ന പാട്ടുകളാണ് പുതിയകാലത്ത് ആവശ്യമെന്ന് സംഗീത സംവിധായകൻ ബിജിബാൽ. കവിതയെ തേടുന്ന ഒരു ആസ്വാദകനെ സംബന്ധിച്ച് പാട്ടൊരു കവിതയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ പാട്ടുകൾ ആത്യന്തികമായി സിനിമയ്ക്ക് മാത്രമാണെന്നും എന്നാൽ കാവ്യ ഭംഗിയുള്ള പാട്ടുകൾ ഇപ്പോഴും ഇറങ്ങുന്നുണ്ടെന്നും ബിജിബാൽ അഭിപ്രായപ്പെട്ടു. കേരള സാഹിത്യ ഉത്സവത്തിൽ കാലത്തിലൂടെ സഞ്ചരിക്കുന്ന പാട്ടുകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സാധാരണക്കാരനെ സംബന്ധിച്ച് പാട്ടെന്ന് പറയുന്നത് ഒരു ട്യൂൺ മാത്രമാണ്, അവർ അതിന്റെ വരികളെ കുറിച്ച് അന്വേഷിക്കാറുണ്ടോ എന്നെനിക്ക് സംശയമുണ്ട്. എന്നാൽ ഒരു കവിതയെ തേടുന്ന ആസ്വദകന് അത് കവിതയാണ്.

ശരിക്കും സിനിമാ പാട്ടുകൾ എന്തിനാണ് എന്ന കാര്യത്തിൽ ഞാൻ പലപ്പോഴും പലരുമായി തർക്കിക്കാറുണ്ട്. അത് ആത്യന്തികമായി സിനിമയ്ക്ക് വേണ്ടിയാണ്. ഉദാഹരണത്തിന് അകലെ അകലെ നീലാകാശം എന്നത് എന്റെ മനസിൽ ഒരു ഗോപുര സമാനമായൊരു പാട്ടാണ്. ഈ അടുത്താണ് അതിന്റെ വിഷ്വൽ കണ്ടത്. വരികളും വിഷ്വലും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്.

കവിതയും പാട്ടുകളും വലിയ ഗോപുരങ്ങളായി നിൽക്കുമ്പോഴും അത് ഉൾകൊള്ളാൻ പല സിനിമകളും പാട് പെടുന്നത് കണ്ടിട്ടുണ്ട്.

മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ എന്ന പാട്ട് എല്ലാകാലത്തും അത്ഭുതമായൊരു പാട്ടാണ്. എന്നാൽ ഇപ്പോഴത്തെ ചില ആളുകളുടെ രീതി വെച്ചിട്ട് ചില പാട്ടുകൾ കേൾക്കുന്നില്ല. പണ്ട് റേഡിയോ ആണെങ്കിൽ ഇപ്പോൾ യൂട്യൂബാണ്. പബ്ലിഷേഴ്സിന് ഏറ്റവും വരുമാനം കിട്ടുന്നത് അതിൽ നിന്നാണ്. ഏറ്റവും പെട്ടെന്ന് ആളുകൾ കാണുന്നതാണ് അവർക്ക് നല്ലത്.

അല്ലാതെ അഞ്ചു കൊല്ലം കഴിഞ്ഞ് കണ്ടിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് നമ്മളെ കോരിത്തരിപ്പിക്കുന്ന രോമാഞ്ചം തോന്നിപ്പിക്കുന്ന പാട്ടുകളാണ് ഇപ്പോൾ ആവശ്യം. അതാണ് കുറച്ചുകൂടി കച്ചവടപരമായ ആവശ്യം. ആ രംഗത്തുള്ള ഒരാളെന്ന നിലയിൽ കാവ്യ ഭംഗിയുള്ള പാട്ടുകളും വരുന്നുണ്ടെന്ന് കുറച്ച് വാദിച്ച് തന്നെ എനിക്ക് പറയേണ്ടി വരും, ബിജിബാൽ പറയുന്നു

Content Highlight: Bijibal Talk About New Era Music In Malayalam Films

We use cookies to give you the best possible experience. Learn more