| Friday, 25th September 2020, 4:29 pm

'നമുക്കറിയാന്‍ പാടില്ലാഞ്ഞിട്ടാണ്, അങ്ങേര് പാടിക്കൊണ്ടേയിരിക്കും'; എസ്.പി.ബിക്ക് അനുശോചനം അറിയിച്ച് ബിജിബാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രശസ്ത ഗായകന്‍ എസ്.പി സുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ പ്രതികരണവുമായി പിന്നണിഗായകനും സംഗീതസംവിധായകനുമായ ബിജിബാല്‍. നമുക്കറിയാന്‍ പാടില്ലാഞ്ഞിട്ടാണ്. അങ്ങേര് പാടിക്കൊണ്ടേയിരിക്കുമെന്നാണ് ബിജിബാല്‍ എസ്.പി ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

ബിജിബാലിന്റെ പോസ്റ്റിന് കമന്റുകളായി നിരവധിപേരാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് 1.4നായിരുന്നു എസ്.പി.ബിയുടെ മരണം.

ഏറെ നാളായി ചെന്നെയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ആണ് എസ്.പി.ബിയെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹത്തിന് കൊവിഡ് ഭേദമായെങ്കിലും കടുത്ത പ്രമേഹബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു.
പതിനൊന്ന് ഭാഷകളിലായി 39,000 ത്തിലധികം ഗാനങ്ങള്‍ എസ്.പി.ബി പാടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്ര പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബിയുടെ പേരിലാണ്.

പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.

ഗായകന് പുറമെ നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. 1966 ല്‍ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ്.പി.ബി പാടിയ ആദ്യ ചിത്രം.

content highlight: bijibal facebook post about spbs death

We use cookies to give you the best possible experience. Learn more