ആഷിക് അബുവിന്റെ സംവിധാനത്തില്‍ ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ബിജിബാല്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ആസിഫും മൈഥിലിയും അഭിനയിച്ച ‘കാണാ മുള്ളാല്‍’ എന്ന് തുടങ്ങുന്ന ഗാനം ഈ കൂട്ടത്തില്‍ ശ്രദ്ധ നേടിയിരുന്നു.
കാവ്യാത്മകമായ വരികളായിരുന്നു പാട്ടിലെ പ്രധാന ആകര്‍ഷണം. പ്രണയത്തിലെ വിരഹം എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ഈ പാട്ട് എഴുതിയതെന്നും ആദ്യം എഴുതിയ വരികള്‍ ഇങ്ങനെ ആയിരുന്നില്ല എന്നും പറയുകയാണ് ബിജിബാല്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഗാനത്തെ പറ്റി ബിജിബാല്‍ സംസാരിച്ചത്.
‘ഈ പാട്ട് സന്തോഷ് വര്‍മയാണ് എഴുതിയത്, ബാക്കിയെല്ലാം റഫീക്ക് അഹമ്മദാണ് എഴുതിയത്. ട്യൂണ്‍ ഇട്ടതിന് ശേഷമാണ് പാട്ട് എഴുതിയത്. കാണാതിരിക്കുമ്പോഴുണ്ടാകുന്ന വിരഹം പ്രണയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു എന്ന ആശയത്തെ അഡ്രസ് ചെയ്താല്‍ മതിയെന്നാണ് ആഷിക് പറഞ്ഞത്.
എപ്പോഴും കണ്ടാല്‍ പുതുമയില്ല. പക്ഷേ കാണാതിരിക്കുമ്പോഴാണ് കാണാനുള്ള ആഗ്രഹം ഉണ്ടാവുക. അതാണ് ഈ പാട്ടില്‍ വരേണ്ടത്. തുടക്കത്തില്‍ സന്തോഷ് എന്തോ എഴുതി. അത് കുറച്ച് ഹെവിയായിരുന്നു. അത്രയും ഹെവിയാവണ്ട, സിമ്പിളായാല്‍ മതിയെന്ന് അദ്ദേഹത്തോട് പറഞ്ഞു. എത്രമാത്രം സിമ്പിളാവണമെന്ന് സന്തോഷ് ചോദിച്ചു. വളരെ സിമ്പിളാവണമെന്ന് ഞാന്‍ പറഞ്ഞു.
അല്ലെന്നാരും ചൊല്ലില്ല, നോവാണനുരാഗം എന്ന് സന്തോഷ് എഴുതി. അത്രയും സിമ്പിളാവണ്ടെന്ന് ഞാന്‍ പറഞ്ഞു. കവിതയുടെ സ്വഭാവം വേണം. അത് മാറ്റിയിട്ടാണ് കാണാ മുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗമെന്ന് എഴുതിയത്. അതായത് കാണാത്ത ഒരു മുള്ള് കൊണ്ട് ഉള്ള് നീറുന്ന നോവാണ് അനുരാഗം. അത് ഓക്കെയായി,’ ബിജിബാല്‍ പറഞ്ഞു.
Content Highlight: bijibal about salt and pepper song