പാറ്റ്‌ന: പാലുല്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് പശുക്കളുടെ കൃത്രിമ ബീജസങ്കലനത്തിലൂടെ കൂടുതല്‍ പശുക്കളെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ബീഹാര്‍ സര്‍ക്കാര്‍. പ്രത്യേക കൃത്രിമബീജസങ്കലനം വഴി പശുക്കളെക്കൊണ്ട് പെണ്‍കിടാവിനെ പ്രസവിപ്പിക്കുന്നതാണ് പദ്ധതി.
ഇതിനായുള്ള ചിലവിന്റെ 45% കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യമായി പ്രസവിക്കാന്‍ തയ്യാറെടുക്കുന്ന പശുക്കളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കുക. ഈ രീതി വഴി 90% വിജയം ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് 2017 ഏപ്രില്‍ 26ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ മൃഗസംരക്ഷണ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത് നിലവില്‍ കൃത്രിമ ബീജസങ്കലനത്തിനു വിധേയരാകുന്ന പശുക്കള്‍ ജന്മം നല്‍കുന്ന ആണ്‍-പെണ്‍ കിടാവുകളുടെ അനുപാതം പകുതി പകുതിയെന്ന നിലയിലാണ്. ഇത് ഉയര്‍ത്തുക വഴി വലിയ തോതില്‍ പാലുല്പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
“പൊതുവെ മനസിലാക്കാനാവുന്നത് കര്‍ഷകര്‍ക്ക് മൂരിക്കുട്ടന്മാരെ വളര്‍ത്താന്‍ താല്‍പര്യമില്ല എന്നാണ്. ഇക്കാരണം കൊണ്ട് മൂരിക്കുട്ടന്മാരെ ഉപേക്ഷിക്കുകയും അവര്‍ അലഞ്ഞു തിരിഞ്ഞ് വിളകളും മറ്റും നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. പാലുല്പാദനം വര്‍ധിപ്പിക്കാന്‍ പശുക്കളുടെ എണ്ണം ഉയര്‍ത്തണമെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാറിന്. ” കത്തില്‍ പറയുന്നു.
ഈ സാമ്പത്തിക വര്‍ഷം ബീഹാറിലെ ആറ് ജില്ലകളില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. നളന്ദ, ബോജ്പൂര്‍, സരണ്‍, ഗോപാല്‍ഗഞ്ച്, ബുക്‌സര്‍, ഗയ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. രണ്ടുവര്‍ഷത്തിനുള്ളില്‍ 40,000പശുക്കളില്‍ ഈ പ്രത്യേക ബീജസങ്കലനം നടത്താനാണ് ആലോചിക്കുന്നത്. ഇതിന് സര്‍ക്കാറിന് സബ്‌സിഡി ഇനത്തില്‍ 2.20കോടി ചിലവുവരും.