പറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി പദത്തില്‍ നീതീഷ് കുമാര്‍ തുടരുമോ അതോ നിതീഷിനെ അട്ടിമറിച്ച് തേജസ്വി അധികാരത്തിലെത്തുമോ എന്നതാണ് വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ ബീഹാറില്‍ മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യുവാക്കളുടെ ഒരു വലിയ പ്രാധിനിത്യം ഇത്തവണ ഉണ്ടായിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
മഹാഗദ്ബന്ധന്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് ഇത്തവണ അധികാരത്തിലെത്തണമെന്നാണ് ബീഹാറിലെ യുവാക്കള്‍ ആഗ്രഹിക്കുന്നതെന്നാണ് സൂചനകള്‍. തേജസ്വിയുടെ റാലികള്‍ക്കും മറ്റും ലഭിക്കുന്ന വന്‍ സ്വീകാര്യതയും യുവാക്കളുടെ പ്രാതിനിധ്യവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.
ഇത് മാത്രമല്ല 15 വര്‍ഷം ബീഹാര്‍ ഭരിച്ചത് ലാലു-റാബ്രി കൂട്ടുകെട്ടായിരുന്നു. ഇതിന് പിന്നാലെ 2005 മുതല്‍ 2020 വരെ ബീഹാര്‍ ഭരിച്ചത് നീതീഷ് കുമാറുമാണ്. എന്നാല്‍ ഇതില്‍ നിന്നൊരു മാറ്റം യുവാക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ബീഹാറില്‍ യുവാക്കള്‍ക്കിടയില്‍ നടത്തിയ വിവിധ സര്‍വേകള്‍ വ്യക്തമാക്കിയത്.
തൊഴില്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ഒരു യുവ നേതാവിന് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവ് കൂടിയാണ് ഇവരെ തേജസ്വിയിലേക്ക് എത്തിച്ചത്.
ബീഹാറിലെ ചില യുവ സംഘടനകള്‍ ആദ്യഘട്ടത്തില്‍ നടത്തിയ സര്‍വേയില്‍ 44 ശതമാനം പേര്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കുമ്പോള്‍ 45 ശതമാനം പേര്‍ തേജസ്വി യാദവിനെ പിന്തുണയ്ക്കുമെന്നായിരുന്നു വ്യക്തമായത്. സര്‍വേയുടെ അവസാന ഘട്ടത്തില്‍ 123 മുതല്‍ 129 സീറ്റ് വരെ നേടി തേജസ്വി യാദവിന്റെ സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.
അതേസമയം തന്നെ 2005 മുതല്‍ ബി.ജെ.പിക്കൊപ്പം നിന്നവര്‍ പോലും ഇത്തവണ തേജസ്വിക്ക് പിന്തുണ നല്‍കുന്നുവെന്നാണ് ചിലരുടെ പ്രതികരണങ്ങള്‍ പോലും വ്യക്തമാക്കുന്നത്.
‘ ഞാന്‍ ഒരു രജപുത് ആണ്. 2010 ലും 2015 ലും ഞാന്‍ ബി.ജെ.പിക്കൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ ഞാന്‍ തേജസ്വി യാദവിനൊപ്പമാണ്. നിതീഷ് കുമാറിനെ അധികാരത്തില്‍ നിന്ന് മാറ്റിയേ തീരൂ. ഞങ്ങള്‍ ചെറുപ്പമാണ്, അതുകൊണ്ട് തന്നെ യുവാക്കളെക്കുറിച്ച് വ്യക്തമായി ചിന്തിച്ചേ തീരൂ. ഞങ്ങള്‍ക്ക് ജോലി വേണം. എന്‍.ടി.പി.സിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ട് രണ്ട് വര്‍ഷമായി. പക്ഷേ കാര്യമുണ്ടായില്ല. എന്നപ്പോലെയുള്ള പതിനായിരക്കണക്കിന് ആളുകള്‍ ഉണ്ട്. ‘ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയും മഹാത്മാഗാന്ധി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഒരു യുവ വോട്ടറുമായ ഒരു വ്യക്തിയുടെ വാക്കുകളാണ് ഇത്. ബി.ജെ.പി കോട്ടയായ ഇവിടെ കാര്യങ്ങള്‍ തിരിഞ്ഞുമറിയുമെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കുന്നത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് തേജസ്വി യാദവ് പങ്കെടുത്ത എല്ലാ റാലിയിലും ധാരാളം യുവാക്കള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയെത്തിയിട്ടുണ്ട്. 10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ എന്ന നിതീഷിന്റെ വാഗ്ദാനവും യുവാക്കള്‍ ഏറ്റെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്ന ദിവസം തന്നെ തന്റെ വാഗ്ദാനം നടപ്പിലാക്കുമെന്നും അദ്ദേഹം തന്റെ റാലികളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബീഹാറിലെ തൊഴിലില്ലായ്മ നിരക്ക് 10.3 ശതമാനമായിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. സി.എം.ഐ..ഇയുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 31.2 ശതമാനം വര്‍ദ്ധിച്ച് 2020 ഏപ്രിലില്‍ 46.6 ശതമാനമായി ഉയര്‍ന്നു, ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്.
2011 ലെ സെന്‍സസ് അനുസരിച്ച് ബീഹാര്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ള സംസ്ഥാനം കൂടിയാണെന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് 2014 ലും 2019 ലും ബീഹാറിലെ യുവാക്കള്‍ വലിയ രീതിയില്‍ മുന്നോട്ടുവന്നത്. എന്നാല്‍ ഒരു സംസ്ഥാന നേതാവിനായി യുവാക്കള്‍ ഒന്നടങ്കം അണിനിരക്കുന്നത് ഇതാദ്യമാണ്.
‘കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് കുമാര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യമാണെന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന് അതിന് സാധിച്ചിട്ടില്ല.
ബീഹാര്‍ ഭൂപ്രദേശമാണെന്ന് അദ്ദേഹം പറഞ്ഞു, സംസ്ഥാനത്തിന് സമീപം കടലില്ല, അതിനാല്‍ അദ്ദേഹത്തിന് വികസനം കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്ന് പറയുന്നു. പിന്നെ എന്തിനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്? ബീഹാറിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. ബിരുദം പോലും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല’. ബീഹാറിലെ മറ്റൊരു യുവ വോട്ടറുടെ വാക്കുകളാണ് ഇത്.
വിദ്യാഭ്യാസവും സുരക്ഷയും സാമൂഹ്യനീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി, സംസ്ഥാനത്തൊട്ടാകെയുള്ള പെണ്‍കുട്ടികള്‍ക്ക് അദ്ദേഹം സൈക്കിളുകള്‍ നല്‍കിയിരുന്നുവെങ്കിലും അതൊന്നും നിതീഷിന് വോട്ടായി ലഭിക്കില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
‘സംസ്ഥാനം ഒരു പരിധിവരെ വികസിച്ചുവെങ്കിലും ബീഹാറിന് ഇപ്പോഴും അതിന്റെ അഭിലഷണീയമായ സാധ്യതകള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡുകളും വൈദ്യുതിയും മുന്‍ഗണനാ പട്ടികയില്‍ ഉണ്ട്, പക്ഷേ ഞങ്ങളുടെ വിദ്യാഭ്യാസം ശ്രദ്ധിക്കുന്നില്ല. ഈ ഇരട്ട എഞ്ചിന്‍ സര്‍ക്കാരില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നിതീഷ് കുമാര്‍ ഞങ്ങള്‍ക്ക് സൈക്കിളുകള്‍ നല്‍കി, പക്ഷേ ഇപ്പോള്‍ എന്താണ് മുന്നിലുള്ളത്? സര്‍ക്കാര്‍ മാറണം, ”ദര്‍ഭംഗയിലെ എല്‍.എന്‍ മിഥില സര്‍വകലാശാലയിലെ ഒരു പെണ്‍കുട്ടി പറഞ്ഞു.
മതേതരത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ലാലു പ്രസാദ് യാദവിന്റെ ആഹ്വാനം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ അഞ്ച് ലക്ഷത്തിലധികം കരാര്‍ അധ്യാപകര്‍ക്ക് ശമ്പള തുല്യത നല്‍കുമെന്നും അംഗന്‍വാടി, ആശ തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുമെന്ന തേജസ്വിയുടെ വാഗ്ദാനവും യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
സംസ്ഥാനത്തെ വികസന പാതയിലെത്തിക്കാന്‍ ചെറിയ രീതിയില്‍ നിതീഷിന് സാധിച്ചിട്ടുണ്ടെങ്കിലും ബീഹാറിലെ യുവതലമുറയുമായി നല്ലൊരു ബന്ധം സ്ഥാപിക്കുന്നതില്‍ നിതീഷിന് പാളിച്ച സംഭവിച്ചു എന്ന് തന്നെ വേണം അനുമാനിക്കാന്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bihar Youth Wants to Give Young Tejashwi a Chance