ന്യൂദല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും വാക്‌സിനുവേണ്ടി ആഗോള ടെന്‍ണ്ടര്‍ ക്ഷണിക്കുന്ന നീക്കങ്ങളുമായി മുന്നോണ്ടട്ടുപോവുകയാണ്.
എന്നാല്‍ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരു നീക്കവും നടത്തില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ബീഹാറിലെ ബി.ജെ.പി സര്‍ക്കാര്‍.
വാക്‌സിന് വേണ്ടി ആഗോള ടെന്‍ണ്ടര്‍ ക്ഷണിക്കില്ലെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ എന്താണ് ആഗോള ടെന്‍ഡറുകളെക്കുറിച്ച് പറയുന്നതെന്നും അതിന്റെ ഫലങ്ങള്‍ എന്താണെന്ന് കാണട്ടേയെന്നുമാണ് ബീഹാര്‍ സര്‍ക്കാര്‍ പറയുന്നത്.
ഒരു കോടി വാക്‌സിന്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും 98 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശും വാക്‌സിന്‍ ലഭ്യമാക്കാന്‍ മറ്റുവഴികള്‍ സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണെന്നാണ് വിവരം.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്സിന്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ കൊടുക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഫെഡറലിസം നോക്കേണ്ട സമയം ഇതല്ലെന്നും കോടതി വ്യക്തമാക്കി.
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി രൂപയാണ്. എന്നാല്‍ 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.
ഈ തുക സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ചുകൂടെ എന്നും കോടതി ചോദിച്ചു.