| Friday, 13th November 2020, 6:32 pm

ബീഹാറില്‍ ഫലിച്ച ഉവൈസിയുടെ രാഷ്ട്രീയ തന്ത്രം; വെറുതെ കിട്ടിയതല്ല ആ അഞ്ചു സീറ്റുകള്‍

തന്‍സില്‍ ആസിഫ്

ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ്, കിഷന്‍കഞ്ച് ജില്ലയിലെ ബഹദൂര്‍ഗഞ്ചിലെ ഒരു വയോധികനോട് ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ- ഇത്തിഹാദുല്‍ മുസ്‌ലീ(എ.ഐ.എം.ഐ.എം) വിജയിക്കുമോ എന്ന് ഞാന്‍ ചോദിച്ചു.

നിരവധി മത്സരാര്‍ത്ഥികള്‍ അവിടെയുണ്ടാകുമെന്നതിനാലായിരുന്നു ഈ ചോദ്യം. എന്നാല്‍ ആ വയോധികന്‍ എന്നോട് പറഞ്ഞത് ഇങ്ങിനെയായിരുന്നു, ”ഞാനെന്തിന് അത് പരിഗണിക്കണം. എനിക്ക് അസദുദ്ദീന്‍ ഉവൈസിയേയും, അക്തറുള്‍ ഇമാനെയും മാത്രമേ അറിയുകയുള്ളൂ. ഞാന്‍ എ.ഐ.എം.ഐ.എമ്മിന് വോട്ട് ചെയ്യും, സ്ഥാനാര്‍ത്ഥി ആരായാലും”, അദ്ദേഹം വ്യക്തമാക്കി.

കിഷന്‍കഞ്ചിലെ പല മേഖലകളിലും എ.ഐ.ഐം.ഐ.എം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയും, പാര്‍ട്ടിയുടെ സ്റ്റേറ്റ് പ്രസിഡന്റ് അക്തറുള്‍ ഇമാനും വലിയ സ്വാധീനമാണുള്ളത്. കിഷന്‍കഞ്ചില്‍ മത്സരിച്ച ആറ് നിയമസഭ മണ്ഡലത്തില്‍ നാലെണ്ണത്തിലും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് വിജയിക്കാനായി.

അമര്‍, ബൈസി, ബഹദൂര്‍ഗഞ്ച്, കൊച്ചാദാമന്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടി വിജയിച്ചത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കിഷന്‍കഞ്ച് അസംബ്ലി മണ്ഡലത്തില്‍ പാര്‍ട്ടി തോറ്റെങ്കിലും, അരാരിയ ലോക്‌സഭ മണ്ഡലത്തിനു കീഴിലെ ജോകിഹാത് പിടിച്ചെടുത്ത് പാര്‍ട്ടി വിജയിച്ച സീറ്റുകളുടെ എണ്ണം അഞ്ചിലേക്ക് എത്തിച്ചു.

അനായാസമായ വിജയമായിരുന്നു ഈ അഞ്ച് മണ്ഡലങ്ങളിലും എ.ഐ.എം.ഐ.എമ്മിന്റേത്. 52,515 വോട്ടുകളോടെയാണ് അമര്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ അക്തറുള്‍ ഇമാന്‍ വിജയിച്ചത്. ഇതാകട്ടെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമാണ്.

ബഹദൂര്‍ഗഞ്ചില്‍ അന്‍സാര്‍ നയീമിക്കിന് 45215 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. കൊച്ചാദമാന്‍ 36143 വോട്ടുകള്‍ക്കാണ് ഇസ്ഹാര്‍ അഫ്‌സി പിടിച്ചെടുത്തത്. ബൈസി മണ്ഡലം സൈദ് റുക്‌നുദ്ദീന്‍ അഹമ്മദ് 16373 വോട്ടുകള്‍ക്കും വിജയിച്ചു. ജോക്കിഹത്തില്‍ 7383 വോട്ടുകള്‍ക്കാണ് ഷാനവാസ് വിജയിച്ചത്.

തിളങ്ങുന്ന വിജയം

2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സീമാഞ്ചല്‍ മണ്ഡലത്തില്‍ മത്സരിച്ചുകൊണ്ടാണ് എ.ഐ.എം.ഐ.എം ബീഹാറിലെ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിടുന്നത് അന്ന് ആറ് സീറ്റുകളിലായിരുന്നു പാര്‍ട്ടി മത്സരിച്ചത്.

എന്നാല്‍ അന്ന് ഒരു മണ്ഡലത്തില്‍ പോലും പാര്‍ട്ടിക്ക് വിജയിക്കാന്‍ ആയില്ല, എന്നുമാത്രമല്ല. കേവലം ഒരു മണ്ഡലത്തില്‍ മാത്രമാണ് രണ്ടാം സ്ഥാനത്ത് പോലുമെത്താനായത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇമാന്‍ 2019ല്‍ കിഷന്‍കഞ്ച് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്ക് കൊച്ചാദാമാന്‍, ബഹദൂര്‍ഗഞ്ച് എന്നീ രണ്ട് മണ്ഡലങ്ങളില്‍ മുന്നേറാനായി.

അമര്‍, കിഷന്‍കഞ്ച് എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. അതേ വര്‍ഷം ഒക്ടോബറില്‍ ഉപതെരഞ്ഞെടുപ്പില്‍ കിഷന്‍കഞ്ചില്‍ ഉവൈസിയുടെ പാര്‍ട്ടി വിജയിക്കുകയും ചെയ്തു.

കൊച്ചാദാമന്‍ മണ്ഡലത്തില്‍ മാത്രമാണ് പാര്‍ട്ടി ഒരു വര്‍ഷം മുമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപിച്ചത്. അവര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു മുഹമ്മദ് ഇസ്ഹാര്‍ അഫ്‌സി2005 ഫെബ്രുവരിയിലും, 2005 ഒക്ടോബറിലും കൊച്ചാദാമനില്‍ നിന്ന് ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായിരുന്ന അക്തറുള്‍ ഇമാനെതിരെ മത്സരിച്ചിരുന്നു.

പിന്നീട് ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി ഇമാന്റെ വിശ്വസ്തനായിരുന്ന മുജാഹിദ് ആലം ഇമാനെതിരെ തന്നെ മത്സരിക്കാന്‍ ജെ.ഡി.യു.വില്‍ ചേര്‍ന്നപ്പോള്‍ അഫ്‌സി ഇമാന് പിന്തുണ നല്‍കി. 2019ലാണ് ഇസ്ഫാര്‍ അഫ്‌സി എ.ഐ.എം.ഐ.എമ്മില്‍ ചേരുന്നത്.

കൊച്ചാദാമില്‍ നിന്ന് എ.ഐ.എം.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു ഈ തീരുമാനത്തിന് പിന്നിലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2005ലും 2014ലും ഇമാന്‍ ആര്‍.ജെ.ഡിയിലായിരുന്ന കാലത്ത് മത്സരിച്ച കൊച്ചാദാം ഇസ്ഹാറിന് നല്‍കുമെന്നും പറഞ്ഞിരുന്നു.

ജെ.ഡി.യുവിന്റെ നിലവിലുള്ള എം.എല്‍.എയായ മുജാഹിദിന്‍ ആലമായിരുന്നു മത്സരത്തില്‍ അഫ്‌സിക്ക് പ്രധാന എതിരാളി. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല മുഖ്യ എതിരാളി എന്നത് അഫ്‌സിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കിയിരുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ ഒരിക്കലും തെരഞ്ഞെടുക്കാത്ത മണ്ഡലമാണ് കൊച്ചാദാമന്‍. 2015ല്‍ മുജാഹിദ് ആലം വിജയിച്ച സമയത്ത് ജെ.ഡി.യു എന്‍.ഡി.എക്ക് ഒപ്പമായിരുന്നില്ല. അക്കാലത്ത് ജെ.ഡി.യു മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ മുജാഹിദ് ആലം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് നിശ്ചയമായിരുന്നു.

എ.ഐ.എം.ഐ.എം നേരിട്ട് ബി.ജെ.പിയുമായി മത്സരിക്കുന്നു എന്ന തരത്തില്‍ തന്നെയായിരുന്നു അവിടെ നടന്ന പ്രചരണങ്ങളെല്ലാം. അഫ്‌സിയെ പിന്തുണക്കുന്നവര്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥി മുജാഹിദ് ആലത്തെ ബി.ജെ.പിയെ പിന്തുണക്കുന്നവന്‍ എന്നാണ് വിളിച്ചിരുന്നതും.

ഈ പ്രചരണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജെ.ഡി.യുവിനും സാധിച്ചിരുന്നില്ല. നിങ്ങളെയെല്ലാവരെയും പ്രതിനീധികരിക്കുന്ന ഒരു എന്‍.ഡി.എ സര്‍ക്കാരായിരിക്കും അധികാരത്തിലെത്തുക എന്ന് മാത്രമായിരുന്നു ജെ.ഡി.യുവിന് വോട്ടര്‍മാരോട് പറയാനുണ്ടായിരുന്നത്.

കൊച്ചാദാമില്‍ ആര്‍.ജെ.ഡിക്ക് നേതൃത്വബലമില്ലായിരുന്നു. 2014ല്‍ അക്തറുള്‍ ഇമാന്‍ പാര്‍ട്ടി വിട്ടതിന് ശേഷം ഇന്‍തേകാബ് ബാബ്‌ലുവാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പാര്‍ട്ടിയെ നയിച്ചത്.

2018ല്‍ ഒരു റോഡ് അപകടത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ സീമ ഇന്‍തേകാബാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ഇതിനുശേഷം യുവനിരയിലുള്ള സര്‍വാര്‍ ആലത്തിന് ആര്‍.ജെ.ഡി പാര്‍ട്ടി ചുമതലയും നല്‍കി.

കിഷന്‍കഞ്ചിലെ ജില്ലാ പരിഷത്ത് ചെയര്‍മാനായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ജെ.ഡി.യു എം.എല്‍.എ, മുജാഹിദ് ആലത്തെ ആര്‍.ജെ.ഡിയിലെത്തിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ ആര്‍.ജെ.ഡി തനിക്ക് പണവും,മന്ത്രി സ്ഥാനവും, നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി മുജാഹിദ് ആലം പറഞ്ഞിരുന്നു.

മുജാഹിദ് ആര്‍.ജെ.ഡിക്കൊപ്പം ചേരാതിരുന്ന പശ്ചാത്തലത്തിലാണ് സര്‍വാര്‍ ആലത്തിന്റെ അച്ഛന്‍ ഷാഹിദ് ആലത്തെ ആര്‍.ജെ.ഡി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. എന്നാല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 16.18ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമേ ആര്‍.ജെ.ഡിക്ക് സാധിച്ചുള്ളൂ.

നിരന്തരം വെള്ളപ്പൊക്കവും കൂടിയേറ്റവും വലിയ പ്രശ്‌നം സൃഷിടിക്കുന്നിടത്ത് ഒരു പുതിയ പ്രതീക്ഷയെ ഉറ്റുനോക്കുന്ന മണ്ഡലമായിരുന്നു അക്തറുല്‍ ഇമാന്‍ വിജയിച്ച അമര്‍.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും, ആറ് തവണ എം.എല്‍.എയുമായ അബ്ദുള്‍ ജലീല്‍ മസ്താന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമര്‍ മണ്ഡലത്തില്‍ അംഗീകാരം ലഭിക്കുന്നുണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഉവൈസിയെ കന്നുകാലിയെന്ന് വിളിച്ച് പരസ്യമായി അധിക്ഷേപിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുകയായിരുന്നു.

” ഞാന്‍ അയാളെ ഉവൈസിയെന്ന് വിളിക്കില്ല. പുല്ല് മേയാന്‍ വന്ന കന്നുകാലിയെന്ന് മാത്രമേ വിളിക്കൂ”, എന്നായിരുന്നു മസാന്‍ പറഞ്ഞത്. അയാളെ തകര്‍ത്ത് ഹൈദരാബാദിലേക്ക് തന്നെ പറഞ്ഞയക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിരന്തരം ആവര്‍ത്തിച്ചിരുന്നു.

സീമാഞ്ചലില്‍ വിവിധ മുസ്‌ലിം വിഭാഗത്തെ ഏകോപിപ്പിക്കാനും എ.ഐ.എം.ഐ.എം. എന്ന പാര്‍ട്ടിക്ക് സാധിച്ചിരുന്നു. പാര്‍ട്ടി വിജയിച്ച അഞ്ച് സീറ്റുകള്‍ സുജ്രാപുരി, കുലയ്യ മുസ്‌ലിമുകള്‍ക്ക് പ്രാധാന്യമുള്ള പ്രദേശമാണ്.

അമറില്‍ എ.ഐ.എം.ഐ.എം മത്സരാര്‍ത്ഥി അക്തറുള്‍ ഇമാനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ജലീല്‍ മസ്താനും സുജ്രാപൂരി മുസ്‌ലിങ്ങളാണ്. ജെ.ഡി.യുവിന്റെ സബാ സാഫറാകട്ടെ കുലയ്യ വിഭാഗത്തില്‍പ്പെടുന്നയാളാണ്.

കുലയ്യ മുസ്‌ലിങ്ങള്‍ സഫറിന് വോട്ടു ചെയ്യുകയും എന്‍.ഡി.എ വോട്ടര്‍മാരുടെ സഹായവും കൂടിയാകുമ്പോള്‍ എളുപ്പത്തില്‍ സഫറിന് വിജയിക്കാന്‍ സാധിക്കുമെന്ന് എ.ഐ.എം.ഐ.എം ഭയപ്പെട്ടിരുന്നു.ജോകിഹാത്തിലും എ.ഐ.എം.ഐ.എമ്മിന് സുര്‍ജാപൂരി-കുലയ്യ മുസ്‌ലിങ്ങളെ ഏകോപിപ്പിക്കാന്‍ സാധിച്ചിരുന്നു.

ബൈസിയില്‍ എ.ഐ.എം.ഐ.എം സയ്യിദ് റുക്‌നുദ്ദീനെയാണ് രംഗത്തിറിക്കിയത്. അദ്ദേഹം ആദ്യഘട്ടത്തില്‍ സ്വതന്ത്ര എം.എല്‍.എയായിരുന്നു, പിന്നീട് ജെ.ഡി.യുവില്‍ ചേര്‍ന്നയാളാണ്. സയ്യിദ് റുക്‌നുദ്ദീന്‍ സുര്‍ജാപുരിയോ കുലയ്യ മുസ്‌ലിമോ അല്ല.

ആറു തവണ ആര്‍.ജെ.ഡി എം.എല്‍.എയായിരുന്ന അബ്ദുസ് സുബ്ഹാനെതിരെയാണ് അദ്ദേഹം മത്സരിച്ചത്. ജനവികാരം ആര്‍.ജെ.ഡി എം.എല്‍.എയ്ക്ക് അനുകൂലമല്ലാത്തതും മണ്ഡലത്തിലെ മുസ്‌ലിം വിഭാഗങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചതും ഉവൈസിയുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എമ്മിന്റെ ഉയര്‍ന്ന ലീഡ് ബഹദൂര്‍ഗഞ്ചില്‍ അവര്‍ക്ക് ഗുണകരമായി. മുന്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥി മുസാവിര്‍ ആലം, മുന്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി അന്‍സര്‍ നയീമി, മുന്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി മന്‍സൂര്‍ ആലം, എന്നിവര്‍ എ.ഐ.എം.ഐ.എമ്മില്‍ ചേര്‍ന്നു. ഇവരെല്ലാം നാലുതവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന തൗസിഫ് ആലത്തെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവരുമായിരുന്നു.

ഉവൈസിയെ ആക്രമിച്ചുകൊണ്ടായിരുന്നു ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. ഉവൈസിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാവും, ഉര്‍ദു കവിയുമായ ഇമ്രാന്‍ പ്രതാപ്ഗാര്‍ഹിയുടെ നേതൃത്വത്തില്‍ ബഹദൂര്‍ഗഞ്ചില്‍ തൗസിഫിന് വേണ്ടി നിരവധി റാലികള്‍ നടത്തി.

ഷഹീന്‍ ബാഗ് സമരത്തില്‍ ഉവൈസി പങ്കെടുത്ത ഒരു ചിത്രമെങ്കിലും കാണിച്ചു തരാമോ എന്ന് ചോദിച്ചായിരുന്നു അദ്ദേഹം ഉവൈസിയെ ആക്രമിച്ചത്. ഉവൈസിയുടെ അടുത്ത സുഹൃത്തായ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് ബി.ജെ.പിയുമായുള്ള അടുത്ത ബന്ധവും അദ്ദേഹം ചോദ്യം ചെയ്തു. പക്ഷേ ഇതൊന്നും വിചാരിച്ച ഫലം ചെയ്തില്ല.

എ.ഐ.എം.ഐ.എം വിരുദ്ധരായിരുന്ന മുസ്‌ലിങ്ങള്‍ പോലും സമുദായത്തിന് വേണ്ടി നിലകൊള്ളുന്ന മുസ്‌ലിം എന്ന തരത്തില്‍ സീമാഞ്ചലില്‍ ഉവൈസിയെ അംഗീകരിച്ചു.ബഹദൂര്‍ഗഞ്ചിലും, അമറിലും ഒവൈസിയെ ആക്രമിച്ചതുകൊണ്ട് കോണ്‍ഗ്രസ് പ്രതിരോധത്തിലായി എന്നുവേണം കരുതാന്‍.

വ്യത്യസ്തമായ സാഹചര്യം

അരാരിയ ജില്ലയിലെ ജോകിഹത്തിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു. തികച്ചും അസാധാരണമായ സാഹചര്യത്തിലാണ് അവിടെ എ.ഐ.എം.ഐ.എം വിജയം കൈവരിക്കുന്നത്. അവിടെ പാര്‍ട്ടിയുടെ വിജയത്തിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ മനസിലാകണമെങ്കില്‍ 2017ലേക്ക് തിരിഞ്ഞു നോക്കണം.

മുന്‍ കേന്ദ്രമന്ത്രിയും അന്തരിച്ച ആര്‍.ജെ.ഡി എം.പിയുമായ തസ്‌ലിമുദ്ദീന്‍ 2017ല്‍ മരണപ്പെടുന്നു. ഇതിന് പിന്നാലെ അരാരിയ ലോക്‌സഭ സീറ്റില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ സര്‍ഫാസ് ആലം തന്നെയായിരുന്നു ഉപതെരഞ്ഞെടുപ്പ് വിജയിച്ചത്.

ഇതിനെ തുടര്‍ന്ന് ജോകിഹാത്തിലും നിയമസഭ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് ആവശ്യമായി വന്നു. തസ്‌ലിമുദ്ദീന്റെ ഇളയ മകന്‍ ഷാനവാസായിരുന്നു ആര്‍.ജെ.ഡിയുടെ കീഴില്‍ അവിടെ മത്സരിച്ച് വിജയിച്ചത്.

എന്നാല്‍ സര്‍ഫാസിന് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ല. ജോകിഹാത്ത് സീറ്റ് സഹോദരനില്‍ നിന്നും തിരിച്ച് പിടിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. ഇത് ഷാനവാസിന് സീറ്റ് നഷ്ടമാകാന്‍ ഇടയാക്കി തേജസ്വി യാദവ് തനിക്ക് സീറ്റു തരുമെന്ന് പറഞ്ഞ് അത് സഹോദരനു നല്‍കിയെന്നാണ് ഷാനവാസ് പറയുന്നത്.

മറ്റൊരു ഭാഗത്ത് എ.ഐ.എം.ഐ.എം മുന്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായിരുന്ന മുര്‍ഷിദ് ആലത്തിനെ സ്ഥാനാര്‍ത്ഥിയായി ജോകിഹാത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഷാനവാസ് എ.ഐ.എം.ഐ.എമ്മിലേക്ക് എത്തുന്നതും പാര്‍ട്ടി ഷാനവാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും.

മൗലാന അബ്ദുള്ള സലീം ചതുര്‍വേദിയുടെ നേതൃത്വത്തില്‍ എ.ഐ.എം.ഐ.എം ജോകിഹാത്തിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് തുടങ്ങിയിരുന്നു.അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പുതുതായെത്തിയ ഷാനവാസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു കൂട്ടമാളുകള്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു.

ആര്‍.ജെ.ഡിയില്‍ നിന്ന് താന്‍ നേരിട്ട അനീതി ചൂണ്ടിക്കാട്ടിയാണ് ഷാനവാസ് തെരഞ്ഞെടുപ്പ് നേരിട്ടത്. ഉവൈസിയുടെ നേതൃത്വത്തില്‍ രണ്ട് റാലികളും മണ്ഡലത്തില്‍ നടന്നു.

കിഷന്‍കഞ്ചിലെ തിരിച്ചടി

എ.ഐ.എം.ഐ.എമ്മിന്റെ അഞ്ചു സീറ്റുകളിലെ വിജയത്തിന് പുറമേ കിഷന്‍കഞ്ച് നിയസമഭ മണ്ഡലത്തിലെ പരാജയം പാര്‍ട്ടിക്ക് വലിയൊരു തിരിച്ചടിയായിരുന്നു.

എ.ഐ.എം.ഐ.എമ്മിന്റെ ഖുമറുല്‍ ഹോഡ കോണ്‍ഗ്രസിന്റെ കോട്ടയായ ഇവിടെ നിന്നും മത്സരിച്ചിരുന്നു. ഈ സീറ്റ് നഷ്ട്മായത് പാര്‍ട്ടിക്ക് ഗുണകരവുമല്ല.

ഒരു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് നഷ്ടമായ സീറ്റ് തിരിച്ചെടുത്ത് എ.ഐ.എം.ഐ.എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു.

വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ഉവൈസിയുടെ കൊച്ചാദമാന്‍ റാലിയില്‍ കിഷന്‍കഞ്ച് മണ്ഡലത്തില്‍ നിന്നുള്ള ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകനെ ഞാന്‍ കണ്ടിരുന്നു.

അദ്ദേഹം പറഞ്ഞത് അക്തറുള്‍ ഇമാന്‍ പാര്‍ട്ടിയില്‍ വരുന്നത് വരെ ഞങ്ങള്‍ എ.ഐ.ഐ.എമ്മിനൊപ്പം ഉണ്ടായിരിക്കും. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഖുമറുല്‍ ഹോഡയ്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ്.

ഖുമറുല്‍ ഹോഡയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, നേതൃത്വം പോലും സംതൃപ്തരായിരുന്നില്ല. കിഷന്‍കഞ്ചിലെ പാര്‍ട്ടി ഓഫീസില്‍ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ ഹോഡ ജനങ്ങളെ കാണണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് അദ്ദേഹം അംഗീകരിച്ചില്ല.

ജനങ്ങള്‍ക്ക് വേണ്ടി എം.എല്‍.എ ലോക്ഡൗണില്‍ ഒന്നും ചെയ്തില്ല എന്നതായിരുന്നു ജനങ്ങളുടെ പ്രധാന പരാതി. കോണ്‍ഗ്രസ് എം.പിയും ഒന്നു ചെയ്തില്ല എന്ന് അവര്‍ വിശ്വിസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ കിഷന്‍കഞ്ചില്‍ തുണച്ചത് പാര്‍ട്ടിയുടെ പഴയ എതിരാളികളെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇസ്ഫരുള്‍ ഹുസൈനെ സഹായിക്കാന്‍ ഒന്നിച്ചെത്തി എന്നതാണ്.

മറുവശത്ത് എ.ഐ.എം.ഐ.എമ്മിനും ബി.ജെ.പിക്കും വിമത ഭീഷണിയുമുണ്ടായിരുന്നു അവിടെ. 2015ല്‍ എ.ഐ.എം.ഐ.എമ്മിന് വേണ്ടി മത്സരിച്ച തസിരുദ്ദീന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു.

രാജ്ബാന്‍സി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടതില്ല എന്ന ബി.ജെ.പിയുടെ തീരുമാനത്തില്‍ പ്രകോപിതരായ ഒരു വിഭാഗം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി.

രാജ്ബാന്‍സി സ്ഥാനാര്‍ത്ഥി മനോജ് സിങ് മത്സരിച്ചത് ബി.ജെ.പിക്ക് 1419 വോട്ടുകള്‍ നഷ്ടമാകാന്‍ ഇടയാക്കി. കിഷന്‍കഞ്ചില്‍ കേവലം 1381 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.ഇത് വ്യക്തമാക്കുന്നത് രാജ്ബാന്‍സി വിഭാഗത്തിന്റെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കില്‍ അനായാസം ബി.ജെ.പി വിജയിക്കേണ്ട മണ്ഡലമായിരുന്നു കിഷന്‍കഞ്ചെന്നാണ്.

പരിഭാഷ: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar: What Worked in AIMIM’s Favour in Five Assembly Seats of Seemanchal?

തന്‍സില്‍ ആസിഫ്

സീമാഞ്ചല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more