|

ബിഹാറില്‍ ജാതി അടിസ്ഥാനമാക്കി സെന്‍സസിന് അനുമതി നല്‍കി സര്‍വകക്ഷിയോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് അനുമതി നല്‍കി സര്‍വ കക്ഷി യോഗം. ബുധനാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിലാണ് സെന്‍സസിന് അനുമതി നല്‍കിയത്.

നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഉടന്‍ ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

‘എല്ലാ ജാതിയിലും സമുദായത്തിലും പെട്ടവരെ ഉള്‍പ്പെടുത്തി ആയിരിക്കും സെന്‍സസ് നടത്തുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരു വിഭാഗത്തെയും സെന്‍സസില്‍ ഉള്‍പ്പെടുത്താതെ വിടില്ല,’ നിതീഷ് കുമാര്‍ പറഞ്ഞു.

ബി.ജെ.പി, ജെ.ഡി.യു, കോണ്‍ഗ്രസ്, സി.പി.ഐ.എം.എല്‍ (ലിബറേഷന്‍), സി.പി.ഐ, എച്ച്.എ.എം, എ.ഐ.എം.ഐ.എം, വി.ഐ.പി എന്നീ പാര്‍ട്ടി നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാ പാര്‍ട്ടി വക്താക്കളും ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍സസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാരിന്റെ പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക, ഒഡീഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ‘സാമൂഹ്യ-സാമ്പത്തിക സര്‍വേ’ എന്ന പേരില്‍ സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

ദേശീയ തലത്തില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ജാതി സര്‍വേ നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

കഴിഞ്ഞ വര്‍ഷം സമാന ആവശ്യമുന്നയിച്ച് ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ജാതി സെന്‍സസ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന് കാരണമാക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സെന്‍സസ് നടത്തുന്നത് വഴി മാത്രമേ സംസ്ഥാനത്തെ വ്യത്യസ്ത വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂവെന്നും സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കിയതായി നിതീഷ് കുമാര്‍ പറഞ്ഞു.

Content Highlight: Bihar to conduct caste based survey