| Friday, 1st December 2023, 7:33 pm

ബീഹാറിലെ അനധികൃത മദ്രസകളും പള്ളികളും അഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന അനധികൃത മദ്രസകളും പള്ളികളും കൊണ്ട് ബീഹാര്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്.

സംഭവത്തില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനെയും ബീഹാറിലെ ഭരണകക്ഷിയായ മഹാഗഡ്ബന്ധന് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെയും കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ഇരുവരും ‘പ്രീണനത്തിന്റെ നിദ്രയില്‍’ ആണെന്ന് ആരോപിച്ചു.

‘ബീഹാര്‍ നിയമവിരുദ്ധമായ മദ്രസകളും പള്ളികളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു. നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമാണ്,’ ഗിരിരാജ് സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ 18 ശതമാനമാണെങ്കിലും ഈ പ്രദേശങ്ങളില്‍ ജനസാന്ദ്രത കൂടുതലാണെന്നും സംസ്ഥാനത്തുടനീളം നിരോധിത സംഘടന പി.എഫ്.ഐയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥിതിഗതികള്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ ബീഹാറിലെ ജനങ്ങള്‍ക്ക് അവരുടെ സമ്പത്തിനും വിശ്വാസത്തിനും വലിയ ഭീഷണി നേരിടേണ്ടി വരുമെന്നും ഈ സാഹചര്യത്തിന് നിതീഷ് കുമാറും ലാലുവും മാത്രമാണ് ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു.

വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം അനധികൃത മദ്രസകളുടെ പട്ടിക പുറത്തുവിടാന്‍ കേന്ദ്രമന്ത്രിയോട് ജെ.ഡി.യു ആവശ്യപ്പെട്ടു

‘അനധികൃത മദ്രസകള്‍ കൊണ്ട് കേന്ദ്രമന്ത്രി എന്താണ് ഉദ്ദേശിക്കുന്നത്? സ്വാതന്ത്ര്യ സമരത്തില്‍ മദ്രസകളും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കണം,’ മുഖ്യമന്ത്രിയുടെ വക്താവും എം.എല്‍.സിയുമായ നീരജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

content hihglight : Bihar teeming with illegal madrasas, mosques: Union Minister Giriraj Singh

We use cookies to give you the best possible experience. Learn more