| Wednesday, 23rd December 2020, 2:11 pm

ചൈനയെ കണ്ട് പാലം പണിയുന്ന ബീഹാര്‍; വൈറലാവുന്ന പാലവും പാലം കാണാനെത്തിയ നിതീഷ് കുമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയിലെ പ്രസിദ്ധമായ ഗ്ലാസുകൊണ്ടുളള പാലം പോലൊന്ന് പണിഞ്ഞുകൊണ്ടിരിക്കുകയാണ് ബീഹാറില്‍. പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പാലത്തിന്റെ ചിത്രങ്ങളും പാലത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നില്‍ക്കുന്ന ചിത്രങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ബീഹാറിലെ നളന്ദ ജില്ലയിലെ രാജ്ഗിറിലാണ് ഗ്ലാസ് കൊണ്ടുള്ള പാലം പണിയുന്നത്. പാലത്തിലൂടെയുള്ള നടത്തം മാത്രമല്ല പ്രകൃതിരമണീയമായ കാഴ്ചയും ഒപ്പം മൃഗശാലയിലൂടെയുള്ള സഫാരിയും ജനങ്ങള്‍ക്ക് ഒരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് പാലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ എത്തിയത്. 2021 മാര്‍ച്ച് ആവുമ്പോഴേക്കും പാലത്തിന്റെ പണി കഴിക്കാനാണ് അധികൃതര്‍ക്ക് നിതീഷ് കുമാര്‍ നല്‍കിയ നിര്‍ദേശം.പാലത്തിന് താഴെയുള്ള നാച്ച്വര്‍ സഫാരി പാര്‍ക്കില്‍ മറ്റ് വിനോദങ്ങളുമുണ്ട്.

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് പാലവും സഫാരി പാര്‍ക്കുമെല്ലാം നിര്‍മിച്ചിട്ടുള്ളത്. എല്ലാ തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും അവിടെ സജ്ജീകരിച്ചിട്ടുണ്ട്, നിതീഷ് കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

ആറ് അടി വീതിയിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. 250 അടിയാണ് പാലത്തിന്റെ നീളം. ചൈനയിലെ പ്രസിദ്ധമായ പാലത്തില്‍ ആകൃഷ്ടമായാണ് ബീഹാറില്‍ ഇത്തരമൊരു പാലം പണിയുന്നതെന്നും ഇത് ബീഹാറിലെ ആദ്യത്തെ ഗ്ലാസ് പാലവും രാജ്യത്തെ രണ്ടാമത്തെ ഗ്ലാസ് പാലവുമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഗ്ലാസ് പാലമുള്ളത് സിക്കിമിലാണ്. ഗ്ലാസ് പാലം കൊണ്ട് ബിഹാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുമെന്നും അധികൃതര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Bihar s swanky new glass bridge trending photos

We use cookies to give you the best possible experience. Learn more