| Sunday, 20th June 2021, 7:55 am

കൊവിഡ് കാലത്തെ ആയിരക്കണക്കിന് 'കാരണമറിയാത്ത' മരണങ്ങള്‍; നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ട്‌ന: കൊവിഡ് രണ്ടാം തരംഗത്തിനിടെ ബീഹാറില്‍ ‘കാരണമറിയാത്ത’ ആയിരക്കണക്കിന് മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പട്‌ന ഹൈക്കോടതി. ജനനവും മരണവും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ ഒട്ടും സുതാര്യമല്ലെന്ന് കോടതി കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ സമയത്ത് സംഭവിച്ച മരണങ്ങളുടെ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നത് തികച്ചും അനാവശ്യമായ നടപടിയാണെന്നും കോടതി പറഞ്ഞു. ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ജനന-മരണ കണക്കുകള്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ പോര്‍ട്ടല്‍ 2018 മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്നും കോടതി അറിയിച്ചു. ജനപ്രതിനിധികള്‍ 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവിടണമെന്നും പാട്‌ന കോടതി ആവശ്യപ്പെട്ടു.

ഇത്തരം രഹസ്യാത്മകമായ നടപടികള്‍ പൊതുജനത്തിന് ഗുണകരമാകില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നും ഇത് ആര്‍ട്ടിക്കിള്‍ 21 നല്‍കിയിരിക്കുന്ന മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നതാണെന്നും അതുകൊണ്ട് തന്നെ ബീഹാര്‍ സര്‍ക്കാര്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കൊവിഡ് കാലത്ത് ബീഹാറില്‍ സംഭവിച്ച ‘കാരണം വ്യക്തമല്ലാത്ത’ മരണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. എന്‍.ഡി.ടി.വി. നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

കൊവിഡ് രണ്ടാം തരംഗമുണ്ടായ 2021ലെ അഞ്ച് മാസങ്ങളിലായി ബീഹാറില്‍ മരിച്ചത് 75000ത്തോളം പേരെന്നാണ് റിപ്പോര്‍ട്ട്. ബീഹാറിലെ ഔദ്യോഗിക മരണനിരക്കിന്റെ പത്തിരട്ടിയാണ് ഈ കണക്ക്. ഇക്കാലയളവില്‍ മരിച്ചവരുടെ മരണകാരണം ക്യത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മരണനിരക്കുകളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന വിമര്‍ശനമുയരുന്നതിനിടെയാണ് ബീഹാറിലെ സ്ഥിതിയും പുറത്താകുന്നത്. ബീഹാറിലെ സിവില്‍ രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ കണക്കുകളിലെ ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

ജനുവരി-മേയ് കാലയളവില്‍ ബീഹാറില്‍ 1.3 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, 2021ല്‍ ഇതേ കാലയളവില്‍ സംസ്ഥാനത്ത് 2.2 ലക്ഷം പേരാണ് മരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 82,500 മരണമാണ് ഇത്തവണ അധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും കഴിഞ്ഞ മാസമാണ് സംഭവിച്ചിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഔദ്യോഗിക കൊവിഡ് മരണം 7,717 ആണ്. ഇതിലേക്ക് 3,951 മരണങ്ങള്‍കൂടി ഈ മാസം സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തിരുന്നു. 2021ലെ കൊവിഡ് മരണനിരക്കാണ് ഇതെന്നാണ് അറിയുന്നത്. ഇതുകൂടി ചേര്‍ത്താല്‍ ആകെ മരണത്തില്‍ 74,808 എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bihar’s Pandemic Deaths Secrecy Myopic, Not Legally Desirable: High Court

We use cookies to give you the best possible experience. Learn more