ന്യൂദല്‍ഹി: ബിഹാറില്‍ ബി.ജെ.പി മന്ത്രിയുടെ മകന്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ആരോപണം. ടൂറിസം മന്ത്രി നാരയണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു കുമാര്‍ ആണ് തന്റെ തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ വെടിവെച്ചത്.
ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനിലായിരുന്നു സംഭവം. നാരയണ്‍ പ്രസാദിന്റെ സഹോദരനും മകന്‍ ബബ്ലു കുമാറിനൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ ബബ്ലു കുമാറിനെ ഗ്രാമവാസികള്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഇയാളുടെ കയ്യില്‍ നിന്നും ഗ്രാമവാസികള്‍ തോക്ക് പിടിച്ച് വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പേടിപ്പിക്കുന്നതിന് വേണ്ടി ബബ്ലു കുമാര്‍ ആകാശത്തേക്ക് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടികള്‍ക്ക് നേരെ തന്നെയും വെടിവെച്ചുവെന്നാണ് പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇതിന് പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. അതേസമയം നാട്ടുകാര്‍ ബബ്ലു കുമാറിനും സംഘത്തിനും നേരെ നടത്തിയ കല്ലേറില്‍ ആറ് പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ വാഹനത്തില്‍ വന്നിറങ്ങിയ ആള്‍ക്ക് പിറകെ ഗ്രാമവാസികള്‍ ഓടുന്നതും ഇയാള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതും തുടര്‍ന്ന് മന്ത്രിയുടെ പേരെഴുതിയ നെയിം പ്ലേറ്റ് നാട്ടുകാര്‍ തകര്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
എന്നാല്‍ മകനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും തങ്ങളുടെ തോട്ടം കയ്യേറിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാനെത്തിയ മകന് നേരെ ആളുകള്‍ കല്ലെറിയുകയായിരുന്നു എന്നുമാണ് മന്ത്രി നാരയണ്‍ പ്രസാദ് പറഞ്ഞത്.
അതേസമയം പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും ബബ്ലു കുമാറിന്റെ കയ്യില്‍ തോക്ക് വ്യക്തമായി കാണുന്നുണ്ട്.