ബീഹാറില്‍ ബലാത്സംഗക്കേസില്‍ പ്രതികളായ എം.എല്‍.എമാര്‍ക്ക് പകരം ഭാര്യമാര്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
India
ബീഹാറില്‍ ബലാത്സംഗക്കേസില്‍ പ്രതികളായ എം.എല്‍.എമാര്‍ക്ക് പകരം ഭാര്യമാര്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th October 2020, 4:50 pm

പറ്റ്‌ന: ബീഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് രാഷ്ട്രീയ ജനതാ ദള്‍. ബീഹാറിലെ 16 ജില്ലകളിലായി നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുറത്തുവന്ന പട്ടികയില്‍ രണ്ട് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്. ബലാത്സംഗ കേസില്‍ ആരോപണ വിധേയരായ എം.എല്‍.എമാര്‍ക്കാണ് സീറ്റ് നിഷേധിച്ചിരിക്കുന്നത്. പകരം ഇവരുടെ ഭാര്യമാര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്.

നവാദ അസംബ്ലി സീറ്റില്‍ നിന്നും ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക വിഭാ ദേവിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന രാജ് ഭല്ലാ യാദവിന്റെ ഭാര്യയാണ് വിഭാ ദേവി.

കിരണ്‍ ദേവിയാണ് മറ്റൊരു സ്ഥാനാര്‍ത്ഥി. സന്ദേഷ് മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലാണ് സന്ദേഷ് മണ്ഡലം. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഭര്‍ത്താവും എം.എല്‍.എയുമായ അരുണ്‍ യാദവ് ബലാത്സംഗ കേസില്‍ പ്രതിയാകുന്നത്. ഒരു വര്‍ഷമായി ഇദ്ദേഹം ഒളിവിലാണ്.

അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച് 15 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്‍.ജെ.ഡി അംഗീകരിച്ചിരുന്നില്ല.

ബീഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൊലപാതക്കേസില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനുമെതിരെ എഫ്.ഐ.ആര്‍ ചുമത്തിയിരുന്നു.

37 കാരനായ ദളിത് നേതാവ് ശക്തി മാലിക്കിന്റെ കൊലപാതകത്തിലാണ് ആര്‍.ജെ.ഡി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ മുന്‍ അംഗമായ മാലിക്ക് ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ വസതിക്ക് പുറത്ത് വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ആര്‍.ജെ.ഡിയുടെ ദളിത് സെല്‍ അധ്യക്ഷന്‍ അനില്‍ കുമാര്‍ സാധു, അറാറിയ കലൊ പാസ്വാന്‍, സുനിത ദേവി എന്നീ നേതാക്കള്‍ക്കെതിരേയും നേരത്തെ എഫ്.ഐ.ആര്‍ ചുമത്തിയിരുന്നു. മാലിക്കിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് ഭാര്യ പറഞ്ഞിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശക്തി മാലിക് (37) തീരുമാനിച്ചിരുന്നു.

റാണിഗഞ്ച് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് അനുവദിക്കണമെങ്കില്‍ 50 ലക്ഷം രൂപ സംഭാവനയായി നല്‍കണമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടതായി ഒരു വീഡിയോയില്‍ മാലിക് ആരോപിച്ചിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൂര്‍ണിയ ജില്ലയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ മുഖംമൂടിയണിഞ്ഞ മൂന്ന് പേരാണ് മാലിക്കിനെ വെടിവച്ചുകൊന്നത്. ഭാര്യയും മക്കളും ഡ്രൈവറും മാത്രമാണ് അന്ന് വീട്ടില്‍ ഉണ്ടായിരുന്നത്.

പൊതുവേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് തേജസ്വി യാദവിനോട് കടുത്ത അതൃപ്തിയുണ്ട്. ഈ സംഭവം കൂടി വന്നതോടെ തേജസ്വിയുടെ നേതൃത്തോടുള്ള എതിര്‍പ്പ് കൂടുതല്‍ പ്രകടമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ