| Thursday, 31st December 2020, 3:53 pm

'പതിനേഴ് ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം'; ബീഹാറില്‍ നിന്ന് എന്‍.ഡി.എയെ താഴെയിറക്കുമെന്ന് ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട് ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍.

സംസ്ഥാനത്തെ എന്‍.ഡി.എ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്നും രാഷ്ട്രീയ ജനതാദള്‍ പറഞ്ഞു. ഇതോടെ ബീഹാറില്‍ രാഷ്ട്രീയ അട്ടിമറി നടക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്.

അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി.
രാഷ്ട്രീയജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.

ആര്‍.ജെ.ഡി നേതാവ് ശ്യാം രാജക് വീഡിയോയിലൂടെയാണ് ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്.

അവര്‍ക്ക് രാഷ്ട്രീയ ജനതാദളുമായി ബന്ധമുണ്ടെന്ന് മാത്രമല്ല പാര്‍ട്ടിയില്‍ ചേരാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ശ്യാം രാജക് പറഞ്ഞിരുന്നു.

തങ്ങള്‍ക്ക് ഏതു നിമിഷവും സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ആര്‍.ജെ.ഡി കാത്തിരിക്കുന്നതെന്നും ശ്യാം പറഞ്ഞു.

നിയമ പ്രകാരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ 25 മുതല്‍ 26 വരെ എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം വേണം.അതിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

തങ്ങളുടെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ പാര്‍ട്ടിക്കൊപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ഭാഗം ആളുകളും എത്തിയാല്‍ മാത്രമേ ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ അംഗീകരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം എം.എല്‍.എമാരെ അയോഗ്യരാക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന ശ്യാം രാജക് നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജെ.ഡി.യുവിട്ട് ആര്‍.ജെ.ഡിയില്‍ ചേരുകയായിരുന്നു.

എന്നാല്‍ ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ശ്യാം രാജകിന്റെ സീറ്റായ ഫുല്‍വാരി മഹാസഖ്യത്തിന്റെ ഭാഗമായ സി.പി.ഐ.എം.എല്ലിന് നല്‍കുകയായിരുന്നു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ളയാളാണ് ശ്യാം രാജക്.

അരുണാചല്‍ പ്രദേശ് പ്രശ്‌നത്തില്‍ ബി.ജെ.പിയും ജെ.ഡി.യുവുമായുള്ള തര്‍ക്കം മുറുകന്നതിനിടയിലാണ് ശ്യാം രാജകിന്റെ പ്രസ്താവനയും വരുന്നത്.

നവംബറിലാണ് ബീഹാറില്‍ കടുത്ത മത്സരത്തിന് ശേഷം എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത്. 243 അംഗ അസംബ്ലിയില്‍ 125 സീറ്റുകളാണ് എന്‍.ഡി.എയ്ക്ക് ലഭിച്ചത്.

മഹാസഖ്യത്തിന് 110 സീറ്റും ലഭിച്ചു. 75 അംഗങ്ങളുള്ള ആര്‍.ജെ.ഡിയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഈ സാഹചര്യത്തില്‍ ജെ.ഡി.യു എം.എല്‍.എമാര്‍ കൂറുമാറിയാല്‍ ആര്‍.ജെ.ഡിക്ക് എളുപ്പത്തില്‍ ബീഹാര്‍ പിടിക്കാന്‍ സാധിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar: RJD claims 17 JDU MLAs were in touch with them

We use cookies to give you the best possible experience. Learn more