| Wednesday, 30th September 2020, 9:16 pm

ബീഹാര്‍ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തില്‍ വീണ്ടും വിള്ളല്‍, 30 സീറ്റുകളില്‍ മത്സരിക്കുമെന്ന് സി.പി.ഐ.എം.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. മഹാസഖ്യത്തില്‍ മത്സരിക്കുന്ന സി.പി.ഐ.എം.എല്‍ 30 സീറ്റുകള്‍ വേണമെന്ന് ആര്‍.ജെ.ഡിയോട് ആവശ്യപ്പെട്ടു.

നേരത്തെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയുടെ സീറ്റ് പങ്കിടല്‍ ഫോര്‍മുലയില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുന്നത്.

ആര്‍.ജെ.ഡി നേതൃത്വവുമായി ഇതിനോടകം നിരവധി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായി സി.പി.ഐ.എം.എല്‍ സംസ്ഥാന സെക്രട്ടറി കുനല്‍ പറഞ്ഞു.

’20 സീറ്റെന്ന ആര്‍.ജെ.ഡിയുടെ വാഗ്ദാനം സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. എന്നാല്‍ പാട്‌ന, ഔറംഗബാദ്, ജഹനാബാദ്, ഗയ, ബക്‌സര്‍, നളന്ദ എന്നിവിടങ്ങളിലൊന്നും ആര്‍.ജെ.ഡി ഞങ്ങള്‍ക്ക് സീറ്റ് തന്നിട്ടില്ല’, കുനല്‍ പറഞ്ഞു.

ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ സമയം അടുത്തതിനാല്‍ 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക തങ്ങള്‍ പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കോണ്‍ഗ്രസും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ആകെ 243 മണ്ഡലങ്ങളാണ് ബീഹാറില്‍ ഉള്ളത്. ഇതില്‍ 75 സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

എന്നാല്‍ 50ലധികം സീറ്റ് ഒരു കാരണവശാലും നല്‍കാന്‍ സാധിക്കില്ലെന്നാണ് ആര്‍.ജെ.ഡി നിലപാട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റാണ് ആര്‍.ജെ.ഡി നല്‍കിയത്. ഇതില്‍ 27 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Polls Mahagathbandhan, CPI-ML unilaterally claims 30 seats

We use cookies to give you the best possible experience. Learn more