പട്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സൗജന്യ കൊവിഡ് വാക്സിന്‍ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ അപാകതയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയാണ് ബി.ജെ.പിയുടെ വാഗ്ദാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ബി.ജെ.പിയുടെ പ്രഖ്യാപനം കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങളുടെ കടുത്ത ലംഘനമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
വാക്സിന്‍ സംബന്ധിച്ച് ഇതുവരെ നയങ്ങള്‍ രൂപീകരിച്ചിട്ടില്ല, ഈ സാഹചര്യത്തില്‍ ഈ വാഗ്ദാനം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കലാണെന്നും സാകേത് ഗോഖലെ പരാതിയില്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.
”കൊറോണ വൈറസ് വാക്സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്,’ എന്നായിരുന്നു പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ടുള്ള നിര്‍മ്മല സീതാരാമന്റെ പരാമര്‍ശം.
അതേസമയം കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ വാക്സിന്‍ ലഭ്യമായാലും സൗജന്യമായിരിക്കുമോ എന്നതില്‍ ഉറപ്പൊന്നുമില്ലെന്ന് കേന്ദ്രത്തിന്റെ വാക്സിന്‍ എക്സ്പേര്‍ട്ട് കമ്മിറ്റിയുടെ തലവനും നീതി ആയോഗ് അംഗവുമായ വി.കെ പോള്‍ പറഞ്ഞിരുന്നു.