പട്‌ന: ബീഹാര്‍ പോളിങ് ബൂത്തിലാണ്. അടുത്ത് അഞ്ചുവര്‍ഷം നീണ്ട പതിനഞ്ച് വര്‍ഷമായി ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലിരുന്ന നിതീഷ് കുമാറിനെ തന്നെ ജനങ്ങള്‍ അധികാരത്തിലേറ്റുമോ എന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് വരുന്നത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഇത്രയധികം സ്വാധീനം ലഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കില്‍ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെയാണ്. കഴിഞ്ഞ് മുന്ന് മാസത്തിനിടെയാണ് തേജസ്വി യാദവിന് ഇത്രയധികം സ്വീകാര്യത ലഭിച്ചത്.
ജൂലായ് 26 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള തീയ്യതികള്‍ കമന്റായും, ലൈക്കായും, ഷെയറായും നിതീഷ് കുമാറിന് ലഭിച്ചത് 1.66 മില്ല്യണ്‍ റിയാക്ഷനാണ്. തേജസ്വിക്കാകട്ടെ ഇത് 13.53 മില്ല്യണാണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ ബഹുദൂരം മുന്നിലാണ് റിയാക്ഷനുകളില്‍ തേജസ്വി യാദവ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ തേജസ്വി യാദവ് ഫേസ്ബുക്കിലെ സാന്നിധ്യം വലിയ രീതിയിലാണ് മെച്ചപ്പെടുത്തിയത്. നിതീഷ് കുമാര്‍ 197 പോസ്റ്റുകളാണ് ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെ ഇട്ടതെങ്കില്‍ തേജസ്വി യാദവ് 334 പോസ്റ്റുകള്‍ ഫേസ്ബുക്കിലിട്ടു.
പേജ് ലൈക്കിന്റെ കാര്യത്തില്‍ നിതീഷ്‌കുമാറാണ് മുന്നില്‍. 1.6 മില്ല്യണ്‍ ആളുകള്‍ നിതീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. തൊട്ട് പുറകില്‍ തന്നെ തേജസ്വി യാദവുമുണ്ട്. 1.59 മില്ല്യണ്‍ പേരാണ് തേജസ്വി യാദവിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് റിയാക്ഷനുകളില്‍ ഹഹ, ലവ്, ലൈക്ക്, സാഡ്, ആംഗ്രി, വൗ, തുടങ്ങിയവയില്‍ തേജസ്വിക്ക് ഏറ്റവും കൂടുതല്‍ ലഭിച്ചത് ലവ് റിയാക്ഷനാണ്. 0.04 ശതമാനം ആളുകള്‍ മാത്രമാണ് തേജസ്വിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആംഗ്രി റിയാക്ഷനിട്ടത്.
ബീഹാറില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിച്ച ദിവസം തന്നെ ട്വിറ്ററില്‍ വോട്ട് ഫോര്‍ തേജസ്വി എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങായിരുന്നു.
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആര്‍.ജെ.ഡിയും, കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെട്ട മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ്.
തൊഴിലുകള്‍ക്കും, സുരക്ഷയ്ക്കും, സാഹോദര്യത്തിനും, പുരോഗതിക്കും, സമാധാനത്തിനും, വികസനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, വളര്‍ച്ചയ്ക്കും, വ്യവസായവത്കരണത്തിനും പുരോഗതിക്കും തേജസ്വി യാദവിന് വോട്ട് ചെയ്യണമെന്നാണ് ട്വിറ്ററില്‍ നിന്നുയരുന്നു ആവശ്യം.
നാല്‍പത് വര്‍ഷത്തിന് ശേഷം രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് നേതൃത്വം നല്‍കിയത് തേജസ്വി യാദവാണ്. കോണ്‍ഗ്രസും, ആര്‍.ജെ.ഡിയും ഇടതു പാര്‍ട്ടികളും ഒരുമിച്ചാണ് എന്‍.ഡി.എക്കെതിരെ ബീഹാറില്‍ പോരാട്ടത്തിനിറങ്ങിയത്.
അവസാനഘട്ടത്തില്‍ എന്‍.ഡി.എയില്‍ നിന്നും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പുറത്ത് പോയത് ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചിരുന്നു.
16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bihar polls 2020: Social media loves Tejashwi Yadav nine times more than Nitish Kumar