ബീഹാര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാവാത്ത മുസ്ലീം ബാലന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇവര്‍ മുതിര്‍ന്ന പൗരന്മാര്‍ എന്ന പേരില്‍. ബീഹാറിലെ ഔരംഗാബാദിലാണ് സംഭവം. 2019 ഡിസംബര്‍ 21 നായിരുന്നു ഇവരെ അറസ്റ്റ് ചെയ്യുന്നത്.
13 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവരെ മുതിര്‍ന്ന പൗരന്മാരായാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജനുവരി 28 നാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അതേ ദിവസം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇരുവരുടേയും കൃത്യമായ പ്രായം കോടതിയില്‍ ഹാജരാക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബോര്‍ഡിന്റെ നടപടികള്‍ക്ക് ശേഷം ഇവരുടെ ജാമ്യഹരജി നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരില്‍ 14 നും 17 നും ഇടക്കുള്ളവരും ഒരാള്‍ 13 ഉം മറ്റൊരാള്‍ 12 ഉം വയസ്സുള്ള കുട്ടികളുമാണ്.
12 വയസ് പ്രായമുള്ള കുട്ടി കഴിഞ്ഞ ഒരു മാസമായി കുറ്റവാളികള്‍ക്കൊപ്പം തടവില്‍ കഴിയുകയാണ്. അറസ്റ്റ് ചെയ്തവരില്‍ ഒരുകുട്ടിയെ മാത്രമെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ടുള്ളു. പൊലീസ് ലാത്തി ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെയാണ് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത്.
മറ്റ് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയക്കാത്തത് പൊലീസ് മനപൂര്‍വ്വം ചെയ്തതാണെന്ന് അഭിഭാഷകന്‍ ആരോപിച്ചു.
‘ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. ഔരംഗാബാദില്‍ ജുവനൈല്‍ ഹോം ഇല്ല. ഇതിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. ഏറ്റവും അടുത്തുള്ള ജുവനൈല്‍ ഹോം ഗയയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയാണ്. പൊലീസ് അവരുടെ കൃത്യമായ വയസ് രേഖപ്പെടുത്തിയിരുന്നെങ്കില്‍ പൊലീസ് പ്രത്യേക വാഹനം ഏര്‍പ്പാടാക്കി അവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റേണ്ടി വരും. ഇത് അവര്‍ക്ക് അധ്വാനമാണ്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് അവരെ മുതിര്‍ന്നവരുടെ ജയിലില്‍ പാര്‍പ്പിച്ചത്.’ അഭിഭാഷകന്‍ പറഞ്ഞു.
46 പേരെ പൊലീസ് അതേ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 80 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ജെ.ഡി.യുവും സഖ്യകക്ഷികളും ഹര്‍ത്താലും സംഘടിപ്പിച്ചിരുന്നു. വളരെ സമാധാനപരമായി സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഹര്‍ത്താല്‍ ദിവസം ഉച്ചയോടെ 200 ലധികം വരുന്ന ആളുകള്‍ നഗരത്തിലെത്തുകയും കച്ചവടക്കാരെ മര്‍ദിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടതോടെ സംഘം പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയുമായിരുന്നു. പിന്നീട് അവിടെ വലിയ സംഷര്‍ഷമുണ്ടായെന്നുമാണ് പറയുന്നത്.
എന്നാല്‍ സംഭവത്തിലെ സാക്ഷികളിലൊരാള്‍ പറഞ്ഞത് ഹര്‍ത്താല്‍ നടത്തുന്നവരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ