| Wednesday, 18th November 2020, 5:55 pm

നിതീഷിനെതിരെ തേജസ്വിയുടെ പടയൊരുക്കം; അഴിമതിക്കേസ് പ്രതിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ അധികാരമേറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.ജെ.ഡി.

അഴിമതിക്കേസില്‍ പ്രതിയായ ജെ.ഡി.യു നേതാവ് മേവലാല്‍ ചൗധരിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ നിതീഷിന്റെ നടപടിക്കെതിരെയാണ് ആര്‍.ജെ.ഡി രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവുകൂടിയാണ് ചൗധരി.

കാര്‍ഷിക സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സിലര്‍ കൂടിയായ ചൗധരിക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

ഐ.പി.സി 420, 120 ബി (വഞ്ചന, ക്രമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ ഇയാള്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്.

അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ഒരാളെ വിദ്യാഭ്യാസ മന്ത്രിയാക്കുക വഴി തീവെട്ടിക്കൊള്ള നടത്താനുള്ള നേരിട്ടുള്ള അവസരം നിതീഷ് ഒരുക്കിയിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു.

ഭാഗല്‍പൂര്‍ ജില്ലയിലെ സബൂരിലെ ബീഹാര്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരിക്കെയാണ് നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് 67 കാരനായ ചൗധരിയെ 2017 ല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു സസ്പെന്‍ഡ് ചെയ്യുന്നത്.

അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും ജൂനിയര്‍ ശാസ്ത്രജ്ഞരെയും നിയമിക്കുന്നതില്‍ അഴിമതിയുണ്ടെന്ന അന്നത്തെ വി.സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആ വര്‍ഷം ഫെബ്രുവരിയില്‍ ചൗധരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മഹാസഖ്യം അധികാരത്തിലിരിക്കെയായിരുന്നു സംഭവം. അന്ന് പ്രതിപക്ഷമായ ബി.ജെ.പി ചൗധരിക്കെതിരെ കടുത്ത ആക്രമണമായിരുന്നു ഉയര്‍ത്തിയത്.

എന്നാല്‍ 2015 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ടിക്കറ്റില്‍ മത്സരിക്കാനായി ചൗധരി ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് മുന്‍ഗെര്‍ ജില്ലയിലെ താരാപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ അതേ സീറ്റ് നിലനിര്‍ത്തിയാണ് ചൗധരി വിദ്യാഭ്യാസ മന്ത്രി പദത്തില്‍ എത്തിയത്.

2012 ല്‍ 161 അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും ജൂനിയര്‍ സയന്റിസ്റ്റുകളെയും നിയമിച്ചതില്‍ ആരോപണവിധേയനായ വ്യക്തിയെ ഭരണനേതൃത്വത്തില്‍ എത്തിച്ചതിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

മാത്രമല്ല കാബിനറ്റില്‍ ഒരു മുസ് ലീം നേതാവിനെപ്പോലും ഉള്‍പ്പെടുത്താതിരുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെയും തേജസ്വി രംഗത്തെത്തിയിട്ടുണ്ട്.

അഴിമതിക്കേസുകളില്‍ പ്രതിയാവുകയും ഒളിവില്‍ പോവുകയും ചെയ്ത ആളെ വിദ്യാഭ്യാസ മന്ത്രിയാക്കിയ എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെപ്പോലും കാബിനറ്റില്‍ കൊണ്ടുവന്നില്ലെന്നായിരുന്നു തേജസ്വി പറഞ്ഞത്.

ചൗധരിയെ മന്ത്രിസ്ഥാനത്ത് മാറ്റുന്നതുവരെ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്ന് സി.പി.ഐ.എം.എല്‍ സംസ്ഥാന സെക്രട്ടറി കുനാല്‍ പ്രതികരിച്ചു.

നിതീഷ് കുമാര്‍ ചൗധരിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയായി ചൗധരിയെ നിയമിച്ചത് ബീഹാറിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍, വര്‍ഗീയത, അഴിമതി എന്നിവ താന്‍ സഹിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. എന്നിട്ട് ഈ ചെയ്യുന്നത് എന്താണ്? ചൗധരിയെ ഇപ്പോള്‍ തന്നെ കാബിനറ്റില്‍ നിന്ന് പിരിച്ചുവിടണം. അദ്ദേഹത്തിനെതിരായ കേസ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ഈ വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. താന്‍ തെറ്റുകാരനാണോയെന്ന് കോടതി തീരുമാനിക്കേണ്ടതാണെന്നും ചൗധരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Oppn Attacks Nitish Kumar Over Corruption Charges Against His Minister

We use cookies to give you the best possible experience. Learn more