| Monday, 26th October 2020, 8:34 pm

ബീഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി രഹസ്യ ധാരണ: സര്‍വ്വേ ഫലത്തില്‍ പകുതിയിലധികം പേര്‍ ഉറപ്പു പറയുന്നു; നിതീഷ് ഒറ്റപ്പെടുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ബി.ജെ.പിയും എല്‍.ജെ.പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്.

ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ എന്‍.ഡി.എ സഖ്യം വിട്ട് പുറത്തുപോകുന്നത്. സഖ്യം വിട്ടപ്പോഴും തനിക്ക് ബി.ജെ.പിയുമായി ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ലെന്ന് ചിരാഗ് പാസ്വാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു.

നിതീഷ് കുമാറുമായി മാത്രമാണ് തനിക്ക് അഭിപ്രായവ്യത്യാസമുള്ളതെന്ന് പരസ്യമായി പറഞ്ഞ ചിരാഗ് ഒരു ഘട്ടത്തില്‍ ബീഹാര്‍ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും ആണെന്നും പറഞ്ഞിരുന്നു.

ബി.ജെ.പി- എല്‍.ജെ.പി സഖ്യമാണ് ബീഹാര്‍ ഭരിക്കാന്‍ പോകുക, അതിനാല്‍ നിതീഷ് കുമാറിന് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.
ഇതോടെ എല്‍.ജെ.പിയും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ചര്‍ച്ചകള്‍ തുടങ്ങി.

സഖ്യത്തില്‍ നിന്ന് തെറ്റി പുറത്തുപോയപ്പോഴും ചിരാഗ് പാസ്വാനെ പരസ്യമായി തള്ളിപ്പറയാന്‍ ബി.ജെ.പി തയ്യാറാവാത്തതും ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി.

നിതീഷ് കുമാറിനെ വിഡ്ഢിയാക്കിക്കൊണ്ട് ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍  ഏര്‍പ്പെട്ടിരിക്കുകയാണെന്നും തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് ചിരാഗ് പ്രചരണം നടത്തിയതിന് പിന്നാലെ ചിരാഗിനെതിരെ ബി.ജെ.പി രംഗത്തെത്തി. മോദിയുടെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശനമായി താക്കീത് നല്‍കി.

മോദി രാമനാണെന്നും രാമന്റെ ഹനുമാനാണ് താനെന്ന് ചിരാഗ് പറഞ്ഞതും ബി.ജെ.പിയെ ചൊടിപ്പിച്ചു. ഇതോടെ ചിരാഗും ബി.ജെ.പിയും തമ്മില്‍ പ്രത്യക്ഷത്തില്‍ അത്ര രസത്തിലല്ലെന്ന വിലയിരുത്തല്‍ ഉണ്ടായി.

എന്നാല്‍, ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍മാര്‍ക്കിടയില്‍ സീവോട്ടേഴ്‌സ് നടത്തിയ സര്‍വ്വേയുടെ ഫലം ബി.ജെ.പി- എല്‍.ജെ.പി രഹസ്യ ധാരണയെക്കുറിച്ച് വീണ്ടും സംശയം ഉയര്‍ത്തിയിരിക്കുകയാണ്.

സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും കരുതുന്നത് ബി.ജെ.പിയും – എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്.

‘എല്‍.ജെ.പിയും ബി.ജെ.പിയും യഥാര്‍ത്ഥത്തില്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന ചോദ്യത്തിന് 61 ശതമാനം പേരും ഉണ്ട് എന്നാണ് ഉത്തരം പറഞ്ഞത്.
വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ചിരാഗ് ഇത്തരത്തില്‍ ഒരു നീക്കം തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രയാപ്പെട്ടു.

ചിരാഗ് പാസ്വാന്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍, പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 57.7 ശതമാനം പേര്‍ ഉണ്ടെന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. നേരത്തെയും ആര്‍.എസ്.എസ് ചിരാഗ് പാസ്വാന് അനുകൂലമായ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബി.ജെ.പി നിലവില്‍ ചിരാഗ് പാസ്വാന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ എല്‍.ജെ.പിക്ക് അനുകൂലമായ നിലപാടെടുത്താല്‍ നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായിരിക്കും.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bihar Opinion Poll: 61% People Say BJP & LJP Have a ‘Secret Deal’

We use cookies to give you the best possible experience. Learn more