ബീഹാറിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരണപ്പെട്ടു
NATIONALNEWS
ബീഹാറിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരണപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2024, 1:51 pm

പാട്ന: ബീഹാറിൽ വാഹനത്തിന് മുകളിലേക്ക് ഉയർന്ന വോൾട്ടെജ് ഓവർഹെഡ് വയർ വീണതിനെ തുടർന്ന് ഒമ്പത് കാൻവാരിയർ (തീർത്ഥാടകർ) വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വൈശാലി ജില്ലയിലെ ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സുൽത്താൻപൂർ ഗ്രാമത്തിലാണ് ഹൈ ടെൻഷൻ ഓവർഹെഡ് വയർ വാഹനത്തിന് മുകളിൽ വീണ് ഒമ്പത് കൻവാർ തീർത്ഥാടകർ മരണപ്പെട്ടത്. ആറുപേർക്ക് പൊള്ളലേറ്റിട്ടുണ്ട് അതിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഞായറാഴ്ച രാത്രിയിൽ സേനാപൂരിലെ ബാബാ ഹരിഹർ നാഥ് ക്ഷേത്രത്തിലേക്ക് ജലാഭിഷേകം നടത്താനായി പോയ സമയത്താണ് സംഭവം നടന്നതെന്ന് ഹാജിപൂർ സബ് ഡിവിഷണൽ ഓഫീസർ രാംബാബു ബൈദ പറഞ്ഞു.

എട്ട് ഭക്തർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ഒരാൾ ആശുപത്രിയിൽ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. രവികുമാർ, രാജ കുമാർ, നവീൻ കുമാർ, അമ്രേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലുകുമാർ, ആശിഷ് കുമാർ എന്നിവരാണ് മരിച്ചത്.

‘കാൻവാരിയർ ഡി.ജെ ഘടിപ്പിച്ച വാഹനത്തിൽ പോവുകയായിരുന്നു. ഡി.ജെ ഘടിപ്പിച്ച ട്രോളി വളരെ ഉയരത്തിലായിരുന്നു. അതിൽ വയർ കുടുങ്ങുകയായിരുന്നു. 11000 ഹൈ ടെൻഷൻ വെയറാണ് കുടുങ്ങിയത്. ഒമ്പത് ആളുകൾ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ചികിത്സയിലാണ്,’ ഹാജിപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സിയാദ് ഓം പ്രകാശ് പറഞ്ഞു.

സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

നേരത്തെ, ജൂലൈ 29 ന് നടന്ന മറ്റൊരു സംഭവത്തിൽ, മധ്യപ്രദേശിലെ മൊറേന ജില്ലയിൽ, അവർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളിയിൽ കണ്ടെയ്‌നർ കൂട്ടിയിടിച്ച് രണ്ട് കൻവാരിയകൾക്ക് ജീവൻ നഷ്‌ടപ്പെടുകയും ഏകദേശം അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു സിവിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാത 44-ൽ ദിയോരി ഗ്രാമത്തിന് സമീപമാണ് അപകടം.

 

 

 

 

Content Highlight: Bihar: Nine Kanwariyas electrocuted to death, several others injured in Hajipur