ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിന് പുതിയ തലവേദനയുമായി നിതീഷ് കുമാര്‍. ബീഹാറിന് പ്രത്യേക പദവി വേണമെന്നാണ് ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ആവശ്യം.
2000ലെ സ്റ്റോക്ക് റെക്കഗ്‌നിഷന്‍ ആക്ട് പ്രകാരം ബീഹാറിന് പ്രത്യേകപദവിയ്ക്കുള്ള അവകാശമുണ്ടെന്നാണ് നിതീഷിന്റെ വാദം. സാമ്പത്തിക,വിദ്യാഭ്യാസ,ആരോഗ്യ മേഖലകളില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിക്ക് അര്‍ഹതയുണ്ട്. ഈ നിയമം ഉയര്‍ത്തികാട്ടിയാണ് നിതീഷ് അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ കെടുതികളിലെ ദുരിതങ്ങളെയും ഈ ആവശ്യത്തിന് ബലം പകരാന്‍ നിതീഷ് കൂട്ടുപിടിയ്ക്കുന്നു.
എന്‍.ഡി.എയിലെ ഘടകകക്ഷി ആയ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം നോട്ട് നിരോധനത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം കൊണ്ട് എത്ര പേര്‍ക്കാണ് നേട്ടമുണ്ടായത് എന്നായിരുന്നു നിതീഷ് ചോദിച്ചത്. നോട്ട് നിരോധനത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച നിതീഷിന്റെ നിലപാട് മാറ്റം ബി.ജെ.പി നേതൃത്വത്തില്‍ കല്ലുകടിയുണ്ടാക്കിയിരുന്നു. അതിനിടെയാണ് പുതിയ ആവശ്യം.