ആലുവ: എറണാകുളം ആലുവയില്‍ ആറ് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി ബീഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി പൊലീസ്. ഇയാള്‍ ഒറ്റക്കാണ് കൊലപാതകം നടത്തിയിരിയെതെന്നും കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നുവെന്ന ഇയാളുടെ മൊഴി. അന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ പറഞ്ഞതായിരിക്കാം എന്നുമാണ് പൊലീസ് കരുതുന്നത്.
കുട്ടിയുമായി ഒരാള്‍ മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോകുന്നുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. വൈകിട്ട് മൂന്നരയോടെ കുട്ടിയുമായി അസ്ഫാക്ക് മാര്‍ക്കറ്റിലെത്തിയെതായാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. എന്നാല്‍, അസ്ഫാക്കിനെ തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റിലെത്തിച്ചപ്പോള്‍ പ്രതിക്ക് നേരെ നാട്ടുകാരുടെ രോക്ഷപ്രകടനവും പ്രതിഷേധവുമുണ്ടായി. മാലിന്യക്കൂമ്പാരത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം കണ്ടെത്തിയ പ്രദേശം വളരെ വിജനമായ സ്ഥലമാണെന്നും പകലുപോലും പേടിച്ചിട്ട് ആളുകള്‍ അങ്ങോട്ടുവരില്ലെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യയായാല്‍ ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണിതെന്നും നാട്ടുകാര്‍ പറയുന്നു.
ഉച്ചക്ക് 12 മണിയോടെയാണ് ആലുവ മാര്‍ക്കറ്റിന്റെ പരിസരത്ത് കണ്ടെത്തിയ മൃതദേഹം ആറ് വയസുകാരിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ശരീരഭാഗം ഒടിച്ച് ചാക്കിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായിട്ടായിരുന്നു കസ്റ്റഡിയിലുള്ള അസ്ഫാക് ആലം നേരത്തെ നല്‍കിയിരുന്ന മൊഴി. ആ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പരസ്പര വിരുദ്ധമായിട്ടാണ് ഇയാള്‍ സംസാരിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് സുഹൃത്ത് പെണ്‍കുട്ടിയെ കൈമാറിയിരിക്കുന്നതെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയ അസ്ഫാകിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.