പാകിസ്ഥാനി രഹസ്യാന്വേഷണ ഏജന്‍സിക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
മുംബൈ: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് സൈനിക വിവരങ്ങള്‍ നല്‍കിയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. 36കാരനായ ഭക്ത്ബന്‍ഷി ഝായെയാണ് കൊല്‍ക്കത്ത പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. മിലിട്ടറി ഇന്റലിജന്‍സ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദല്‍ഹിയിലെ അന്താരാഷ്ട്ര കൊറിയര്‍ ഡെലിവറി കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. 2022 ഒക്ടോബര്‍ മുതലാണ് പാകിസ്ഥാനി ഇന്റലിജന്‍സ് ഓപ്പറേറ്റീവുമായി ഫേസ്ബുക്ക് വഴി ഇയാള്‍ പരിചയത്തിലാകുന്നത്. ആരുഷി ശര്‍മ എന്നാണ് പേരെന്നാണ് പാകിസ്ഥാനി ഇന്റലിജന്‍സ് ഓപ്പറേറ്റീവ് പറഞ്ഞിരുന്നത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും ആശയവിനിമയം നടത്തിയിരുന്നു. തുട
ര്‍ന്ന് നമ്പറുകള്‍ കൈമാറുകയും വാട്‌സാപ്പ് വഴി സംസാരിക്കുകയും ചെയ്തു. ഇന്ത്യന്‍ മൊബൈല്‍ നമ്പറിലായിരുന്നു ആരുഷി വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. താന്‍ ന്യൂസ് ആജ് തക്കിലെ അനലിസ്റ്റാണെന്നും തന്റെ സഹോദരി ഡിഫന്‍സ് ജേര്‍ണലിസ്റ്റാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.
തന്റെ സഹോദരിക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനാനെന്ന് പറഞ്ഞ് ആരുഷി ഭക്ത്ബന്‍ഷിയെ കൊണ്ട് നെറ്റ് ക്യാമറ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചിരുന്നു. ഇതുവഴി ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജിയോ ലൊക്കേഷന്‍ ലഭിക്കും.
മാര്‍ച്ചില്‍ ദല്‍ഹിയിലെ സൈനിക ഇന്‍സ്റ്റാലേഷന്റെ നിരവധി ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഭക്ത്ബന്‍ഷി ആരുഷിയുടെ നിര്‍ദേശപ്രകാരം പകര്‍ത്തിയിരുന്നു. ആരുഷിയുടെ പിതാവെന്ന് പരിചയപ്പെടുത്തിയ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ പുരുഷനുമായും ഭക്ത്ബന്‍ഷി നിരവധി തവണ സംസാരിച്ചിരുന്നതായി രഹസ്യാന്വോഷണ ഏജന്‍സി പറയുന്നു. ഒ.ടി.ടി സൃഷ്ടിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനും പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡും ഉപയോഗിക്കാന്‍ ഇയാളോട് ആരുഷിയും പിതാവെന്ന് അവകാശപ്പെട്ട ആളും ആവശ്യപ്പെട്ടിരുന്നതായും ഏജന്‍സി പറയുന്നു.
വെള്ളിയാഴ്ച ഭക്ത്ബന്‍ഷിയെ അന്വേഷണത്തിനായി കൊല്‍ക്കത്ത പൊലീസിലെ എസ്.ടി.എഫ് ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. അന്വേഷണത്തില്‍ ഫോട്ടോഗ്രാഫുകള്‍, വീഡിയോഗ്രാഫുകള്‍, ഓണ്‍ലൈന്‍ ചാറ്റ് തുടങ്ങിയ നിരവധി രഹസ്യ വിവരങ്ങള്‍ ഭക്ത്ബന്‍ഷിയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെയും ഐ.പി.സിയിലെയും രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ത്ബന്‍ഷിയെ ഇന്ന് പ്രാദേശിക കോടതിയില്‍ ഹാജരാക്കും.
പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായുള്ള ഇയാളുടെ ഇടപെടലുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെ കുറിച്ചും അറിയുന്നതിനായി എസ്.ടി.എഫും മറ്റ് ഏജന്‍സികളും കേസ് അന്വേഷിച്ച് വരുകയാണ്.
Content Highlights: Bihar native arrested for passing secret military information to a Pakistani intelligence agency