| Monday, 17th June 2019, 10:57 pm

'എത്ര വിക്കറ്റുകള്‍ വീണു'; എണ്‍പതോളം കുട്ടികള്‍ മരിച്ച മസ്തിഷ്‌കജ്വരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ബിഹാര്‍ മന്ത്രിക്ക് അറിയേണ്ടത് ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് എണ്‍പതോളം കുട്ടികളാണ് ഇതുവരെ മരിച്ചത്. ഒട്ടേറെപ്പേര്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ക്കഴിയുകയാണ്. അസുഖത്തിന്റെ യഥാര്‍ഥകാരണം പോലും കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.

പക്ഷേ, രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയ്ക്ക് ആദ്യം അറിയേണ്ടത് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ക്രിക്കറ്റ് സ്‌കോറാണ്. യോഗത്തിനിടെ മന്ത്രി സ്‌കോര്‍ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മംഗള്‍ പാണ്ഡെയുടെ നിരുത്തരവാദപരമായ പെരുമാറ്റം.

ഞായറാഴ്ച നടന്ന ഇന്ത്യ-പാക് മത്സരത്തില്‍ ‘എത്ര വിക്കറ്റുകള്‍ വീണു’ എന്നു മന്ത്രി ചോദിക്കുന്നതിന്റെ വീഡിയോയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. കൂടെയുള്ള ഒരാള്‍ ‘നാല് വിക്കറ്റുകള്‍’ എന്നു മന്ത്രിക്കു മറുപടിയും നല്‍കുന്നുണ്ട്.

ആരോഗ്യമന്ത്രിയുടേത് ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

അതിനിടെ ആവശ്യമായ ബോധവത്കരണം നടത്തിയില്ലെന്നാരോപിച്ച് ഹര്‍ഷ് വര്‍ധനും പാണ്ഡെയ്ക്കുമെതിരേ മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനായ തമന്ന ഹഷ്മിയാണ് കേസ് നല്‍കിയത്.

രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ച വരുത്തിയെന്നാണു പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങളായി കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്ന മേഖലകളില്‍ ബോധവത്കരണം നടത്താനായി മന്ത്രിമാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 24-ന് കോടതി കേസ് പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 328, 308, 504 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ചൂട് കൂടുന്നതാണ് അസുഖമുണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാണ് (ഹൈപ്പോഗ്ലൈസീമിയ) പെട്ടെന്നു മരണം സംഭവിക്കുന്നത്.

പട്നയിലെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ രാത്രികാലത്ത് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് മസ്തിഷ്‌കജ്വരം ബാധിച്ച് അഡ്മിറ്റായ രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ‘എന്റെ മകള്‍ ഐ.സി.യുവിലാണ്. മരണം ദിവസവും കൂടുകയാണ്. രാത്രി 12 കഴിഞ്ഞാല്‍പ്പിന്നെ നഴ്സുമാര്‍ മാത്രമാണുണ്ടാവുക, ഡോക്ടര്‍മാരെ കാണില്ല.’- മുഹമ്മദ് അഫ്താബ് എന്നയാള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more