പട്ന: ബീഹാറിൽ പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ നടപടിയുമായി നിതീഷ് കുമാർ. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവാണ് ചോദ്യപേപ്പർ ചോർന്ന വിവരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ നിതീഷ് കുമാർ സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് അറിയിച്ചത്.
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ് നിതീഷിന്റെ ലക്ഷ്യം. എന്നാൽ അവർ ബീഹാറിൽ നിരന്തരം നടക്കുന്ന ചോദ്യപേപ്പർ ചോർച്ചകളെ കുറിച്ച് മിണ്ടില്ലല്ലോ. രോഗത്തിന് ചികിത്സ ചെയ്യുന്നതിന് പകരം വേദനിച്ച് കരയുന്നവരുടെ വാ മൂടികെട്ടുകയാണ് നിതീഷ് കുമാർ, തേജസ്വി യാദവ് പറഞ്ഞു.
ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്നതിന്റെ സംഘത്തവലനായ നിതീഷ് കുമാർ ഇതെല്ലാം എല്ലാ വർഷവും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സമ്മാനവും പ്രമോഷനും കൊടുക്കും. പക്ഷേ സാമൂഹ്യ പ്രവർത്തകർക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും തേജസ്വി ആരോപിച്ചു.
വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സാമൂഹ്യശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറാണ് ബീഹാറിൽ ചോർന്നത്. സംഭവം വാർത്തയായതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചിരുന്നു. മാർച്ച് എട്ടിനായിരിക്കും ഈ പരീക്ഷ വീണ്ടും നടത്തുക. വാട്സ്ആപ്പിലൂടെ പരീക്ഷയുടെ ചോദ്യപേപ്പർ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പർ ചോർന്ന വിവരം കണ്ടു പിടിക്കുന്നത്.
ബുധനാഴ്ചയാണ് ബീഹാറിൽ പത്താം ക്ലാസുകാരുടെ ബോർഡ് എക്സാം തുടങ്ങിയത്. 16 ലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
സംഭവം വാർത്തയായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ബീഹാറിൽ നിന്ന് ഉയർന്നുവന്നത്. ചോദ്യ പേപ്പർ ചോരുന്നത് ബീഹാറിൽ സ്ഥിരമാകുന്നതിൽ നേരത്തെ തന്നെ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടായിരുന്നു.