national news
ബീഹാറിൽ ശിവക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന് മുസ്‌ലിം തൊഴിലാളിയെ തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 10, 02:14 am
Monday, 10th February 2025, 7:44 am

പാട്ന: ബീഹാറിൽ ശിവക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നതായി റിപ്പോർട്ട്. ബീഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ഔറംഗാബാദിലെ ശിവക്ഷേത്ര പരിസരത്ത് വെച്ച് 28 വയസുള്ള വസീം എന്ന മുസ്‌ലിം യുവാവിനെ ഏഴ് പേരടങ്ങുന്ന ഒരു സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ വസീമിന് ഗുരുതരമായി പരിക്കേറ്റു, ഇത് മരണത്തിലേക്ക് നയിച്ചു.

വെള്ളം കുടിക്കാൻ വസീം ക്ഷേത്രപരിസരത്ത് കയറിയപ്പോഴാണ് സംഭവം നടന്നത്. അക്രമികൾ വസീമിനെ കായികമായി നേരിടുകയും കള്ളനാണെന്ന് ആരോപിച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

ദൽഹിയിൽ നിന്ന് ജോലി ചെയ്തിരുന്ന വസീം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആക്രമണമുണ്ടായ ദിവസം ശിവക്ഷേത്രത്തിന് സമീപമായിരുന്നു വസീം ഉറങ്ങിയത്.

പിന്നാലെ ദാഹം ശമിപ്പിക്കാൻ വസീം ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വെള്ളം കുടിക്കാൻ ഹാൻഡ് പമ്പിനടുത്തേക്ക് ചെന്നപ്പോൾ, വസീമിന്റെ നീണ്ട മുടിയും താടിയും കണ്ട്, അവിടെയുണ്ടായിരുന്ന ആളുകൾക്ക് വസീം ക്ഷേത്രത്തിലെ ഒരു മോട്ടറോ മണിയോ മോഷ്ടിക്കാൻ വന്നതാണെന്ന് ആരോപിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഏഴ് പേർ ചേർന്ന് വസീമിനെ ക്ഷേത്രത്തിനുള്ളിലെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ആക്രമണം ഉണ്ടായതിന് പിന്നാലെ സമീപത്തുണ്ടായിരുന്നവർ എമർജൻസി നമ്പർ 112 വഴി പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വസീമിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പൊലീസ് വസീമിനെ തടങ്ങളിൽ വെക്കുകയായിരുന്നു ചെയ്തത്. എന്നാൽ കഠിനമായ വയറുവേദനയുണ്ടെന്ന് വസീം പറഞ്ഞതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച് ചികിത്സ നൽകിയെങ്കിലും ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്കുകൾ മൂലം വസീം മരണപ്പെട്ടു.

ഭാരമുള്ള വസ്തുക്കൾ കൊണ്ട് ക്രൂരമായി മർദിച്ചതിനെ തുടർന്ന് വസീമിന് ആന്തരിക പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

ഉത്തർപ്രദേശുകാരനായ വസീം മാതാപിതാക്കൾ മരിച്ചതിനുശേഷം, ഔറംഗാബാദിലെ മാലി മൊഹല്ല ജില്ലയിലാണ് താമസിച്ചിരുന്നത്. തമന്ന എന്ന യുവതിയെ വിവാഹം കഴിക്കുകയും ഇരുവർക്കും അഞ്ച് വയസുള്ള കുഞ്ഞുമുണ്ട്.

സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കേസിൽ അടിയന്തരവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് ജനങ്ങൾ പ്രതിഷേധിച്ചു. വസീമിന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നൽകണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.

 

Content Highlight: Bihar: Labourer beaten to death for entering Shiv temple to drink water