| Monday, 25th November 2024, 11:35 am

ബീഹാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പരാജയപ്പെട്ട സംസ്ഥാനം: പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാര്‍ യഥാര്‍ത്ഥത്തില്‍ ഒരു പരാജയപ്പെട്ട സംസ്ഥാനമാണെന്ന് മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജാന്‍ സൂരജ് നേതാവുമായ പ്രശാന്ത് കിഷോര്‍.

ബീഹാറിന്റെ വികസനത്തിന് ആഴത്തിലുള്ള പരിശ്രമങ്ങള്‍ വേണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. യു.എസിലെ ബീഹാരി പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീഹാര്‍ ഒരു രാജ്യമായിരുന്നെങ്കില്‍ ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തിലെ 11-ാമത്തെ വലിയ രാഷ്ട്രമായേനെയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജനസംഖ്യയുടെ കാര്യത്തില്‍ ബീഹാര്‍ ജപ്പാനെ മറികടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2029-2030 ഓടെ ബീഹാര്‍ ഒരു ഇടത്തരം വരുമാനമുള്ള സംസ്ഥാനമായി മാറുകയാണെങ്കില്‍ അത് വലിയ കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ എല്ലാ വികസന മേഖലകളും പരാജയപ്പെട്ട അവസ്ഥയിലാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബീഹാറിന്റെ വികസനത്തിനായി ബീഹാര്‍ പ്രവാസികള്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ വികസനത്തിനായി ജാന്‍ സൂരജിനെ പിന്തുണക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.

സുഡാനിലെ ആഭ്യന്തര യുദ്ധത്തിനിടെ ജീവിക്കുന്നവര്‍ ആരെ പേടിക്കണം ആരുടെ ഒപ്പം നില്‍ക്കണമെന്നതില്‍ ആശങ്കാകുലരാണ്. സമാനമായ അവസ്ഥയാണ് ബീഹാറില്‍ ഉള്ളതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

അതേസമയം അടുത്തിടെ നടന്ന ബീഹാര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജാന്‍ സൂരജിന് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു സീറ്റില്‍ ഒഴികെ മറ്റ് എല്ലാ മണ്ഡലങ്ങളിലും മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം പോലും തിരികെ കിട്ടിയില്ല.

2025ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ അറിയിച്ചിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലില്ലായ്മ, ബീഹാറിലെ പൗരന്മാര്‍ക്കുള്ള ആനുപാതിക പ്രാതിനിധ്യം, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കും തുടങ്ങിയവയാണ് ജന്‍ സൂരജിന്റെ വാഗ്ദാനങ്ങള്‍.

പാര്‍ട്ടി അധ്യക്ഷന്റെ കാലാവധി ഒരു വര്‍ഷമായിരിക്കുമെന്നും ഒരു മുസ്‌ലിം വ്യക്തിയെ ആയിരിക്കും പ്രസിഡന്റായി പരിഗണിക്കുകയെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചിരുന്നു.

Content Highlight: Bihar is literally a failed state: Prashant Kishore

We use cookies to give you the best possible experience. Learn more