പട്‌ന: ബീഹാറില്‍ ആദ്യഘട്ട പോളിങ്ങ് നടക്കവെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി വോട്ട് ഫോര്‍ തേജസ്വി ഹാഷ് ടാഗ്. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആര്‍.ജെ.ഡിയും, കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെട്ട മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ്.
തൊഴിലുകള്‍ക്കും, സുരക്ഷയ്ക്കും, സാഹോദര്യത്തിനും, പുരോഗതിക്കും, സമാധാനത്തിനും, വികസനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, വളര്‍ച്ചയ്ക്കും, വ്യവസായവത്കരണത്തിനും പുരോഗതിക്കും തേജസ്വി യാദവിന് വോട്ട് ചെയ്യണമെന്നാണ് ട്വിറ്ററില്‍ നിന്നുയരുന്നു ആവശ്യം.
നാല്‍പത് വര്‍ഷത്തിന് ശേഷം രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് നേതൃത്വം നല്‍കിയത് തേജസ്വി യാദവാണ്. കോണ്‍ഗ്രസും, ആര്‍.ജെ.ഡിയും ഇടതു പാര്‍ട്ടികളും ഒരുമിച്ചാണ് എന്‍.ഡി.എക്കെതിരെ ബീഹാറില്‍ പോരാട്ടത്തിനിറങ്ങിയത്.
അവസാനഘട്ടത്തില്‍ എന്‍.ഡി.എയില്‍ നിന്നും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പുറത്ത് പോയത് ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചിരുന്നു.
16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 7.35 ശതമാനം വോട്ടിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബീഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എച്ച്. ശ്രീനിവാസ് പറഞ്ഞു.
കൊവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബീഹാറിലേത്. മൊത്തം 1,066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്, 31,371 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
2,14,84,787 വോട്ടര്‍മാര്‍ ആണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1,13,51,754 പേര്‍ പുരുഷന്മാരും 1,01,32,434 പേര്‍ സ്ത്രീകളും 599 പേര്‍ ട്രാന്‍സ്ജെന്റേഴ്സുമാണ്.
ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ചെറിയ നിയോജകമണ്ഡലം ഷെയ്ഖ്പുര ജില്ലയിലെ ബാര്‍ബിഗയാണ്. ഏറ്റവും വലുത് നവഡ ജില്ലയിലെ ഹിസുവയുമാണ്.
തൊഴിലില്ലായ്മ, കുടിയേറ്റം, അഴിമതി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം മത്സരരംഗത്തുള്ളത്. നിതീഷ് കുമാറിനെതിരായ ഭരണ വിരുദ്ധ മനോഭാവം സംസ്ഥാനത്തുടനീളം ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
രാവിലെ ഒന്‍പത് വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ് 2.5% ആയിരുന്നു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പോളിങ് ബൂത്തിലെത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നീതി, തൊഴില്‍, മാറ്റം എന്നിവ മുന്‍നിര്‍ത്തിയാരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്നും മഹാഗദ്ബന്ധന്‍ സഖ്യത്തെ അധികാരത്തിലെത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.
മെച്ചപ്പെട്ട ഭാവി, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ വികസനം എന്നിവ മുന്‍നിര്‍ത്തി വോട്ടുചെയ്യണമെന്നായിരുന്നു ആര്‍.ജെ.ഡി നേതാവും മഹാഗദ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.