പാട്ന: ബീഹാറിൽ ഹിന്ദുത്വവാദികൾ മസ്ജിദിന് മുകളിൽ ഇസ്രഈൽ കൊടിയും കാവി കൊടിയും ഉയർത്തിയതായി പരാതി. സംഭവത്തെ തുടർന്ന് പ്രദേശത്തു സംഘർഷാവസ്ഥ ഉയർന്നു. ബീഹാറിലെ ഭഗൽപൂരിൽ ആണ് സംഭവം.
ഇസ്രാഈൽ പതാക വീശിയെത്തിയ ഹിന്ദുത്വ വാദികൾ സമീപത്തെ പള്ളിയിൽ കയറി കാവി പതാക ഉയർത്തുകയായിരുന്നു. കാളി പൂജയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലാൽമതിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള തംതം ചൗക്കിന് സമീപമാണ് സംഭവം.
തീവ്ര ഹിന്ദുത്വ വാദികൾ മസ്ജിദ് താഴികക്കുടങ്ങളിലേക്ക് കയറുന്നതും ഒരു വലിയ കാവി പതാക അവിടെ സ്ഥാപിക്കുന്നതും കാണിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഒരാൾ താഴികക്കുടത്തിലേക്ക് കയറി കാവി കൊടി മാറ്റുമ്പോൾ ഇസ്രഈലി പതാക വീശുന്ന സംഘം ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യത്തിൽ കാണാം.
അവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ തീവ്ര ഹിന്ദുത്വ വാദികൾ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന ഗാനങ്ങൾക്കൊപ്പം പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തു. ഇത് സംഘർഷങ്ങൾക്ക് ആക്കം കൂട്ടി.
സാമുദായിക സൗഹാർദത്തെക്കുറിച്ചും മതപരമായ പരിപാടികളിൽ ഉണ്ടാകുന്ന ഇത്തരം പ്രകോപനപരമായ നടപടിയെക്കുറിച്ചും സാമൂഹിക പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Content Highlight: Bihar: Hindutva mob hoists Israeli flag near mosque in Bhagalpur