പട്‌ന: ‘ബുള്‍ഡോസര്‍രാജിനെ’ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പട്‌ന ഹൈക്കോടതി. അനധികൃത നിര്‍മാണം ആരോപിച്ച് സംസ്ഥാന പൊലീസ് വീട് പൊളിച്ചു നീക്കിയതിനെതിരെ ബീഹാര്‍ സ്വദേശിയായ യുവതിയും കുടുംബവും നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ബുള്‍ഡോസര്‍ രാജിനെതിരെ കോടതി ശബ്ദമുയര്‍ത്തിയത്.
‘ഇവിടെയും ബുള്‍ഡോസര്‍ ഓടിക്കാന്‍ തുടങ്ങിയോ? നിങ്ങള്‍ ആരെ പ്രതിനിധീകരിച്ചാണ് ജോലി ചെയ്യുന്നത്? സര്‍ക്കാരിനെയോ അതോ ഏതെങ്കിലും സ്വകാര്യവ്യക്തികളെയോ? ആരുടെ വീടും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കാമെന്ന് കരുതിയിരിക്കുകയാണോ? നാട്ടുകാര്‍ക്ക് കാണാനുള്ള വല്ല നാടകവുമാണോ നിങ്ങള്‍ ഈ ബുള്‍ഡോസര്‍ വെച്ച് കളിക്കുന്നത്?’ ജസ്റ്റിസ് സന്ദീപ് കുമാര്‍ ബീഹാര്‍ പൊലീസിനോട് ചോദിച്ചു.
നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പൊലീസ് പൊളിച്ചുനീക്കല്‍ നടത്തിയതെന്ന് നിരീക്ഷിച്ച കോടതി, ഇത് തെളിയക്കപ്പെട്ടാല്‍ കുറ്റക്കാരായ എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം പിഴയീടാക്കുമെന്നും ആ തുക നഷ്ടപരിഹാരമായി യുവതിക്ക് നല്‍കുമെന്നും പറഞ്ഞു.
കേസിന്റെ അടുത്ത വാദത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ഭൂമാഫിയയുമായി ചേര്‍ന്നാണ് ചില പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണിതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വീട് നില്‍ക്കുന്ന സ്ഥലത്ത് നിന്നും സ്ത്രീയും കുടുംബവും ഒഴിഞ്ഞുപോകുന്നതിന് വേണ്ടി ഇവര്‍ക്കെതിരെ ഭൂമാഫിയ കള്ളക്കേസ് നല്‍കിയിരിക്കുന്ന വിവരവും ഹരജിക്കാരിയുടെ വക്കീല്‍ കോടതിയെ അറിയിച്ചിരുന്നു. ‘ഞാന്‍ നിങ്ങളെ സംരക്ഷിക്കാനാണ് ഇവിടെ ഇരിക്കുന്നത്. ബുദ്ധിമുട്ടിക്കാനല്ല,’ എന്നായിരുന്നു ഇതിനോടുള്ള ജസ്റ്റിസ് സന്ദീപ് കുമാറിന്റെ മറുപടി. ഈ കേസിലെ എഫ്.ഐ.ആര്‍ തടഞ്ഞുവെച്ച കോടതി യുവതിക്കും കുടുംബത്തിനും അറസ്റ്റില്‍ നിന്ന് സംരക്ഷണവും നല്‍കിയിട്ടുണ്ട്.
നവംബര്‍ 24നാണ് കേസിന്റെ വാദം കോടതിയില്‍ നടന്നത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ജസ്റ്റിന്റെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.
ഇത്തരം ജസ്റ്റിസുമാര്‍ ഉണ്ടെങ്കില്‍ ബി.ജെ.പിയുടെ ബുള്‍ഡോസര്‍ രാജിന് എന്നെങ്കിലും അറുതി വരുമെന്ന് പ്രതീക്ഷിക്കാമെന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ‘അനധികൃത കെട്ടിടങ്ങള്‍’ ബുള്‍ഡോസര്‍ ചെയ്യുന്ന നടപടിക്ക് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരാണ് തുടക്കം കുറിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെയും ബി.ജെ.പി സര്‍ക്കാരിനെതിരെ സമരം നടത്തിയവരുടെയും മുസ്‌ലിങ്ങളുടെയും കെട്ടിടങ്ങളായിരുന്നു യോഗി സര്‍ക്കാര്‍ പ്രധാനമായും ബുള്‍ഡോസ് ചെയ്ത് നീക്കിയത്.
ബുള്‍ഡോസര്‍ രാജ എന്ന പേര് വരെ ഇതിന് പിന്നാലെ യോഗി ആദിത്യനാഥിന് വീണിരുന്നു. താമരക്കൊപ്പം ബുള്‍ഡോസറിന്റെ ചിത്രം കൂടി വെച്ചുകൊണ്ടായിരുന്നു ബി.ജെ.പി ഇക്കഴിഞ്ഞ ഇലക്ഷനില്‍ ഉത്തര്‍പ്രദേശില്‍ പ്രചാരണം നടത്തിയത്.
ഇതിന് പിന്നാലെ, വിവിധ സംസ്ഥാനങ്ങളില്‍ ഭൂമി കയ്യേറ്റത്തിനെതിരെ എന്ന് അവകാശപ്പെട്ടുകൊണ്ട് സമാനമായ രീതിയില്‍ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചു. ബീഹാറിലും മധ്യപ്രദേശിലുമായിരുന്നു പ്രധാനമായും ഇത്തരത്തിലുള്ള നടപടികളുണ്ടായത്.
ദല്‍ഹിയിലെ ബി.ജെ.പി ഭരിക്കുന്ന മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന ജഹാംഗീര്‍പുരിയില്‍ മുസ്‌ലിങ്ങളുടെ ഉടമസ്ഥതിയിലുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരുന്നത്.
Content Highlight: Bihar High Court Judge against Bulldozerraj of state police